2023 ചരിത്രത്തിലെ ചൂടേറിയ വര്‍ഷം
2023 ചരിത്രത്തിലെ ചൂടേറിയ വര്‍ഷം
പാരിസ്: 2023 ചരിത്രത്തിലെ ചൂടേറിയ വര്‍ഷമാകുമെന്ന് യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സി. ഉത്തരാര്‍ധ ഗോളത്തിലെ വേനലില്‍ ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷമാണിതെന്നും യൂറോപ്യന്‍ യൂനിയന്‍ കോപര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വിസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. നേരത്തെ 2019ആയിരുന്നു ചൂടേറിയ വര്‍ഷമായി പരിഗണിച്ചിരുന്നത്. അന്ന് ശരാശരി താപനില 16.48 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2023ല്‍ ആഗോള ശരാശരി താപനില 16.77ഡിഗ്രി സെല്‍ഷ്യസിലെത്തി.
ഉഷ്ണതരംഗവും വരള്‍ച്ചയും കാട്ടുതീയും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇവിടങ്ങളിലെ ആവാസവ്യവസ്ഥയെയും സാമ്പത്തിക രംഗത്തെയും മനുഷ്യരുടെ ആരോഗ്യത്തെയും ബാധിച്ചു. കഴിഞ്ഞ മാസം ഏറ്റവും ചൂടേറിയ ഓഗസ്റ്റാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2023 ജൂലൈയിലും ചൂട് ക്രമാതീതമായി വര്‍ധിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാലാവസ്ഥ തകിടംമറിയല്‍ വര്‍ധിച്ചെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലെ ശരാശരി താപനിലയിലെ വര്‍ധനവ് വേനല്‍ക്കാലം കടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കടലിലെ ഉഷ്ണതരംഗം വടക്കേ അമേരിക്ക, മധ്യധരണ്യാഴി എന്നിവയെയും ബാധിക്കുന്നു.
2023ലും 2024 ലും എല്‍നിനോ രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. 2015ലെ പാരിസ് ഉച്ചകോടിയില്‍ ആഗോള താപനം രണ്ട് ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."