സംസ്ഥാന ചരക്കുസേവന നികുതി വകുപ്പില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും മരവിപ്പിച്ചു
ഫൈസല്‍ കോങ്ങാട്
പാലക്കാട്: സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും മരവിപ്പിച്ച് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. സ്ഥാനക്കയറ്റം മരവിപ്പിച്ചതിനാല്‍ നാല് ജോയിന്റ് കമ്മിഷണര്‍, ഇരുപതിലധികം ഡെപ്യൂട്ടി കമ്മിഷണര്‍, 50ഓളം സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയും വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുകയുമാണ്.
പൊതു സ്ഥലംമാറ്റവും ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം, എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലും കാസര്‍ക്കോട്, ഇടുക്കി ജില്ലാ ജോയിന്റ് കമ്മിഷണര്‍ തസ്തികയിലും ആളില്ല.
സ്ഥാനക്കയറ്റം, വിരമിക്കല്‍, ധനവകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഡെപ്യൂട്ടേഷന്‍ എന്നിവ മൂലമാണ് ഒഴിവുകള്‍ ഉണ്ടായത്. ഈ തസ്തികകളില്‍ നിലവിലുള്ളവര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതിനുപുറമെയാണ് ഏതാണ്ട് എല്ലാ ജില്ലകളിലുമായി 20ലധികം ഡെപ്യൂട്ടി കമ്മിഷണര്‍ തസ്തികയിലും ആളില്ലാത്തത്.
ജില്ലാതലത്തില്‍ അധികാരമുള്ളതാണ് ഈ തസ്തിക. 50നടുത്ത് സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് നികുതി വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.
വകുപ്പിന്റെ റീസ്ട്രക്ചറിങ് നടക്കുന്നതിനാലാണ് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും വൈകുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതിന് കാത്തുനില്‍ക്കാതെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നടത്തണമെന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കാത്തത് കമ്മിഷണറേറ്റിലെ ചിലരുടെ മുട്ടാപ്പോക്ക് നയമാണെന്ന ആരോപണം ജീവനക്കാരില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."