ഹർത്താലിലെ നഷ്ടം 5.06 കോടി ഈടാക്കി തരണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍
കൊച്ചി • പ്രതിഷേധ ദിനങ്ങളില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചവരില്‍ നിന്നും കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം ഈടാക്കി തരണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു.
പോപുലര്‍ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുണ്ടായ ഹര്‍ത്താലാണ് ഏറ്റവുമൊടുവില്‍ നഷ്ടം വരുത്തിയിരിക്കുന്നതെന്നും ഇതില്‍ അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടം സംഭവിച്ചെന്നും കെ.എസ്.ആര്‍.ടി.സി ഹരജിക്കൊപ്പം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഒരു ദിവസത്തെ സര്‍വിസുകള്‍ മുടക്കിയാല്‍ നാല് കോടിയുടെ നഷ്ടമാണുണ്ടാവുക. അക്രമത്തിൽ നിരവധി ബസുകളും തകർന്നു. ഇതിനാല്‍ ഹര്‍ത്താല്‍ മൂലം നഷ്ടം സംഭവിച്ച 5.06 കോടി ഇതിന് ആഹ്വാനം ചെയ്തവരില്‍ നിന്നും ലഭിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് അര്‍ഹതയുണ്ട്.
2018ല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്-ബി.ജെ.പി ഹര്‍ത്താലില്‍ 100 ലധികം ബസുകള്‍ തകര്‍ത്തു. അന്ന് 3.35 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 2000ത്തില്‍ ബി.ജെ.പി സമരത്തില്‍ ഡ്രൈവര്‍ രാജേഷ് മരണപ്പെടുകയും 17 ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അന്ന് 117 ബസുകളാണ് തകര്‍ത്തത്. 2013ലും 2018ലും രണ്ട് ഹര്‍ത്താലുകളിൽ വലിയ നഷ്ടം കെ.എസ്.ആര്‍ ടി.സിക്കുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു.
പ്രതിഷേധദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആക്രമിക്കപ്പെടുന്നത് നിത്യ സംഭവമായിരുന്നു. എന്നാല്‍ 1984ലെ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ പ്രകാരം കേസെടുത്തു തുടങ്ങിയതോടെ പ്രവണതയില്‍ മാറ്റം കണ്ടു.
എല്ലാ ഹര്‍ത്താലുകളിലും സർവിസുകൾ നടത്തിയിരുന്നതായും കെ.എസ്.ആര്‍.ടി.സി നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."