ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന 80:20 അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയില്‍, നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. സ്‌കോളര്‍ഷിപ്പില്‍ ആര്‍ക്കും നഷ്ടമില്ലാത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞതിനു പിന്നാലെ നിലപാട് തള്ളി ലീഗ് രംഗത്തുവന്നു. ഇതോടെ വീണ്ടും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. യു.ഡി.എഫ് ഫോര്‍മുല സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചില്ല. ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പൂര്‍ണമായും എതിര്‍ക്കുന്നില്ലെന്നായിരുന്നു സതീശന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് പിന്നീട് തിരുത്തുകയും ചെയ്തു.
ലീഗ് പറഞ്ഞ കാര്യം സര്‍ക്കാര്‍ പരിഗണിക്കണം.മുസ്ലിംകള്‍ക്കായി മാത്രമുള്ള പദ്ധതി നഷ്ടമായി. അതാണ് ലീഗിന്റെ പരാതിയെന്നും സതീശന്‍ പറഞ്ഞു.
മുസ്ലിം ലീഗ് പറഞ്ഞത് താനും അംഗീകരിക്കുന്നു. മുസ്ലിം സമുദായത്തിന് മാത്രമായുള്ള പദ്ധതി നഷ്ടമായി എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. അതാണ് മുസ്ലിം ലീഗും പറഞ്ഞത്. ലീഗിന്റെ നിലപാട് യു.ഡി.എഫും ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. പാലോളി,സച്ചാര്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലാതായി എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സതീശന്‍ പറഞ്ഞു.
വി.ഡി സതീശന്റെ വാക്കുകള്‍
ജൂലൈ 16
പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം.സ്‌കോളര്‍ഷിപ്പ് രണ്ട് പദ്ധതികളായി നടപ്പാക്കണമെന്നതായിരുന്നു തങ്ങളുടെ നിര്‍ദേശം.
അക്ഷരാര്‍ഥത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിര്‍ദേശം പുറത്തുവന്നതോടെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായിവന്ന ആനുകൂല്യങ്ങളോ അല്ലെങ്കില്‍ അതിന്റെ പിറകെ കേരളത്തിന്റെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാലോളി കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇല്ലാതായി. ഇതിലും മികച്ച ഫോര്‍മുലയായിരുന്നു യു.ഡി.എഫ് മുന്നോട്ടുവച്ചത്.
ജൂലൈ 17 11.20 am
കോട്ടയം
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്‌ലിം വിഭാഗത്തിന് നഷ്ടമുണ്ടായി എന്ന തരത്തില്‍ താന്‍ പറഞ്ഞതായി വാര്‍ത്തയുണ്ട്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. നഷ്ടമുണ്ടായിട്ടില്ല. നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു വിഭാഗത്തിനും നഷ്ടമുണ്ടായില്ല. മുസ്‌ലിം, പരിവര്‍ത്തിക ക്രിസ്ത്യന്‍,ലത്തീന്‍ ക്രിസ്ത്യന്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. അവരുടെ നിലവിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിലനിര്‍ത്തുമെന്നാണ് മന്ത്രിസഭ തീരുമാനം എന്നാണ് മനസിലാക്കുന്നത്. നഷ്ടമുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല.
ജൂലൈ 17 12.34 am
ഭാഗികമായി ഞങ്ങള്‍ മുന്നോട്ടുവെച്ച ഫോര്‍മുലയെ അംഗീകരിച്ചിട്ടുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാണ് പറഞ്ഞത്. ലീഗ് പറഞ്ഞ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കണം. എസ്‌ക്യൂസീവായിട്ട് ഉണ്ടായിരുന്ന ഒരു സ്‌കീം ഇല്ലാതായിപ്പോയി. അതിനെപ്പറ്റിയാണ് ലീഗ് പരാതി പറഞ്ഞത്. അതല്ലേ നഷ്ടം. സ്‌കോളര്‍ഷിപ്പിന്റെ നമ്പര്‍ അതുപോലെ നിലനിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതാണ് പറഞ്ഞത് ഞങ്ങളുടെ ഫോര്‍മുല സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചുവെന്ന് പറഞ്ഞത്. അതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."