കേരളത്തിൽ രക്ഷയില്ലാതെ നാണംകെട്ട് ബി.ജെ.പി; ഇത്തവണയും കെട്ടിവെച്ച പണം പോലും തിരിച്ചുപിടിക്കാനായില്ല, വോട്ട് ശതമാനം കൂപ്പുകുത്തി
കേരളത്തിൽ രക്ഷയില്ലാതെ നാണംകെട്ട് ബി.ജെ.പി; ഇത്തവണയും കെട്ടിവെച്ച പണം പോലും തിരിച്ചുപിടിക്കാനായില്ല, വോട്ട് ശതമാനം കൂപ്പുകുത്തി
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളി മണ്ഡലത്തിൽ റെക്കോർഡ് വിജയം നേടി യു.ഡി.എഫ് വിജയിച്ചപ്പോൾ ബി.ജെ.പിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല. കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയം നേടിയിടത്താണ് സി.പി.എമ്മിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയുണ്ടായത്. ഇരു പാർട്ടികൾക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞപ്പോൾ കെട്ടിവെച്ച പണം പോലും നഷ്ടമായത് ബി.ജെ.പിക്കാണ്. 5.02 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് പുതുപ്പള്ളിയിൽ നേടാനായത്.
പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥി കെട്ടിവെച്ച പണം തിരികെ കിട്ടൂ. എന്നാൽ ബിജെപിക്ക് നേടാനായതാവട്ടെ 5.02 ശതമാനം വോട്ട് മാത്രം. കെട്ടിവെച്ച പണം ലഭിക്കില്ലെന്ന നാണക്കേട് മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞെന്ന നാണക്കേടും ബിജെപിക്ക് സ്വന്തം. ഇത്തവണ ആകെ 6558 വോട്ടു മാത്രമാണ് ബിജെപിക്ക് നേടാനായത്. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി.
അതേസമയം, ഇതാദ്യമായല്ല പുതുപ്പള്ളിയിൽ ബി.ജെ.പിക്ക് കെട്ടിവെച്ച പണം നഷ്ടമാകുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ബി.ജി.പിക്ക് കെട്ടിവെച്ച പണം തിരിച്ചു ലഭിച്ചിട്ടില്ല. 1982 ലാണ് പുതുപ്പള്ളിയിൽ ബി.ജെ.പി ആദ്യമായി മത്സരിക്കുന്നത്. അന്നുമുതൽ ഇന്നുവരെ എന്നും പണവും മാനവും പോകാനായിരുന്നു ബി.ജെ.പിയുടെ വിധി.
1982 ലെ ആദ്യ തെരഞ്ഞെടുപ്പിൽ നേടിയ അഞ്ച് ശതമാനം വോട്ടെന്ന സംഖ്യതന്നെയാണ് 2023 ലും ബിജെപിക്ക് സ്വന്തമായി ഉള്ളത്. ഇതിനിടക്ക് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് 2016ൽ ആയിരുന്നു. അന്ന് 11.93 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് നേടാനായത്. എന്നാൽ 2021ൽ വോട്ട് ശതമാനം 8.87 ആയി വീണ്ടും കുറഞ്ഞു. 2023 ൽ ഇത് ഇപ്പോൾ 5.02 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."