മേല്‍ക്കൂരക്കുമുകളിലെ കുട്ടി
പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്
സങ്കട ഭാരവുമായി ഒരു സ്ത്രീ ഹസ്രത്ത് അലിയുടെ വീട്ടിലേക്ക് ഓടിക്കിതച്ച് എത്തി. 'അല്ലയോ, ഖലീഫാ എനിക്ക് അങ്ങയുടെ സഹായം വേണം' സ്ത്രീ നിന്നു കിതച്ചു.
ഹസ്രത്ത് അലി ആ അഭ്യര്‍ഥന കേട്ട് പുറത്തേക്ക് ഇറങ്ങിവന്നു. സ്ത്രീ തുടര്‍ന്നു: 'എന്റെ പറക്കുമുറ്റാത്ത ഏക മകന്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറി അവിടെ കുടുങ്ങിക്കിടപ്പാണ്. ഞാന്‍ എത്ര വിളിച്ചിട്ടും അവന്‍ ഇറങ്ങിവരുന്നില്ല. അവന്‍ കൊച്ചുകുഞ്ഞാണ്. അവിടെ നിന്ന് വീണ് വല്ലതും സംഭവിച്ചുപോവും എന്നാന്നെന്റെ പേടി. അവനെ നഷ്ടപ്പെട്ടാല്‍ എനിക്കാരുമുണ്ടാവുകയില്ല. ബുദ്ധിയുറക്കാത്ത കുട്ടിയാണ് അവന്‍. ഇറങ്ങി വന്നാല്‍ പാല് തരാം എന്ന് ഞാന്‍ പറഞ്ഞുനോക്കി. അവന്‍ മുഖം തിരിച്ചുകളഞ്ഞു...'
വാക്കുകള്‍ തടഞ്ഞ് സ്ത്രീക്ക് ശ്വാസതടസമുണ്ടായി.
ഹസ്രത്ത് അല്‍പനേരം കരയാന്‍ അനുവദിച്ചശേഷം അലിവോടെ അവളെ നോക്കി. 'എന്നെ സഹായിക്കണം. പറയൂ ഞാന്‍ എന്താണു ചെയ്യേണ്ടത്?'- സ്ത്രീ ചോദിച്ചു.
'ശാന്തയാവൂ. സാവകാശം ഞാന്‍ പറയുന്നത് കേള്‍ക്കു'. അലി അവളെ ആശ്വസിപ്പിച്ചു. ശേഷം അദ്ദേഹം തുടര്‍ന്നു. 'നീ പോയി നിന്റെ മകന്റെ അതേ പ്രായത്തിലുള്ള ഒരു കുട്ടിയെ കണ്ടുപിടിക്കുക. ആ കുട്ടിയെ പുരപ്പുറത്ത് കയറ്റുക. ഞാന്‍ ഉറപ്പു തരുന്നു. അവനെ കാണുമ്പോള്‍ നിന്റെ മകന്‍ ഇറങ്ങി വരും. നാം എപ്പോഴും ആകര്‍ഷിക്കപ്പെടുന്നത് നമ്മുടെ സമപ്രായക്കാരിലേക്കാണ്'.
സമയം പഴാക്കാതെ സ്ത്രീ അവിടെ നിന്നു പോയി. അടുത്ത വീട്ടില്‍ അവളുടെ മകന്റെ പ്രായമുള്ള ഒരാണ്‍കുട്ടിയുണ്ടായിരുന്നു. അവനെ അവന്റെ വീട്ടുകാരുടെ സമ്മതത്തോടെ അവള്‍ പുരപ്പുറത്ത് കയറ്റി. അവന്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ സ്ത്രീയുടെ മകന്‍ തിരിഞ്ഞുനോക്കി. ആഹ്ലാദത്തിന്റെ സ്വരങ്ങള്‍ പുറപെടുവിച്ചുകൊണ്ട് അവന്‍ ഇറങ്ങിവന്നു. രണ്ടുപേരെയും സ്ത്രീ സുരക്ഷിതമായി താഴെ ഇറക്കി. മകന് അവള്‍ കണ്ണീരില്‍ കുതിര്‍ന്ന മുത്തംനല്‍കി. രണ്ടു പേരെയും ചേര്‍ത്തുപിടിച്ചു വീണ്ടും മുത്തം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."