റബർ പ്രൊഡക്ഷൻ ഇൻസെൻ്റീവ് സ്കീം പദ്ധതി പുനരാരംഭിച്ചിട്ടും ആശങ്കയിൽ കർഷകർ റബർ ബോർഡിൻ്റെ വില നിർണയം അശാസ്ത്രീയമെന്നും ആരോപണം
ടി.എസ് നന്ദു
കോട്ടയം •റബർ വിലസ്ഥിരതാ പദ്ധതിയായ റബർ പ്രൊഡക്ഷൻ ഇൻസെൻ്റീവ് സ്കീം ഒരു ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചെങ്കിലും കർഷകർ ആശങ്കയിൽ. സംസ്ഥാനത്തെ റബർ കർഷകർക്ക് ന്യായവില ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ 2015 ലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിപ്രകാരം റബറിന് കിലോയ്ക്ക് 170 രൂപ ലഭിക്കും. വിപണിവിലയിൽ നിന്നുള്ള വ്യത്യാസം കർഷകർക്ക് നേരിട്ട് നൽകുകയും ചെയ്യും.
എന്നാൽ റബറിന്റെ അടിസ്ഥാനവില കിലോയ്ക്ക് 200 രൂപ എങ്കിലും ആക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഒരു കിലോ റബർ ഷീറ്റിന്റെ ഉൽപാദനചെലവ് 220 രൂപയാണെന്ന് റബർ ബോർഡുതന്നെ പറയുമ്പോൾ 170 രൂപ എന്നത് തുച്ഛമാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത കർഷകർ, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞതിനാൽ വില സ്ഥിരതാഫണ്ട് വർധിപ്പിക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.
അതിനിടെ റബർ ബോർഡിൻ്റെ അശാസ്ത്രീയ വിലനിർണയത്തെ തുടർന്ന് വിപണിവില ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇന്നലെ ഒരു കിലോ റബർ ഷീറ്റിന് ബോർഡ് നിശ്ചയിച്ചിരിക്കുന്ന വില 148 രൂപയാണ്. വിപണിയിൽ 150 രൂപയ്ക്ക് വരെ ഷീറ്റ് സംഭരിക്കാൻ ആവശ്യക്കാരുള്ളപ്പോഴാണിത്. വൻകിട കച്ചവടക്കാരും ട്രേഡർമാരുമായും ചേർന്ന് റബറിൻ്റെ വിലയിടിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നാണ് കർഷകരുടെ ആരോപണം.
വിപണിയിലേക്ക് ഷീറ്റ് എത്തുന്നില്ല. വൻകിട ടയർ കമ്പനികൾക്കുവേണ്ടി ഇവർ ഷീറ്റ് സംഭരിച്ചുവച്ചിരിക്കുകയാണ്. വിലസ്ഥിരതാ പദ്ധതി പ്രാബല്യത്തിലായതോടെ വിപണിയിലേക്ക് വൻതോതിൽ ഷീറ്റ് എത്തേണ്ട സമയമാണിത്. എന്നാൽ ഒത്തുകളി ഇത് അട്ടിമറിക്കുന്നുവെന്നും കർഷകർ പറയുന്നു. വില നിർണയിക്കുന്നതിലെ ഒത്തുകളി അവസാനിപ്പിച്ചില്ലെങ്കിൽ റബർ ബോർഡ് ഓഫിസിനു മുമ്പിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."