ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ പങ്കില്ല; വാര്‍ത്ത നിഷേധിച്ച് താലിബാന്‍
കാബൂള്‍: റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ലെന്ന് താലിബാന്‍. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി വെടിയേറ്റ് മരിച്ചത്. എന്നാല്‍ ഡാനിഷ് സിദ്ദിഖി എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നാണ് താലിബാന്‍ വക്താവ് സാബിനുള്ളയുടെ വിശദീകരണം.
യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം അറിയിക്കാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ നല്‍കാറുമുണ്ടെന്നും വക്താവ് പറഞ്ഞു. ദാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു
ദാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താലിബാന്റെ പ്രതികരണം. താലിബാന്‍ പ്രസ്താവനയില്‍ അഫ്ഗാന്‍ സേന പ്രതികരിച്ചിട്ടില്ല.
അതേസമയം ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവെപ്പിലാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ സിദ്ദീഖി കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ചയാണു കാണ്ടഹാര്‍ താവളത്തില്‍നിന്നുള്ള അഫ്ഗാന്‍ സേനയ്ക്കൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി സിദ്ദീഖി യുദ്ധമുഖത്തേക്കു പോയത്. താലിബാന്‍ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാന്‍ അഫ്ഗാന്‍ സേന മുന്നേറുമ്പോള്‍ രാവിലെ സിദ്ദീഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് വൈദ്യസഹായം നല്‍കി. അതിനുശേഷം മാര്‍ക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണു താലിബാന്‍ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."