സ്‌പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് 22,000 രൂപ വെട്ടിക്കുറച്ചു
നീലേശ്വരം: സംസ്ഥാനത്തെ 2,514 സ്‌പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് 22,000 രൂപ വെട്ടിക്കുറച്ചു. 29,000 രൂപയുണ്ടായിരുന്ന ശമ്പളം മൂന്നുതവണ വെട്ടിക്കുറച്ച് 7,000 രൂപ മാത്രമാണ് ഇവര്‍ക്കിപ്പോള്‍ നല്‍കുന്നത്. ഇതുതന്നെ കഴിഞ്ഞ മൂന്നു മാസമായി കിട്ടുന്നുമില്ല.
2016ല്‍ സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ പാര്‍ട്‌ടൈമായിട്ടാണ് ഇവര്‍ ജോലിക്കു കയറിയത്. 2017 വരെ ആനുകൂല്യങ്ങളുള്‍പ്പെടെ 29,000 രൂപ ശമ്പളം ലഭിച്ചിരുന്നു. 2018ല്‍ അത് 18,000 രൂപയായി കുറച്ചു. 2021 ഏപ്രിലില്‍ വീണ്ടും കുറച്ചാണ് ഏഴായിരമാക്കിയത്. ഇത് ഇനിയും കുറയ്ക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകര്‍.
സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളത്തില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ പാര്‍ട്‌ടൈം ജോലിക്കു കയറിയ ഇവര്‍ മറ്റുള്ള അധ്യാപകരെപ്പോലെ ഫുള്‍ടൈം ജോലിയാണ് ചെയ്യുന്നത്. അഞ്ചോളം സ്‌കൂളുകളുടെ ചുമതലയുള്ളതിനാല്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കു ജോലിഭാരവും കൂടുതലാണ്. പല സ്‌കൂളുകളും തമ്മില്‍ വളരെ ദൂരമുള്ളതിനാല്‍ എത്തിപ്പെടാന്‍ പ്രയാസമുണ്ട്. യാത്രക്കൂലി ഇനത്തില്‍ വന്‍തുക ചെലവഴിക്കേണ്ടിയും വരുന്നു.
കലാ, കായിക, ക്രാഫ്റ്റ് വിഷയങ്ങള്‍ പഠിപ്പിക്കാനാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ചത്. നേരത്തെ മറ്റ് അധ്യാപകര്‍ തന്നെയാണ് സ്‌കൂളുകളില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ വിഷയങ്ങളില്‍ അവര്‍ക്കു വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനെ തുടര്‍ന്നാണ് സമഗ്ര ശിക്ഷ കേരള പദ്ധതിയില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ചത്.
തുടക്കത്തില്‍ മോശമല്ലാത്ത ശമ്പളമുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് സംതൃപ്തിയുമുണ്ടായിരുന്നു. പിന്നീടാണ് ചിത്രം മാറിയത്. ഇപ്പോള്‍ കിട്ടുന്ന ശമ്പളം യാത്രക്കൂലിക്കു പോലും തികയാത്ത സ്ഥിതിയാണ്. ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് 500ഓളം അധ്യാപകര്‍ ജോലി ഉപേക്ഷിച്ചു.
സമഗ്ര ശിക്ഷ കേരളയിലൂടെ സര്‍ക്കാര്‍ ജോലിയെന്നതിനാല്‍ സ്വകാര്യ മേഖലയില്‍ നല്ല ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് പലരും സ്‌പെഷ്യലിസ്റ്റ് അധ്യാപകരായത്.
ഇവരുടെയെല്ലാം പ്രതീക്ഷയും ജീവിതവുമാണ് ഇപ്പോള്‍ താളംതെറ്റിയിരിക്കുന്നത്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ഈ അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."