ഗജകേസരിയോഗം
'അയാള്‍ക്ക് സിനിമയെ പറ്റിയോ രാഷ്ട്രീയത്തെ പറ്റിയോ അറിവുണ്ടാകാം. അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും നേതാവായതാണ്. അടിത്തട്ടില്‍നിന്നു കിളച്ചും ചുമന്നും വന്നതല്ല.' ഇത് കീഴൂട്ട് ബാലകൃഷ്ണപ്പിള്ള മകന്‍ ഗണേഷ് കുമാറിനെ പറ്റി ആരെങ്കിലും പറഞ്ഞതല്ല. എം.കെ സ്റ്റാലിന്‍ മകന്‍ ഉദയനിധിയെ പറ്റി ഗണേഷ്‌കുമാര്‍ പറഞ്ഞതാണ്. സനാതന വ്യവസ്ഥക്ക് നേരെ ഉദയനിധി ഉയര്‍ത്തിയ വിമര്‍ശനമായിരുന്നു വിഷയം.
ഇതു കേള്‍ക്കുന്നവര്‍ ബാലകൃഷ്ണപ്പിള്ള മകനെ കുറിച്ച് പറഞ്ഞത് ഓര്‍ത്താല്‍ തെറ്റില്ല. അഴിമതിക്കേസില്‍ ജയിലിലായതിനാല്‍ മത്സരിക്കാന്‍ കഴിയാതെ പോവുകയും മകന്‍ പത്തനാപുരത്തുനിന്ന് ജയിച്ച് മന്ത്രിയാവുകയും ചെയ്ത കാലം. അച്ഛന്റെ അഥവാ പാര്‍ട്ടിയുടെ ഇടപെടല്‍ ഗണേഷ് അംഗീകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോഴായിരുന്നു മകനെ സിസേറിയന്‍ ബേബിയെന്ന് പിള്ള വിശേഷിപ്പിച്ചത്. നിയമവിരുദ്ധമായത് അച്ഛനല്ല ആര് പറഞ്ഞാലും ചെയ്യില്ലെന്നായിരുന്നു മകന്റെ മറുപടി.
2001 പത്തനാപുരത്തുനിന്ന് കന്നി തെരഞ്ഞെടുപ്പില്‍ തന്നെ ജയിച്ച് എ.കെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായ ഗണേഷ്, സാമാന്യം തരക്കേടില്ലാത്ത പ്രശസ്തിയുണ്ടാക്കി. നായന്മാരും മുന്നോക്ക ക്രിസ്ത്യാനികളും ചേര്‍ന്ന് കേരള കോണ്‍ഗ്രസുണ്ടാക്കി. അതിന്റെ ഓരോ കഷ്ണങ്ങള്‍ കക്ഷത്തുവച്ച നേതാക്കളെല്ലാം പാര്‍ട്ടിയെ പിളര്‍ത്തിയും യോജിപ്പിച്ചും മുന്നണികള്‍ മാറിയും അധികാരത്തിന്റെ ശീതളഛായയില്‍ അഭിരമിച്ചു. നായന്മാരുടെ സ്വന്തം എന്‍.എസ്.എസിനെ തുരുപ്പുചീട്ടാക്കിയാണ് ബാലകൃഷ്ണപ്പിള്ള അങ്കത്തട്ടില്‍ നിന്നത്.
സിനിമാ നടന്‍കൂടിയായ ഗണേഷന്റെ തട്ടകവും മറ്റൊന്നല്ല. എന്‍.എസ്.എസ് ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമായ ഗണേഷ്, സ്പീക്കര്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ സ്വന്തം മുന്നണിയെ തള്ളി എന്‍.എസ്.എസിനൊപ്പമാണ് നിന്നത്. ഏറ്റവും ഒടുവില്‍ ഉദയനിധി സ്റ്റാലിന്റെ സനാതനത്തിലും സി.പി.എമ്മിന്റെ നിലപാടല്ല, ഗണേഷിന്റേത്. എന്‍.എസ്.എസ് ഏത് രീതിയിലെല്ലാം സി.പി.എമ്മിനെ വെല്ലുവിളിച്ചാലും അവരെ പിണക്കാതിരിക്കാന്‍ പിണറായി പാടുപെടുന്നുണ്ട്. മുന്നോക്ക സമുദായ കോര്‍പറേഷനില്‍ കേരള കോണ്‍ഗ്രസ് ബി.യുടെ പ്രതിനിധിയെ വെട്ടി സ്വന്തക്കാരനെ നിയമിച്ചത് പിണറായി അറിയാതെയാവില്ല. പക്ഷെ ഗണേഷ് അതൃപ്തി പ്രകടമാക്കിയതോടെ തിരുത്തി.
മുന്‍ നിശ്ചയപ്രകാരം വരുന്ന നവംബറില്‍ ആന്റണി രാജു ഒഴിയുന്ന ഗതാഗത മന്ത്രി സ്ഥാനത്തേക്ക് ഗണേഷന്‍ വരുമോ?
1985ല്‍ 19ാമത്തെ വയസില്‍ കെ.ജി ജോര്‍ജിന്റെ 'ഇരകള്‍' എന്ന സിനിമയില്‍ മാനോരോഗിയായ നായകനെ അവതരിപ്പിച്ച ഗണേഷ് വില്ലന്‍ വേഷങ്ങളാണേറെയും ചെയ്തത്. പിന്നെ പതുക്കെ സിനിമയില്‍ വില്ലന്‍ വേഷം വിട്ട് സഹനടനിലേക്ക് മാറിയപ്പോള്‍ രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും വില്ലനായി. സംസ്ഥാനത്തെ ഇളക്കി മറിച്ച സോളാര്‍ സരിത കേസില്‍ ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. സരിതയുടെ കത്തില്‍ അഞ്ചു പേജ് ഗണേഷന്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതാണ്.
ഇരകള്‍ക്ക് ശേഷം 1987ല്‍ മോഹന്‍ലാല്‍ നായകനായ 'ചെപ്പി'ല്‍ തരക്കേടില്ലാത്ത വേഷം കിട്ടി. നായകരില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു കൂടുതല്‍ ചിത്രങ്ങള്‍. മമ്മൂട്ടിക്ക് തന്നോട് എന്തോ അലോഹ്യം ആണെന്ന് ഗണേഷ് പറഞ്ഞതിനോട് മമ്മൂട്ടി മൗനം പാലിച്ചതേയുള്ളൂ. 2023ല്‍ ക്രിസ്റ്റഫര്‍ വരെ ഏതാണ്ടെല്ലാവര്‍ക്കുമൊപ്പം ഗണേഷന്‍ സഹനടന്റെ റോളില്‍ തകര്‍ത്തതാണെങ്കിലും രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ചതോടെ സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ഒഴിവാക്കി. താര സംഘടനയായ അമ്മയുടെ സ്ഥാപകാംഗമായ ഇദ്ദേഹം പല സ്ഥാനങ്ങളിലിരുന്നിട്ടുമുണ്ട്.
ദിലീപിന്റെയും വിജയ് ബാബുവിന്റെയും പ്രശ്‌നങ്ങള്‍ അമ്മയില്‍ ഉയര്‍ന്നു വന്നപ്പോള്‍ ഇടവേള ബാബുവടക്കമുള്ളവരോട് ഇടയാനും ഗണേഷ് മടിച്ചിട്ടില്ല. നടി ശ്രീവിദ്യയുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ നിയുക്തനായ ഗണേഷനെതിരേ ലോകായുക്തയില്‍ കേസുണ്ട്.
എന്തിനാണ് ഗണേഷന്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. കേരളം നിക്ഷേപക സൗഹൃദത്തില്‍ നമ്പര്‍ വണ്‍ എന്ന് സര്‍ക്കാര്‍ കൊട്ടി ഘോഷിക്കുമ്പോഴാണ് റിയാദില്‍ പോയി കേരളത്തില്‍ മുതലിറക്കിയാല്‍ മുടിയും എന്ന് ഗണേഷ് പ്രസംഗിക്കുന്നത്. സ്‌കൂളിനടത്തുകൂടി നടന്നുപോകുന്നവര്‍ പോലും എസ്.എസ്.എല്‍.സി പാസാകുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ ഇരുത്തി കളിയാക്കുന്നത്. ഈനാട് സിനിമയുടെ കാലത്തുനിന്ന് കേരളം ഒട്ടും മാറിയില്ലെന്നു ചൂണ്ടിക്കാട്ടുന്നത്.
റിയാസല്ല, സുധാകരനായിരുന്നു പൊതുമരാമത്തില്‍ നല്ല മന്ത്രി എന്ന് സര്‍ട്ടിഫിക്കറ്റ് എഴുതുന്നത്. താന്‍ ഏറ്റെടുക്കേണ്ട ഗതാഗത വകുപ്പിനെ തന്നെ ആക്രമിക്കുന്നത്. ഇങ്ങനെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മന്ത്രിയാക്കുമോ? മിണ്ടിയാല്‍ കിട്ടാത്ത മന്ത്രി സ്ഥാനമാണെങ്കില്‍ വേണ്ട എന്ന് മറുപടി. 2021ല്‍ ആദ്യം ഗണേഷനെ പരിഗണിക്കാതിരിക്കാന്‍ കാരണം സഹോദരി ഉഷയുടെ ഇടപെടലാണെന്ന വാദത്തെ ഗണേഷന്‍ ഗണിച്ചിട്ടില്ല. അച്ഛന്റെ വില്‍പത്രത്തില്‍നിന്ന് തന്നെ വെട്ടിമാറ്റിയ ആങ്ങളയോട് ചേച്ചി പൊറുത്തിട്ടുമില്ല.
സനാതനത്തിലാണല്ലോ തുടങ്ങിയത്. മറ്റാര് പറഞ്ഞാലും ഗണേഷന്‍ തന്നെ തന്തക്ക് വിളിക്കുന്ന പരാമര്‍ശം ഗണേഷന്റെ വകയായുണ്ട്. അത് ജാതകത്തെ കുറിച്ചാണ്. അത് അന്ധവിശ്വാസമാണെന്ന് അദ്ദേഹം പറയുന്നു, തെളിവ് സഹിതം.
16ല്‍ 18 പൊരുത്തത്തോടെയാണ് ഡോ. യാമിന്‍ തങ്കച്ചിയെ കെട്ടിയത്. ഇപ്പോള്‍ ഒന്നും നോക്കാതെ കല്യാണം കഴിച്ചു. ഒരു കുഴപ്പവുമില്ല ഗണേഷന്‍ സാക്ഷ്യം. ആന ഉടമ സംഘം സംസ്ഥാന പ്രസിഡന്റായ ഗണേഷ് ഇനി മന്ത്രിയായാലും ഇല്ലെങ്കിലും വിശ്വനാഥന്‍ എന്ന ആനയെ മന്ത്രികുമാരന്‍ എന്നു വിളിക്കുന്നുണ്ട്.
Content Highlights:Editorial About Kb Ganesh kumar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."