കുറ്റ്യാടി: സി.പി.എമ്മില്‍ കൂട്ട വെട്ടിനിരത്തല്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിനെതിരേ കുറ്റ്യാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ സി.പി.എമ്മില്‍ കൂടുതല്‍ അച്ചടക്കനടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി.
കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, ടി.കെ മോഹന്‍ദാസ് എന്നിവര്‍ക്കെതിരേയാണ് നടപടി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ചന്ദ്രി കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് മോഹന്‍ദാസ്. പരസ്യ പ്രകടനത്തിന്റെയും കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോര്‍ച്ചയുടെയും പേരിലാണ് നടപടി. പിരിച്ചുവിട്ട ലോക്കല്‍ കമ്മിറ്റിക്കു പകരം ഏരിയാ കമ്മിറ്റി അംഗം കണ്‍വീനറായി അഡേ്ഹാക് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
ജില്ലാ സെക്രട്ടറി പി. മോഹനന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് അച്ചടക്ക നടപടികള്‍ കൈക്കൊണ്ടത്. പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയെ നേരത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അദ്ദേഹവും ഇന്നലെ നടന്ന എ.സി യോഗത്തില്‍ പങ്കെടുത്തു.
സി.പി.എം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസി(എം)നു നല്കിയതിനെതിരേയായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തിയത്. കുറ്റ്യാടി നഗരത്തില്‍ രണ്ടുവട്ടം നടത്തിയ പ്രകടനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തിനൊടുവില്‍ സീറ്റ് സി.പി.എം ഏറ്റെടുക്കുകയും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ട കെ.പി കുഞ്ഞമ്മദ്കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.
എന്നാല്‍ 333 വോട്ടിനു മാത്രമാണ് അദ്ദേഹം സിറ്റിങ് എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയെ പരാജയപ്പെടുത്തിയത്.
കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയവര്‍ തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്താനും ശ്രമിച്ചതായി പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. പി.സി രവീന്ദ്രന് സെക്രട്ടറിയായ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയാണ് ഈ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍.
പ്രകടനത്തിനു നേതൃത്വം നല്‍കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തുകയും ചെയ്ത മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത നടപടികള്‍ക്കുള്ള ഒരുക്കത്തിലാണ് നേതൃത്വം.
പ്രദേശത്തെ ജനകീയ അടിത്തറയുള്ള നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അസംതൃപ്തിയുണ്ട്. സമൂഹമാധ്യമങ്ങളില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."