ഫോണ്‍ചോര്‍ത്തലില്‍ അടിയന്തര പ്രമേയ നോട്ടിസുമായി കേരളത്തിലെ എം.പിമാര്‍; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: ഫോണ്‍ചോര്‍ത്തലില്‍ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസുമായി കേരളത്തിലെ എം.പിമാര്‍. എന്‍.കെ പ്രേമചന്ദ്രന് എം.പിയാണ് ലോകസഭയില്‍ നോട്ടിസ് നല്‍കിയത്. രാജ്യസഭയില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പിയും നോട്ടിസ് നല്കി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവര്‍ത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. പി.വി. അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.
30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ സഭയില്‍ വലിയ പ്രതിഷേധമുയര്‍ന്നേക്കും. മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. എന്നാല്‍, വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കര്‍ഷക സമരം, ഇന്ധന വിലവര്‍ധന, സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ആയുധമാക്കും. ഇതിന് പുറമെ കൊവിഡ് രണ്ടാം തരംഗ പ്രതിരോധം, വാക്സിന് വിതരണം എന്നിവയും പാര്‍ലമെന്റില്‍ ഉയര്‍ന്നുവരും.
ഇന്ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ കൊതിയായെന്ന പ്രതിപക്ഷ എം.പിമാരുടെ പരിഹാസവും യോഗത്തിലുണ്ടായി.
പാര്‍ലമെന്റ് അനക്സില്‍ രാവിലെ 11 മണിക്കായിരുന്നു യോഗം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് നേതാക്കള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേട്ടത്. വിവിധ കക്ഷിനേതാക്കള്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ, യോഗം അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോഴാണ് പ്രധാനമന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ സംസാരത്തോടെ യോഗം അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."