ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറുന്നു
നെടുമ്പാശ്ശേരി : സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാകുന്നു. പ്രധാനമായും ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് ക്ലാസുകള്‍ നടന്നുവരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രവേശിക്കുന്നതിനായി ക്ലാസുകള്‍ ആരംഭിക്കുന്നതിന് അഞ്ചോ പത്തോ മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രമാണ് കുട്ടികള്‍ക്ക് മീറ്റിങ് ഐ.ഡിയും പാസ്സ്‌വേര്‍ഡും കൈമാറുന്നത്.
ഇത് കൈക്കലാക്കിയാണ് സാമൂഹ്യ വിരുദ്ധര്‍ ക്ലാസുകളില്‍ കയറുന്നത്. കുട്ടികളില്‍ നിന്നുതന്നെയാണ് രഹസ്യ ഐ.ഡികള്‍ ചോരുന്നതെന്നാണ് അന്വേഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഇത്തരത്തില്‍ പുറമെ നിന്നും ക്ലാസില്‍ കയറുന്നവര്‍ അസഭ്യം പറയുകയും, അശ്ലീല മെസേജുകള്‍ വരെ അയക്കുകയുമാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ അധ്യാപകരുമായി വാക്കേറ്റം വരെ ഉണ്ടായിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ സ്‌കൂള്‍ അധികൃതരോ അധ്യാപകരോ പരാതി നല്‍കാന്‍ തയാറാകാതിരുന്നതാണ് ഇത്തരക്കാര്‍ക്ക് വളമായത്. എന്നാല്‍ ഇപ്പോള്‍ ശല്യം രൂക്ഷമായതോടെ ചില സ്‌കൂള്‍ അധികൃതര്‍ രഹസ്യമായി സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചുവരികയാണ്. എട്ടാം ക്ലാസ് മുതലുള്ള മുതിര്‍ന്ന ക്ലാസുകളിലെ അധ്യാപനത്തിനിടയിലാണ് ഇത്തരക്കാരുടെ ശല്യം കൂടുതലായുള്ളത്.
ക്ലാസുകളില്‍ കയറാനുള്ള ലിങ്കുകള്‍ ഒരു കാരണവശാലും മറ്റാര്‍ക്കും കൈമാറരുതെന്ന് അധ്യാപകര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഇത് പലരും കൃത്യമായി പാലിക്കപ്പെടുന്നില്ല.
ഇത്തരത്തില്‍ നുഴഞ്ഞുകയറുന്ന സാമൂഹ്യ വിരുദ്ധര്‍ ക്ലാസില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ നമ്പറും ചോര്‍ത്തിയെടുത്ത് സ്‌കൂളില്‍ നിന്നും അധ്യാപകരാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെടുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."