ജി-23 നേതാക്കളുടെ പിന്തുണയില്ലാത്തത് ശശി തരൂരിന് തിരിച്ചടിയായേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂരിന് ജി-23 നേതാക്കളുടെ പിന്തുണയില്ലാത്തത് കനത്ത തിരിച്ചടിയായേക്കും. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചവരില്‍ ജി-23യുടെ പ്രമുഖ നേതാക്കളുമുണ്ട്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നീ ജി-23 നേതാക്കളാണ് ഖാര്‍ഗെയെ പിന്തുണച്ചത്. എ.കെ ആന്റണി, അശോക് ഗെലോട്ട്, അംബിക സോണി, മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ദ്വിഗ്‌വിജയ് സിങ്, താരിഖ് അന്‍വര്‍ എന്നിവരാണ് ഒപ്പുവച്ച ജി-23ക്ക് പുറത്തുള്ള മറ്റ് നേതാക്കള്‍.
ആരുടെയും പക്ഷം പിടിക്കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ശശി തരൂര്‍ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്റിന്റെ പിന്തുണയോടെ ഖാര്‍ഗെ രംഗത്തെത്തുമ്പോള്‍ ശശി തരൂരിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് വ്യക്തം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെയും കാര്യമായ പിന്തുണ തരൂരിനില്ല. ഏതാനും ചില നേതാക്കള്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്നത് മാറ്റിനിര്‍ത്തിയാല്‍ എ, ഐ ഗ്രൂപ്പുകളുടെയും കെ.പി.സി.സി പ്രസിഡന്റ്, നിയമസഭാ കക്ഷി നേതാവ് വി.ഡി സതീശന്‍ തുടങ്ങിയ നേതാക്കളുടെയും പിന്തുണ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കാണ്.
കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതിനെ സോണിയ സ്വാഗതം ചെയ്തതായും ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുകയെന്ന് അവര്‍ വ്യക്തമാക്കിയതായും ശശി തരൂര്‍ പറഞ്ഞു. ആരെയും അവമതിക്കാനല്ല താന്‍ മല്‍സരിക്കുന്നതെന്നും സൗഹാര്‍ദ മല്‍സരമാണ് നടക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തരുടെയും പ്രതിനിധിയായാണ് താന്‍ മല്‍സരിക്കുന്നതെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."