പറന്നു, ലോകത്തെ ആദ്യ ഇലക്ട്രിക് വിമാനം
വാഷിങ്ടൺ • ലോകത്ത് ആദ്യത്തെ ഇലക്ട്രിക് വിമാനത്തിന്റെ കന്നിയാത്ര വിജയകരം. ആലിസ് എന്ന് പേരിട്ട വിമാനം പൂർണമായും പ്രവർത്തിക്കുന്നത് വൈദ്യുതി ഉപയോഗിച്ചാണ്. മലിനീകരണ മുക്തമായ വിമാനം വാഷിങ്ടണിലെ ഗ്രാൻഡ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് എട്ടു മിനുട്ട് നീണ്ട യാത്ര നടത്തി തിരിച്ചിറങ്ങി.
ഇസ്റാഈൽ ആസ്ഥാനമായ ഏവിയേഷൻ എയർക്രാഫ്റ്റാണ് വിമാനം നിർമിച്ചത്. ഒൻപത് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് മണിക്കൂറിൽ 480 കി.മി വേഗത്തിൽ പറക്കാനാകും. രണ്ടു മണിക്കൂർ വരെ പറക്കാൻ ശേഷിയുണ്ട്. 1,100 കിലോയാണ് ഭാരം വഹിക്കുക. 450 ക്യൂബിക് അടിയാണ് വിമാനത്തിനുള്ളിലെ വ്യാപ്തി.
കന്നിയാത്രയിൽ വിമാനം 3,500 അടി ഉയരത്തിൽ പറന്നു. വിമാനം വാണിജ്യ അടിസ്ഥാനത്തിൽ നിർമിക്കുന്നതിനെ കുറിച്ച് സാധ്യതകൾ പഠിക്കുകയാണ് നിർമാതാക്കൾ.
പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിൽ നിന്ന് പിസ്റ്റൺ എൻജിനിലേക്കും ടർബൈൻ എൻജിനിലേക്കും ഇപ്പോൾ വൈദ്യുതി എൻജിനിലേക്കും എത്തിയെന്ന് കമ്പനിയുടെ സി.ഇ.ഒയും പ്രസിഡന്റുമായ ഗ്രേഗറി ഡേവിസ് പറഞ്ഞു.
മൂന്നു വെർഷനിലുള്ള ഇലക്ട്രിക് വിമാനം കമ്പനി നിർമിച്ചിട്ടുണ്ട്. കമ്മ്യൂട്ടർ, എക്സിക്യൂട്ടീവ്, കാർഗോ വെർഷനുകളിലാണ് ഇലക്ട്രിക് വിമാനം നിർമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."