ആപത്തു കാലത്ത്
1885 മോഡൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അറുപത്തി ആറാമത് പ്രസിഡന്റായി അശോക് ഗെഹ്‌ലോട്ട് ഇരിക്കട്ടെ എന്ന് രാഹുൽ ഗാന്ധി ആഗ്രഹിച്ചതിന് രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിൽ എങ്ങനെയും ഒരൂഴം സച്ചിൻ പൈലറ്റിന് നേടിക്കൊടുക്കുകയെന്നതല്ലാതെ കൂടുതൽ കാരണങ്ങളില്ലാതില്ല.
ഈ ആപത്ത് കാലത്ത് എ.ഐ.സി.സിയുടെ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നതിലും ഭേദം മുഖ്യമന്ത്രിപദം തന്നെയെന്ന് അശോക് ഗെഹ്‌ലോട്ട് ആലോചിച്ചതിലും ശരിയുണ്ട്. കോൺഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനം മുഖ്യമന്ത്രിപദത്തോടൊപ്പം കൊണ്ടുനടക്കാവുന്നതേയുള്ളൂ എന്ന് ഏറ്റവും കൂടുതൽ കാലം ആ പദവിയിലിരുന്ന സോണിയാ ഗാന്ധിയെ ഗെഹ്‌ലോട്ട് ഒാർമിപ്പിച്ചതുമാണ്. രണ്ടു പദവി ഒന്നിച്ചു പറ്റില്ല എന്ന് രാഹുൽ തീർത്തു പറഞ്ഞിട്ടുണ്ട്.
2018ലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയ വൻ വിജയം രാജ്യത്തിന് വലിയ പ്രതീക്ഷ നൽകി. 2014ൽ ഡൽഹി പിടിച്ച നരേന്ദ്ര മോദിയെ 2019ൽ താഴെയിറക്കാൻ കഴിയുമെന്നതായിരുന്നു പ്രതീക്ഷ. മധ്യപ്രദേശിലും രാജസ്ഥാനിലും യുവ നേതാക്കളെ മുഖ്യമന്ത്രിമാരാക്കി പുതിയൊരു അശ്വമേധം തുടങ്ങാമെന്ന് രാഹുൽ കണക്കുകൂട്ടുകയും ചെയ്തു. പക്ഷേ മുതിർന്ന നേതാക്കളുടെ ഇനിയും വറ്റിയിട്ടില്ലാത്ത അധികാരാർത്തി എല്ലാം തെറ്റിച്ചു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റുമായിരുന്നു രാഹുലിന്റെ മനസ്സിൽ. യഥാക്രമം കമൽനാഥും അശോക് ഗെഹ്‌ലോട്ടും സ്ഥാനം പിടിച്ചു. ജോതിരാദിത്യക്ക് ഉപമുഖ്യമന്ത്രിപദം പോലും കിട്ടാതെ പോയപ്പോൾ സച്ചിൻ പൈലറ്റിന് അതു കിട്ടി. ഒടുവിൽ ജ്യോതി തന്റെ പങ്ക് എം.എൽ.എമാരെയും കൊണ്ട് വിലപേശി, നേതൃത്വം വഴങ്ങില്ലെന്നായപ്പോൾ ബി.ജെ.പിക്കൊപ്പം ചേർന്ന് കമൽനാഥിനെ മറിച്ചിട്ട് കേന്ദ്രമന്ത്രിയായി. സച്ചിനും ആ വഴിക്ക് നീങ്ങി. 12 എം.എൽ.എമാരെയും കൊണ്ട് ഡൽഹിയിലെത്തിയ പൈലറ്റിന് ആ ദൗത്യം വിജയിപ്പിക്കാനായില്ല. അന്ന് ഗെഹ്‌ലോട്ട് അരിഞ്ഞുവീഴ്ത്തിയ കൊട്ടാര വിപ്ലവത്തെ ഓർമപ്പെടുത്തിയാണിപ്പോൾ സച്ചിൻ പൈലറ്റിനെ ഗെഹ്‌ലോട്ട് വിഭാഗം പ്രതിരോധിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ പുലരി വരെ വിദേശികളടക്കം അമ്പതു പേർ കോൺഗ്രസിന്റെ അധ്യക്ഷരായിരുന്നിട്ടുണ്ട്. ഒരു തവണ മോത്തിലാൽ നെഹ്‌റുവും നാലു തവണ ജവഹർ ലാൽ നെഹ്‌റു തന്നെയും അക്കാലത്ത് അധ്യക്ഷരായി. സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടാഭി സീതാരാമയ്യയായിരുന്നു കോൺഗ്രസിന്റെ അമരത്ത്. പി.ഡി ടാംടണും കഴിഞ്ഞ് 1951ലാണ് പിന്നെ ജവഹർലാൽ നെഹ്‌റു വരുന്നത്. നാലു വർഷം കഴിഞ്ഞപ്പോൾ വീണ്ടും യു.എൻ ധേബാർ പ്രസിഡന്റായി. അതും കഴിഞ്ഞാണ് 1959ൽ ഇന്ദിരാഗാന്ധി. അതും കഷ്ടിച്ച് ഒരു വർഷം. തുടർന്ന് നീലം സഞ്ജീവ റെഡി, നിജലിംഗപ്പ, കാമരാജ്, ഡി.കെ ബറുവ, ശങ്കർദയാൽ ശർമ, ജഗ്ജീവൻ റാം എന്നിവർക്കും ശേഷം 1978ൽ വീണ്ടും ഇന്ദിര. പിന്നാലെ രാജീവും. രാജീവിന്റെ വിയോഗ ശേഷം പി.വി നരസിംഹ റാവുവും സീതാറാം കേസരിയും എ.ഐ.സി.സി ആസ്ഥാനത്ത് ആസനസ്ഥരായിട്ടുണ്ട്. 1998ൽ വന്ന സോണിയാ ഗാന്ധി തുടരുകയാണ്. 2019ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പത്തെ രണ്ടുവർഷം രാഹുലിന്റെ കൈകളിലായി എ.ഐ.സി.സി. ഏറെ പ്രതീക്ഷ നൽകിയ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയപ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിഞ്ഞ രാഹുലിന് പകരക്കാരനെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല.
കോട്ട കൊത്തളങ്ങളുടെ നാടായ രാജസ്ഥാനിൽ മൂന്നാം തവണ മുഖ്യമന്ത്രി പദത്തിൽ കാലാവധി പൂർത്തിയാക്കാനൊരുങ്ങുന്ന അശോക് ഗെഹ്‌ലോട്ടിനെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പദവിവച്ച് നീട്ടി വിളിച്ചിട്ടും വരുന്നില്ല. രാഹുൽ തന്നെ പ്രസിഡന്റാകട്ടെ എന്ന പ്രമേയം പാസാക്കുകയാണ് ഗെഹ്‌ലോട്ട് ചെയ്തത്. മധ്യപ്രദേശും പഞ്ചാബും നഷ്ടപ്പെട്ട പോലെ രാജസ്ഥാനും ചേരിപ്പോരിൽ കളഞ്ഞുകുളിക്കുമെന്ന ധാരണ പരന്നിട്ടുണ്ട്.
രാജാക്കന്മാരുടെ നാടായ രാജസ്ഥാനിൽ രജപുത്രൻ ഗെഹ്‌ലോട്ട് 1998ലാണ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 2003ൽ തോറ്റു. എന്നാൽ 2008ൽ ഭൂരിപക്ഷത്തിലേക്ക് നാലു പേരുടെ കുറവുണ്ടായിരുന്നെങ്കിലും അത് പരിപാലിച്ച് മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നത് ഗെഹ്‌ലോട്ട് തന്നെ. 2013ൽ ദയനീയ തോൽവിയാണ് കോൺഗ്രസിന് ഉണ്ടായത്. 2018ൽ കോൺഗ്രസ് തിരിച്ചുവരുമ്പോൾ വലിയ പങ്ക് സച്ചിൻ പൈലറ്റിനുണ്ടായിരുന്നെങ്കിലും ഗെഹ്‌ലോട്ട് മാത്രമല്ല ജാതി സമവാക്യങ്ങൾ തന്നെ വിലങ്ങുതടിയായി.
ഗെഹ്‌ലോട്ടിന്റെ പിതാവ് നാടൊട്ടുക്ക് മാജിക് കാണിച്ച മാന്ത്രികനായിരുന്നുവെങ്കിൽ ഗെഹ്‌ലോട്ട് സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായി. ബംഗ്ലാദേശ് യുദ്ധത്തെ തുടർന്ന് കിഴക്കൻ ബംഗാൾ അഭയാർഥി ക്യാംപിൽ നിന്ന് ഇന്ദിരാഗാന്ധിയാണ് ഗെഹ്‌ലോട്ടിനെ കണ്ടെടുക്കുന്നത്. തുടർന്ന് രാജസ്ഥാനിലെ എൻ.എസ്.യു പ്രസിഡന്റാക്കി. രാജസ്ഥാൻ പി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ പാർട്ടി പദവികൾക്ക് പുറമെ 1991 മുതൽ കേന്ദ്ര മന്ത്രിസഭയിലും വൈഭവം കാണിച്ചു. ശാസ്ത്രവും നിയമവും സാമ്പത്തിക ശാസ്ത്രവും പഠിച്ച ഗെഹ്‌ലോട്ട്, 1977ൽ ആദ്യമായി ജോധ്പൂരിലെ സർദാർപുരയിൽ നിന്ന് അസംബ്ലിയിലേക്ക് മത്സരിച്ചു തോറ്റു. 1980ൽ ലോക്‌സഭയിലേക്ക് ജോധ്പൂരിൽ നിന്ന് ജയിക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏതാണ്ടെല്ലാ കോൺഗ്രസ് നേതാക്കളെയും പോലെ മകൻ വൈഭവ് ഗെഹ്‌ലോട്ടിനെ ജോധ്പൂരിൽ മത്സരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."