കതിരു കാലം
കഥ
മുഹമ്മദ് ഉവൈസ് എ.പി
‘അമ്മേ... ഞാൻ പാടത്തേക്ക് പോകാണ്...’
‘ആ... പെട്ടെന്നുതന്നെ വരണം, സൂര്യൻ അസ്തമിക്കാനടുക്കുന്നു...’
ഇന്നലെ കൂട്ടുകാരുമായി കളിച്ചാസ്വദിച്ച അപ്പുവിന്റെ ഇന്നത്തെ വൈകുന്നേരത്തെ ആനന്ദം, പാടത്തു മുളച്ച്, പറിച്ചുനട്ട ഞാറിൻതൈകളിലെ വളർച്ചയിലായിരുന്നു. പരന്ന ഹരിതനിറം പച്ചപ്പരവതാനി വിരിച്ചതു പോലെ തോന്നിപ്പിച്ചു. കാറ്റിൻ കുളിർമയിൽ കതിരുകളിലേക്ക് കണ്ണുനട്ടിരുന്ന അവന് കൊഴിഞ്ഞുപോയ സമയത്തെ കുറിച്ചോർക്കാൻ ഒരുനിമിഷം പോലും കിട്ടിയില്ല. പറവകളുടെ ചില ശബ്ദങ്ങൾ കേട്ട് ആകാശത്തിന്റെ ഉച്ചിയിലേക്ക് നോക്കുമ്പോൾ മേഘങ്ങളിലെ വെള്ളയിൽ കറുപ്പിൻകളറുകൾ കലങ്ങിത്തുടങ്ങിയിരുന്നു.
‘ഇതു കൊയ്താൽ ഭക്ഷണകാര്യം ഭദ്രം, മായം കലരാത്ത പ്രകൃതി, രുചികരമായ ഭക്ഷണം...’ അപ്പോഴാണ് മാതാവിന്റെ വാക്കുകൾ ഓർമയിൽനിന്ന് കർണപുടങ്ങളിലേ ക്ക് തിരിച്ചെത്തിയത്. തിരിച്ചു വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് ആ കാഴ്ച ശ്രദ്ധയിൽപെട്ടത്! മയിൽകൂട്ടങ്ങൾ പാടത്തേക്കിറങ്ങി കതിരുകൾ കൊത്തുന്നു.
‘ശൂ.....ശൂൂ.. പോകൂ, ഇതൊന്നും നാശാക്കല്ലേ...’
അവ പോകാതിരുന്നപ്പോൾ അടുത്ത അടവെന്നോണം താഴെയുള്ള കല്ലുകൾ പെറുക്കാൻ ശ്രമിച്ചു. അപ്പോഴാണ് കിടക്കുന്ന കട്ടിലിൽനിന്ന് അപ്പുവിന്റെ കണ്ണുകൾ വിടർന്നത്.
‘ഏ.... ഞാൻ സ്വപ്നത്തിലായിരുന്നോ!?’
എന്തായാലും മനോഹരമായ കാഴ്ചകളായിരുന്നു. ആ പ്രതാപകാലത്തെ ഓർമകൾക്കായി പാടത്ത് കുറച്ചു കൃഷിയിറക്കിയാലോ?... നേരം പുലരട്ടെ..,
നിശബ്ദമായ രാത്രിയ്ക്കു ശേഷം ശാന്തമായ പുലരിയുടെ വെളിച്ചം പരന്നു. പഴയകാല കൃഷിരീതികൾ ഓർമകളിൽനിന്ന് വലിച്ചെടുത്തു ചിന്താകുലനായി, അപ്പു. പിന്നെ കളമൊരുക്കി, വിത്തു വിതറി, ഞാറുകൾ പറിച്ചുനട്ടു.
‘ന്താ അപ്പൂ.. ഇങ്ങനെ ഒരു തീരുമാനം’- വേലായുധേട്ടൻ ചോദിച്ചു.
‘പ്രത്യേകിച്ചൊന്നുമില്ല, ഇതൊക്കെ മ്മക്ക് സന്തോഷമല്ലേ... മനസ്സമാധാനം ലഭിക്കുമല്ലോ..’
‘ന്നാ പണ്ടത്തെ പോലെയല്ല ഇപ്പോൾ; കൃഷിയൊക്കെ നഷ്ടത്തിലാകാതിരിക്കാൻ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കണം. എന്നാലെ കീടങ്ങൾ കൊഴിഞ്ഞുപോകൊള്ളൂ...’
ആ വാക്കുകൾ മനസിൽ വേദനാവിത്തുകൾ വിതച്ചുവെങ്കിലും അപ്പുവിന് ഈ പ്രവൃത്തിക്ക്; അല്ല, ഈ ക്രൂരകൃത്യത്തിനു തയാറാകേണ്ടിവന്നു. തളിർത്തുകൊഴുത്ത കതിരുകൾ...
ഒന്നിടവിട്ട ദിനങ്ങളിൽ അവിടം സന്ദർശിക്കാറുണ്ടെങ്കിലും ഒരു പക്ഷിപോലും പാടത്തിറങ്ങി നെൽമണികൾ ശേഖരിക്കുന്നത് കാണാൻ കഴിഞ്ഞില്ല.
‘എന്തായിരിക്കും കാരണം?’ ഇതായിരുന്നു അവന്റെ പിടികിട്ടാത്ത ചിന്തകൾ. ഒരു പക്ഷിയെ പിടിച്ചു അതിന്റെ വായിലേക്ക് കതിരു വച്ചുകൊടുത്തു. അത് കഴിച്ച് അധികംവൈകിയില്ല, പക്ഷി പിടഞ്ഞു ചത്തു.
നെൽക്കതിരുകൾ കൊയ്യാനുള്ള സമയമായി; കൊയ്യാനും തുടങ്ങി. ഓരോ കതിരുകൾ കൊയ്യുമ്പോഴും അപ്പുവിന്റെ നയങ്ങളിൽനിന്ന് മായംചേരാത്ത അശ്രുകണങ്ങൾ അടർന്നുവീഴാൻ തുടങ്ങി.
പണ്ടൊക്കെ കൊയ്ത്തു കഴിഞ്ഞാൽ വിശപ്പടക്കാനുള്ള അന്നംകിട്ടിയ സന്തോഷമായിരുന്നു. ഇപ്പോൾ കഴിക്കുന്നവർ മരണമടയും എന്ന പേടിയും. ന്നാ പിന്നെ അങ്ങാടീൽ കൊണ്ടുപോയി വിറ്റാലോ?
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."