തൊഴിൽ അന്വേഷകരെ കാത്ത് മനുഷ്യക്കടത്ത് സംഘങ്ങൾ; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
തൊഴിൽ അന്വേഷകരെ കാത്ത് മനുഷ്യക്കടത്ത് സംഘങ്ങൾ; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
അബുദാബി: മനുഷ്യക്കടത്ത് സംഘത്തിന്റെ ചതിയിൽപെട്ട 182 പേർക്ക് അഭയം നൽകിയാതായി അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ. തൊഴിൽ അന്വേഷകരെ കാത്ത് മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതായും ജാഗ്രത പുലർത്തണമെന്നും സെന്റർ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്യുന്നവരോട് കമ്പനിയുടെ പൂർണവിവരങ്ങൾ ചോദിച്ചറിയണമെന്നും സെന്റർ ഓർമിപ്പിച്ചു.
ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാകും മനുഷ്യക്കടത്ത് സംഘങ്ങൾ തൊഴിൽ അന്വേഷകരുടെ മുന്നിലെത്തുക. അതിനാൽ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ നിലവിലുണ്ടോ എന്നും അവിടെ ജോലി ഒഴിവുണ്ടോ തുടങ്ങിയ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് അറിഞ്ഞ ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ എന്ന് അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ അറിയിച്ചു.
ജോലിയിലെടുത്തെന്ന് അറിയിച്ച് നൽകുന്ന ഓഫർ ലെറ്ററുകളും തൊഴിൽ കരാറുകളും സൂക്ഷ്മമായി വായിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. ഒപ്പിട്ടു നൽകേണ്ട കരാറുകൾ ശ്രദ്ധയോടെ മനസിലാക്കി മാത്രമേ ഒപ്പിടാവൂ എന്നും നിയമനത്തിനു പണം നൽകരുത് എന്നും സെന്റർ അറിയിച്ചു. എന്തെങ്കിലും തരത്തിൽ സംശയം തോന്നിയാൽ 800 7283 നമ്പറിൽ വിവരം അറിയിക്കണമെന്നും സെന്റർ അഭ്യർഥിച്ചു.
ഈ വർഷത്തിലെ ജനുവരി മുതൽ ജൂൺ വരെ മാത്രം 182 പീഡന, മനുഷ്യക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 77% പേരെ പുനരധിവസിപ്പിച്ചതായി അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."