കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു; തലശേരിയിലേക്ക് വിലാപയാത്ര
കണ്ണൂര്‍:സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെനിന്ന് വിലാപയാത്രയായി തലശേരിയിലേക്ക് കൊണ്ടുപോകും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും. 14 ഇടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. മടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നിര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പോക്കോട്, കോട്ടയംപൊയില്‍, ആറാംമൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവടങ്ങളിലാകും വിലാപയാത്രയില്‍ ജനങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കുക.
എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെനിന്ന് വിലാപയാത്രയായി തലശേരിയിലേക്ക് കൊണ്ടുപോകും.കോടിയേരിയുടെ ഭാര്യ വിനോദിനി മകന് ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചു.
കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചയോടെ തലശേരിയിലെത്തും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും തിങ്കളാഴ്ച കണ്ണൂരിലെത്തും.
വൈകീട്ട് മൂന്നു മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ഹാളിലായിരിക്കും പൊതുദര്‍ശനം നടത്തുക. നാളെ കോടിയേരിയുടെ വീട്ടിലും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചശേഷം മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ട് മണി ഓടെയാണ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചത്.
2001 മുതല്‍ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതല്‍ 2011 വരെ കേരളത്തില്‍ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സി.പി.എം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."