സംഘ്പരിവാറിൽ തട്ടി നവനാസ്തികത പിളരുമ്പോൾ
നസറുദ്ദീൻ മണ്ണാർക്കാട്
'മതങ്ങൾ മണ്ണടിയട്ടെ, മനുഷ്യർ ഒന്നാവട്ടെ' എന്ന മുദ്രാവാക്യവുമായി രംഗത്തുവന്ന കേരളത്തിലെ നവനാസ്തികർ ഒടുവിൽ പല കഷ്ണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സംഘ്പരിവാർ ആശയത്തോടു ചേർന്ന് സഞ്ചരിക്കുന്ന ഒരുവിഭാഗവും അവരോട് യോജിക്കാൻ സാധിക്കാതെ, പഴയ ഇടതു ചിന്താധാരയുള്ള മറുവിഭാഗവും രണ്ടുവിഭാഗങ്ങളിലും ഉൾപ്പെടാതെ വേറിട്ടുനിൽക്കുന്ന മറ്റൊരു വിഭാഗവുമായി നവനാസ്തികരുടെ തമ്മിലടിയാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമെന്ന വിശേഷണവുമായി രംഗത്തുവന്ന നവനാസ്തികർ ഒടുവിൽ അനിവാര്യമായ ആശയപ്രതിസന്ധിയിലെത്തിയിരിക്കുന്നു.
സോഷ്യൽമീഡിയയുടെ അതിപ്രസരമുള്ള ആധുനിക കാലത്ത് ചുരുങ്ങിയ കാലംകൊണ്ട് നവനാസ്തികർ തങ്ങളുടേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്തിരുന്നു എന്നത് നിസ്തർക്കമാണ്. മതവിമർശനമെന്ന പേരിൽ വിദ്വേഷ പ്രചാരണമായിരുന്നു അവരുടെ രീതി. ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ ഇസ്‌ലാമിനെതിരേയും മുസ്‌ലിംകൾക്കെതിരേയും വെറുപ്പു പ്രചരിപ്പിക്കുന്ന കേന്ദ്രമായി ഇവർ മാറി. സംഘ്പരിവാർ ജിഹ്വകളും വേദികളും വരെ മുസ്‌ലിംകൾക്കെതിരേ ഉപയോഗിക്കാൻ മടിയില്ലാത്ത ഒരു പ്രത്യേകതരം നാസ്തികവാദമായിരുന്നു ഇവരുടേത്. സി. രവിചന്ദ്രൻ എന്ന യുക്തിവാദി നേതാവ് തനിക്കുചുറ്റും ഒരു കൾട്ട് രൂപപ്പെടുത്തുകയും സംഘ്പരിവാർ ആശയങ്ങൾക്ക് യുക്തിവാദത്തിന്റെ മറവിൽ താത്വിക മാനങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇന്ത്യയൊട്ടാകെ പ്രതിഷേധമുയർന്ന കർഷക പ്രക്ഷോഭ സമയത്തും പൗരത്വനിയമ ഭേദഗതിക്കെതിരായ സമരകാലത്തും ഇവർ സംഘ്പരിവാറിന്റെ നാവായി മാറി. കേരളത്തിലെ സംഘ്പരിവാറുകാർക്ക് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത വർഗീയമായ ന്യായങ്ങൾ യുക്തിവാദത്തിന്റെ ലേബലിൽ നിർമിച്ചെടുത്തു കൊണ്ടാണ് രവിചന്ദ്രനും സംഘവും സംഘ്പരിവാർ കൂറു പ്രകടിപ്പിച്ചത്.
ഗോഡ്‌സെ ഒരു മതതീവ്രവാദിയോ, ക്രിമിനലോ ആയിരുന്നില്ല എന്നും ഗാന്ധിയെ ബഹുമാനിച്ച് വെടിയുണ്ടകൊണ്ട് പൂമാല ചാർത്തിയാണ് ഗോഡ്‌സെ വധിച്ചതെന്നും സവർക്കർ ധീരനായ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നുവെന്നും ഒരു മറയുമില്ലാതെ പ്രസംഗിച്ചു കൊണ്ടാണ് രവിചന്ദ്രൻ സംഘ്പരിവാറിന്റെ മാനസപുത്രനാകുന്നത്. ഗാന്ധിജി വില്ലനും ഗോഡ്‌സെയും സവർക്കറും വീരന്മാരുമായി. സംഘ്പരിവാറിനോട് മാനസികമായി ചായ്‌വു കാണിക്കുമ്പോഴും തങ്ങളൊരു വർഗീയവാദിയായി അറിയപ്പെടാൻ ആഗ്രഹിക്കാത്തവരൊക്കെ ഒരൊറ്റ രാത്രികൊണ്ട് രവിചന്ദ്രന്റെ ഭക്തന്മാരുമായി.
ഇന്ത്യൻ മുസ്‌ലിംകൾ അപരവൽക്കരണം നേരിടുന്നില്ലെന്നും അങ്ങനെ വല്ലതുമുണ്ടെങ്കിൽ അതു മുസ്‌ലിംകൾ സാംസ്‌കാരികമായ ഇഴുകിച്ചേരലിനു സ്വയം തയാറല്ലാത്തതു കൊണ്ടാണെന്നും പ്രചരിപ്പിക്കാൻ ഈ നവനാസ്തികന് മടിയേതുമുണ്ടായില്ല. അനേകായിരം നിരപരാധികൾ നീതിപീഠത്തിന്റെ കനിവുകാത്ത് തടവറകളിൽ കാലം കഴിക്കുകയും കേരളത്തിൽപോലും മുസ്‌ലിം ഐഡന്റിറ്റി നോക്കി ചിലയിടങ്ങളിൽ വാടകയ്ക്കു വീട് നിഷേധിക്കുകയും ചെയ്യുമ്പോഴാണ് ഈ വാദമെന്നോർക്കണം. വിക്ടിം ബ്ലൈമിങ് അഥവാ ഇരയെ കുറ്റപ്പെടുത്തുക എന്ന ജർമ്മൻ നാസി തന്ത്രമാണ് വളരെ സമർഥമായി ഇവിടെ പ്രയോഗിച്ചത്. ഇസ്‌ലാമോഫോബിയ പടർത്താനുള്ള വ്യഗ്രതയിൽ മംഗോൾ വംശജൻ ഏകാധിപതി ചെങ്കിസ്ഖാനെപോലും ക്രൂരമുസ്‌ലിമായി ചിത്രീകരിച്ച രവിചന്ദ്രൻ ഒരുവിഭാഗം നാസ്തികർക്ക് ഉണ്ടാക്കിയ നാണക്കേട് ചെറുതല്ലെന്ന് പിന്നീടുണ്ടായ ഭിന്നിപ്പുകൾ തെളിയിക്കുന്നു.
ബിംബവൽക്കരിക്കപ്പെട്ട രവിചന്ദ്രൻ ആധുനിക യുക്തിവാദത്തിന്റെ മിശിഹയായി വാഴ്ത്തപ്പെട്ടു കഴിഞ്ഞിരുന്നു. പറയുന്നതെന്തും വിഴുങ്ങാൻ സന്നദ്ധരായ ഒരു സംഘത്തെ സൃഷ്ടിക്കുന്നതിൽ ഒരുപരിധിവരെ പുതിയ 'നാസ്തികദൈവം' വിജയിക്കുകയും ചെയ്തു. ഒരേസമയം അങ്ങേയറ്റം പ്രതിലോമകരവും വിഷലിപ്തവുമായ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ഈ സ്വാധീനവലയം പിന്നീട് ഉപയോഗിക്കപ്പെട്ടത്. അതിന്റെ പ്രധാന ഉന്നം മുസ്‌ലിം സമൂഹമായിരുന്നുതാനും. ഒരു സമൂഹം മറ്റുള്ളവരെ ഭരിക്കുന്നത് അക്രമം അഴിച്ചുവിടാനുള്ള അവരുടെ കഴിവ് അനുസരിച്ചാണെന്നും ആ നിലയ്ക്ക് മുസ്‌ലിം സമുദായം കേരളത്തിൽ ശക്തരാണെന്നുമുള്ള രവിചന്ദ്രന്റെ വിചിത്രവാദവും കുപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പവർഫുൾ സമുദായം മുസ്‌ലിംകളാണെന്നും ഇന്ത്യയിൽ മുസ്‌ലിംകൾ ന്യൂനപക്ഷമല്ലെന്നുമൊക്കെയുള്ള വാദങ്ങൾ പല സന്ദർഭങ്ങളിലായി പുറത്തുവന്നപ്പോൾ യുക്തിവാദത്തിന്റെ മറവിൽ സംഘ്പരിവാറിന് വഴിവെട്ടുന്ന ജോലിയാണ് ഈ സംഘം ചെയ്യുന്നതെന്ന് പൊതുസമൂഹത്തിനും പതിയെ ബോധ്യപ്പെട്ടു.
ഇന്ത്യയിലെ അധഃസ്ഥിത പിന്നോക്ക സമൂഹങ്ങളെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രശിൽപികൾ ഉണ്ടാക്കിയെടുത്ത സംവരണത്തെ കുറിച്ചും പ്രതിലോമകരമായ കാഴ്ചപ്പാടാണ് ഈ കൾട്ടിനുള്ളത്. പാർശ്വവൽക്കരിക്കപ്പെട്ട ദലിത് സമൂഹത്തെ 'പട്ടികജാതി' വിഭാഗമെന്ന് വർഗീകരിച്ചുകൊണ്ട് അവരെ പ്രത്യേകം സംരക്ഷിക്കുന്ന സാഹചര്യമാണല്ലോ 1950ലെ ഭരണഘടനാ ഉത്തരവിലൂടെ രാജ്യം നടപ്പാക്കിയത്. പട്ടികജാതി എന്നാൽ കേവലം ദലിതർ മാത്രമല്ലെന്നും ആ പട്ടികയിൽ ബ്രാഹ്മണർ വരെയുണ്ടെന്നും തെറ്റുധരിപ്പിച്ച് ദലിത് സമൂഹം നേരിടുന്ന സാമൂഹിക പിന്നോക്കാവസ്ഥയെ വാചകക്കസർത്തു കൊണ്ട് നിസാരവൽക്കരിച്ചു, രവിചന്ദ്രൻ. പട്ടികജാതിയിൽ ബ്രാഹ്മണർ ഇല്ലെന്ന പരമാർഥം വികലമാക്കാൻ ഒട്ടും മടിച്ചില്ല. സമൂഹത്തിൽ പ്രിവിലേജുകളില്ലാത്ത ലോറി ഡ്രൈവർമാരും കൂലിപ്പണിക്കാരുമാണ് സ്ത്രീപീഡനങ്ങൾ നടത്തുന്നത്, അല്ലാതെ സംസ്‌കരിക്കപ്പെട്ട ഞാനോ, നിങ്ങളോ അല്ല എന്ന മറ്റൊരു വാദവും നിറഞ്ഞ കൈയടിയോടെ ഇയാൾ പാസാക്കിയെടുത്തിട്ടുണ്ട്. ചുരുക്കത്തിൽ, പ്രതിസന്ധിയും വെല്ലുവിളിയും നേരിടുന്ന ഓരോ സമൂഹത്തിന്റെ നേർക്കും നവനാസ്തികർ വേട്ടക്കാരന്റെ ശൗര്യത്തോടെ ചാടിവീണിട്ടുണ്ടെന്നു സാരം.
ആഗോളതലത്തിൽ തന്നെ ഇസ്‌ലാമോഫോബിയ നിലനിൽക്കുന്ന വസ്തുതയായി ലോകം അംഗീകരിച്ചതാണ്. മാർച്ച് 15ന് ഇസ്‌ലാമോഫോബിയക്കെതിരേ പൊരുതാനുള്ള ദിനമായി ഐക്യരാഷ്ട്രസഭ വരെ പ്രഖ്യാപിക്കുകയുണ്ടായി. വസ്തുത ഇതായിരിക്കെ, ഫോബിയ ഒരാൾക്കും കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കില്ലെന്നും ഇസ്‌ലാമോഫോബിയ അകാരണമല്ലെന്നും ഇസ്‌ലാമിനെ ഭയക്കുകതന്നെ വേണമെന്നും പറഞ്ഞ് വംശീയമായി മുസ്‌ലിം സമൂഹത്തിനെതിരേ രംഗത്തുവന്നയാൾ- മറ്റൊരു പ്രഭാഷണത്തിൽ- ഭയം കൃത്രിമമായും ബോധപൂർവമായും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും അകാരണമായ ആ ഭയത്തിനെയാണ് ഫോബിയ എന്നു വിളിക്കുന്നതെന്നും പരസ്പര വിരുദ്ധമായി വാദിക്കുകയുണ്ടായി. മുസ്‌ലിം വിഷയത്തിൽ തങ്ങളുടെ യുക്തിയെല്ലാം പണയംവയ്ക്കുന്ന സമീപനത്തിന്റെ തുടർക്കാഴ്ചയായിരുന്നു ഇതും.
ലോകത്തിലെ പീഡിതരായ ഫലസ്തീൻ സമൂഹത്തോടുള്ള സമീപനവും ഒട്ടും വ്യത്യസ്തമല്ല. ഏറെ രസകരമായത്, ഈ വെറുപ്പുൽപാദന വ്യഗ്രതയ്ക്കിടയിൽ സംഭവിക്കുന്ന ഭീമാബദ്ധങ്ങളാണ്. തൊട്ടടുത്ത് കിടക്കുന്ന ഈജിപ്തിൽനിന്ന് ജറുസലേമിലേക്ക് എണ്ണായിരം കിലോമീറ്റർ ദൂരമുണ്ട് എന്ന അബദ്ധം പിടികൂടിയപ്പോൾ ഇസ്‌റാഈല്യർ വളഞ്ഞുതിരിഞ്ഞാണ് പോയതെന്നു വാദിച്ച് തടിയൂരാനും ശ്രമിച്ചു, പരിഹാസ്യനാവുകയും ചെയ്തു. ഹൈഡ്രജൻ ബലൂണിൽ കയറി ബഹിരാകാശത്തേക്ക് പോവാമെന്ന തികച്ചും ശാസ്ത്രവിരുദ്ധ വാദങ്ങൾ വേറെയുമുണ്ട്. ഈ വിതണ്ഡവാദങ്ങൾ മുഴുവനും സംഘ്പരിവാറിന് കുഴലൂത്ത് നടത്താനുള്ള കേവല കസർത്തുകളായിരുന്നു എന്ന് മറ്റു നാസ്തികർ തിരിച്ചറിയാൻ വളരെ വൈകി. അതിനെ തുടർന്നുണ്ടായ ആശയഭിന്നതകൾ മറനീക്കി പരസ്പര പോരിലേക്ക് എത്തുകയും ചെയ്തു. സ്റ്റേജുകളും പേജുകളും വെവ്വേറെയായി.
ഒരു നാസ്തികന് എല്ലാ മതങ്ങളും ഒരുപോലെ വിമർശിക്കപ്പെടേണ്ടതാണെങ്കിൽ, നവനാസ്തികർക്ക് വെറും ഇസ്‌ലാമിനോടാണ് താൽപര്യം. യൂട്യൂബ് പരസ്യവരുമാനം കിട്ടുന്നത് അതിനാണ്. മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സംഘ്പരിവാറിന്റെ സഹയാത്രികരാവുന്നതാണ് അവർക്കു കൂടുതൽ സുരക്ഷിതവും. ഇതു മുൻകൂട്ടി മനസിലാക്കി, ഹദീസ് നിഷേധികൾ എന്നപേരിൽ ആദ്യം രംഗത്തുവരികയും ഒരു സ്ത്രീയെ മുന്നിൽനിർത്തി ജുമുഅ നിസ്‌കാരം നടത്തുകയും ചെയ്ത കുറച്ചു 'ഖുർആനിസ്റ്റുകൾ' കൂടി തങ്ങളുടെ മുഖംമൂടി ഊരിക്കളഞ്ഞ് സംഘ്പരിവാർ നാസ്തിക സംഘത്തിൽ ചേക്കേറിയപ്പോൾ അത് നവനാസ്തികതയുടെ തകർച്ചയിലുമെത്തി.
കാലങ്ങളായി കേരളത്തിൽ മത-നാസ്തിക സംവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊക്കെയും പരസ്പര ബഹുമാനത്തോടെയും അക്കാദമിക് താൽപര്യങ്ങൾ മുൻനിർത്തിയുമായിരുന്നു. ഈ മേഖലയിൽ വാദങ്ങളും പ്രതിവാദങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും വെറുപ്പ് ഉൽപാദിപ്പിക്കുന്ന തരത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്കു സാധിച്ചിട്ടുണ്ട്. എന്നാൽ, പുതിയകാലത്ത് നാസ്തികതയുടെ മറവിൽ ഫാസിസത്തിന്റെ കുഴലൂത്തുകാരായി മാറാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും അതിൽ ഒരുപരിധിവരെ അവർ വിജയിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് നാസ്തികർ തന്നെ പല ഗ്രൂപ്പുകളായി പിരിഞ്ഞത്. ഏറ്റവും ചുരുങ്ങിയത്, ഈ അപകടം തിരിച്ചറിഞ്ഞവർ നാസ്തികരിൽതന്നെ ഉണ്ടായിട്ടുണ്ട് എന്നത് സന്തോഷകരമാണ്.
നാസ്തികർക്ക് ഹിന്ദുത്വത്തിൽ സ്ഥാനമുണ്ടെന്ന് ഹിന്ദുത്വ എന്ന വാക്ക് തന്നെ സൃഷ്ടിച്ചെടുത്ത നാസ്തികനായിരുന്ന സവർക്കർ തെളിയിച്ചതാണ്. കേരളത്തിലെ യുക്തിവാദികളെ സംഘ്പരിവാർ ചേർത്തുപിടിക്കണമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പ്രസ്താവനകൂടി ഇതിനോട് ചേർത്തുവായിച്ചാൽ അവർ തമ്മിലുള്ള അന്തർധാര ബോധ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."