സമസ്ത മലപ്പുറം ജില്ലാ ഉലമാ സമ്മേളനത്തിനു ഉജ്വല പരിസമാപ്തി
സമസ്ത മലപ്പുറം ജില്ലാ ഉലമാ സമ്മേളനത്തിനു ഉജ്വല പരിസമാപ്തി
പട്ടിക്കാട്(മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ ഉലമാ സമ്മേളനത്തിനു ഉജ്വല പരിസമാപ്തി. ആദര്‍ശ,പ്രബോധന മേഖലയില്‍ കരുത്തുറ്റ മുന്നേറ്റങ്ങള്‍ക് പ്രതിജ്ഞ പുതുക്കിയാണ് സമ്മേളനം സമാപിച്ചത്. സുന്നത് ജമാഅത്തിന്റെ ആശയ പ്രചരണത്തിനും ബിദ്അത്തിന്റെ തെറ്റായ ആശയങ്ങളെ സംബന്ധിച്ച് സമുദായത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സമസ്ത ജില്ലകള്‍ തോറും സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി പ്രഥമ സമ്മേളനമാണ് മലപ്പുറത്ത് നടന്നത്. മലപ്പുറം ജില്ലയിലെ മുദരിസുമാര്‍, ഖതീബുമാര്‍,സ്വദര്‍ മുഅല്ലിംങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട മറ്റു പണ്ഡിതന്മാര്‍ ഉള്‍പ്പെടെ മൂവ്വായിരം പ്രതിനിധികള്‍ രണ്ടു ദിവസത്തേ പഠന ക്യാംപുകളില്‍ സംബന്ധിച്ചു. പതിനഞ്ചു സെഷനുകളിലായി യുവ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കിയ പ്രൗഢമായ ക്ലാസുകളും നടന്നു. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം പകര്‍ന്നു നല്‍കിയ സമ്മേളനം ആദര്‍ശ രംഗത്ത് പുതു ചരിത്രം തീര്‍ത്താണ് ഇന്നലെ ഫൈസാബാദിന്റെ മണ്ണില്‍ സമാപിച്ചത്.
സമാപന സമ്മളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. കേന്ദ്ര മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, സൈതാലിക്കുട്ടി ഫൈസി കോറാട്, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി സ്വാഗതവും, സംഘടക സമിതി വര്‍ക്കിങ് കണ്‍വീനര്‍ ഡോ.സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."