' ഈ നഷ്ടം വളരെ വലുതാണ്'; തൊണ്ടയിടറി, വാക്കുമുറിഞ്ഞ്, പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രി
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗം മുഴുമിക്കാനാകാതെ തൊണ്ടയിടറിയപ്പോഴാണ് അദ്ദേഹം പ്രസംഗം മതിയാക്കി കസേരയില്‍ വന്നിരുന്നത്.
ചെറുപ്പകാലം മുതല്‍ ഇന്നുവരെ ഒന്നിച്ച് പ്രവര്‍ത്തിച്ച പ്രിയ സഖാവിനെയാണ്, കോടിയേരിയുടെ വിയോ?ഗത്തിലൂടെ മുഖ്യമന്ത്രിക്ക് നഷ്ടമാവുന്നത്. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കുന്നത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
'ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ....... അവസാനിപ്പിക്കുന്നു,' മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി.
ചില കാര്യങ്ങള്‍ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിടവ് പരിഹരിക്കാന്‍ ശ്രമിക്കും. വലിയ നഷ്ടത്തില്‍ ദു:ഖത്തില്‍ ഒപ്പം ചേര്‍ന്നവര്‍ക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങള്‍ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."