സി.പി.ഐയിൽ നിരത്തിവെട്ടൽ ; കാനാധിപത്യം
സി.ദിവാകരൻ, കെ.ഇ ഇസ്മയിൽ, ബിജിമോൾ, ജി.എസ് ജയലാൽ പുറത്ത്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം. തനിക്കെതിരേ വാളെടുത്ത മുതിർന്ന നേതാക്കളായ കെ.ഇ ഇസ്മയിലിനെയും സി. ദിവാകരനെയും പ്രായപരിധിയുടെ പേരിൽ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയാണു കാനം പൂർണ ആധിപത്യം സ്ഥാപിച്ചത്. പാർട്ടിയിൽ ഗോഡ്ഫാദറില്ലെന്ന് പരസ്യമായി പറഞ്ഞ ഇ.എസ് ബിജിമോളെയും സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി. വനിത എന്ന നിലയിൽ പാർട്ടി കോൺഗ്രസിൽ ബിജിമോൾക്ക് പങ്കെടുക്കാൻ താൻ ഒഴിഞ്ഞുകൊടുക്കാമെന്ന് ഇടുക്കി ജില്ലയിലെ ഒരു നേതാവ് പറഞ്ഞെങ്കിലും കെ.കെ ശിവരാമൻ എതിർത്തു.
സഹകരണ ആശുപത്രി വിവാദത്തിൽ ജി.എസ് ജയലാലിനെ നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താക്കിയിരുന്നു. കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കേണ്ടെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എറണാകുളത്ത് ഇസ്മയിൽ പക്ഷത്തിനും തിരിച്ചടിയുണ്ടായി. മുൻ ജില്ലാ സെക്രട്ടറി പി.രാജു, എ.എൻ.സുഗതൻ, എം.ടി നിക്‌സൺ, ടി.സി സഞ്ജിത് എന്നിവരെ കൗൺസിലിൽനിന്ന് ഒഴിവാക്കി.101 അംഗ സംസ്ഥാന കൗൺസിലിനെയും 101 അംഗ പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. 96 ആയിരുന്നു നേരത്തെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ. അംഗബലം കൂടിയതിനാലാണ് ഇത്തവണ 101 അംഗ കൗൺസിൽ വന്നത്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരം നടക്കുമെന്ന പ്രതീതി ഇന്നലെ സമ്മേളന സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാന കൗൺസിലിലേയ്ക്ക് എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നു മത്സരമുണ്ടായി. ചില ജില്ലകളിൽനിന്നു കൗൺസിലിലേയ്ക്കു മത്സരം നടക്കുമെന്നു തോന്നിച്ചെങ്കിലും പ്രതിനിധികൾക്കിടയിൽ സമവായം ഉണ്ടായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒഴിവായി.
എട്ടു ജില്ലാ പ്രതിനിധികൾ കാനത്തിനൊപ്പം നിൽക്കുകയും നാലു ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ വിരുദ്ധപക്ഷം തെരഞ്ഞെടുപ്പിൽനിന്ന് പിൻമാറി. വിഭാഗീയതയുടെ പേരിൽ മത്സരം നടക്കുന്നത് ഗുണകരമാകില്ലെന്ന് കേന്ദ്ര നേതൃത്വവും നിലപാടെടുത്തു. കാനത്തിന് എതിരേനിന്ന ജില്ലകളിൽനിന്ന് ഇരുവിഭാഗങ്ങളും ആവശ്യപ്പെട്ട ആളുകളെ കൗൺസിലിൽ ഉൾപ്പെടുത്തി സമവായം ഉണ്ടാക്കി.
75 വയസെന്ന പ്രായപരിധി കർശനമാക്കാനുള്ള പാർട്ടി ദേശീയ കൗൺസിലിന്റെ മാർഗരേഖ നടപ്പാക്കാൻ സി.പി.ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചിരുന്നു. ഇന്നലെ പ്രതിനിധികൾ ആരും എതിർത്തില്ല. ദിവാകരനും ഇസ്മയിലും മിണ്ടിയില്ല. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഇടപെടുമെന്നു ഇരു നേതാക്കളും കരുതിയെങ്കിലും അദ്ദേഹവും മൗനം പാലിച്ചു. സി.പി.ഐ ദേശീയ നേതൃത്വത്തിനും കാനം രാജേന്ദ്രൻ തന്നെ വീണ്ടും സെക്രട്ടറിയാകണമെന്ന അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. സെക്രട്ടറിയായി കാനത്തിന്റെ പേരു നിർദേശിച്ചതും ഇസ്മയിലായിരുന്നു. പന്ന്യൻ രവീന്ദ്രൻ പിന്താങ്ങുകയും ചെയ്തു. എൻ.ഇ ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണു കാനം രാജേന്ദ്രനു മുമ്പു മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."