കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ച് കലക്ടർ ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധിയെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ അറിയിച്ചു.
സർവകലാശാല പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.നേരത്തെ, കോഴിക്കോട് ജില്ലയിൽ അടുത്ത 10 ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണമെന്നാണ് നിർദ്ദേശം. വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."