ആരാധനാലയങ്ങള്‍ക്കായി ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാരകാര്യങ്ങളുടെ പേരില്‍ ദേശീയപാതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കലില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ഒരു ആരാധനാലയം സംരക്ഷിക്കാന്‍ 2008 ലെ അലൈന്‍മെന്റ് പുതുക്കിയപ്പോള്‍ കൂടുതല്‍ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്ന വരികള്‍ കോടതി ഉദ്ധരിച്ചു. ദൈവം സര്‍വ വ്യാപിയാണെന്നും അലൈന്‍മെന്റുകള്‍ ദൈവം പൊറുക്കുമെന്നും, ദേശീയപാതയുടെ വികനത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി.
ദേശീയപാതാ അതോറിറ്റിയുടെ കൊല്ലം ജില്ലയിലെ സ്ഥലമേറ്റെടുക്കലിനെതിരേ ബാലകൃഷ്ണപിള്ള, മോഹന്‍ലാല്‍, ലളിതകുമാരി, വിക്രമന്‍പിള്ള, ശ്രീലത എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്. ദേശീയ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണം, സ്ഥലമേറ്റെടുക്കല്‍ നടത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.കുടുംബപരമായ സ്വത്തുക്കള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ കൂടി സ്ഥലമേറ്റെടുക്കുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ദേശീയ പാതകളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയപാതാ വികസനം വിവിധ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."