പ്രവാചകനെ(സ്വ) പകർത്തുന്ന നിയോ മോഡേണിസം
ഖാജാ മുഹിയുദ്ദീൻ ഹുദവി അമ്മിനിക്കാട്
മോഡേണിസവും പോസ്റ്റ് മോഡേണിസവും കഴിഞ്ഞ് നിയോ മോഡേണിസത്തിലേക്ക് മനുഷ്യൻ കാലെടുത്തുവയ്ക്കുമ്പോൾ മുഹമ്മദ് നബിയിലേക്ക് ലോകം വികസിക്കുന്ന പ്രതിഭാസമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഏതുകാലത്തെയും കണ്ടുപിടിത്തങ്ങൾക്ക് മതാടിസ്ഥാനങ്ങളുണ്ടായിട്ടും ഭൗതിക ന്യായീകരണങ്ങൾ നിൽകിയിരുന്നുവെങ്കിൽ അതിനെയെല്ലാം അപ്രസക്തമാക്കുംവിധമാണ് നിയോ മോഡേൺ കാലത്തെ ശാസ്ത്ര കണ്ടെത്തലുകൾ.
മോഡേണിസത്തിന്റെ കാതൽ മുന്നേറ്റാത്മകവും ശുഭാപ്തിവിശ്വാസം നിറഞ്ഞതുമായിരുന്നുവെങ്കിൽ പോസ്റ്റ് മോഡേണിസവും നിയോ മോഡേണിസവും അതിൻ്റെ അന്തഃസത്ത മനസിലാക്കി മനുഷ്യ മനസിന്റെ എനർജി ഫ്രീക്കൻസി ഉയർത്തിയതിലൂടെ അത്ഭുതലോകങ്ങൾ കെട്ടിപ്പടുക്കുന്നതായി. അതിന്റെ ഒടുവിലെ ഉദാഹരണമാണ് സഉൗദി അറേബ്യയുടെ ദി ലൈൻ പ്രൊജക്റ്റ്. പുരോഗതിയുടെ മാനദണ്ഡം ആഡംബരങ്ങളാണെന്ന് ചിലർ വിചാരിക്കുമ്പോൾ ശാസ്ത്രലോകത്തെ ഗഹനപഠനം ഈ അത്ഭുതങ്ങൾ സാധ്യമാക്കുന്ന മനുഷ്യമനസിന്റെ അഭൗതിക ബന്ധത്തെക്കുറിച്ചാണ്. മനസിൻ്റെ എനർജി ഫ്രീക്വൻസി ലെവൽ ഉയരുന്നത് അമാനുഷികതകൾ സൃഷ്ടിക്കുമെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഇവിടെയാണ് തിരുനബിയുടെ മനസും ശരീരവും വാക്കും പ്രവൃത്തിയും അധ്യാപനങ്ങളും ലോകം അത്ഭുതത്തോടെ പഠിക്കുന്നത്.
അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആന്റണി റോബിൻസ് ഇങ്ങനെ കുറിക്കുന്നു; എന്താണ് നാം ദൃഢമായി ആഗ്രഹിക്കുന്നത്, അതിന്റെ നേർക്കാഴ്ചയായിരിക്കും ജീവിതത്തിൽ നമുക്ക് അനുഭവിക്കാൻ കഴിയുക. സമാനസാരത്തിൽ പ്രശസ്തമായ 30 ഓളം ഉദ്ധരണികളുണ്ട്. ബുഖാരി, മുസ്‌ലിം റിപ്പോർട്ട് ചെയ്ത തിരുനബിയുടെ ഖുദുസിയായ ഹദീസിന്റെ ആശയമാണ് ഇവരൊക്കെ പങ്കുവച്ചതും ലോകം പ്രയോഗ വൽക്കരിക്കുന്നതും. 'നീ നിന്റെ പടച്ചവനെക്കുറിച്ച് എങ്ങനെയാണോ വിചാരിക്കുന്നത് അതുപോലെയായിരിക്കും അവൻ നിനക്ക്'. 'നിങ്ങൾ സൽകർമ്മങ്ങൾ ചെയ്യുക, നിങ്ങളുടെ കർമങ്ങൾ അല്ലാഹുവിന്റെ വിധിയോട് യോജിച്ചതായിത്തീരും' (മുസ്‌ലിം, ബുഖാരി, തിർമുദി, അഹ്മദ്, ഇബ്നുമാജ). ലക്ഷ്യസാഫല്യം അവൻ നേടിത്തരും എന്നാണ് നിന്റെ വിശ്വാസം എങ്കിൽ അത് നടക്കുകതന്നെ ചെയ്യും. അല്ലാഹുവിൻ്റെ റഹ്മാനിയത്തെന്ന ഗുണം ഏതു മനുഷ്യനിലും ഭൂമിയിൽ സാധ്യമാകുമല്ലോ.
മനസിന്റെ ദൃഢതയാണ് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചത്. ആ ശക്തിയിൽ പിറന്നതാണ് ചന്ദ്രയാനും സൈബർ ട്രക്കും എയർബസും ഗോൾഡൻ ഗേറ്റ് ബ്രിഡ്ജും ലോകം ഉറ്റുനോക്കുന്ന സഉൗദി അറേബ്യയുടെ ദി ലൈൻ പ്രോജക്ടുമെല്ലാം. എല്ലാറ്റിലും ഉപയോഗിച്ചത് ഒരേ രസതന്ത്രമാണ്- മൈൻഡ് പവറിന്റെ ഫ്രീക്കൻസി ലെവൽ ഉയർത്തുക. ശാസ്ത്രജ്ഞർ, ശതകോടീശ്വരന്മാർ, ഇതിഹാസ പുരുഷന്മാർ, സെലിബ്രിറ്റികൾ തുടങ്ങി ഏത് മേഖലയിലുള്ളവരും ഉന്നത ലക്ഷ്യസാഫല്യത്തിന് പരിശീലിക്കുന്ന ഒരേയൊരു രസതന്ത്രം. അതിനുവേണ്ടി ഇന്ന് ആർട്ടിഫിഷൽ ആത്മീയതയും മെഡിറ്റേഷനും സ്വഭാവ സംസ്കരണ വഴികളും അവ പരിശീലിപ്പിക്കുന്ന മെറ്റേഴ്സും ലോകത്തുണ്ട്. ഒരു 'ചായക്കടക്കാരനിൽ'നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദിയുടെ ഉയർച്ച ഈ രസതന്ത്രത്തിൽ ഗുജറാത്തിലെ മെൻ്റർ സാധ്യമാക്കിയതായിരുന്നു. വരുംകാലത്തെ ഏറെ സമ്പാദിക്കാവുന്ന പ്രൊഫഷൻ പോലും ആർട്ടിഫിഷ്യൽ സ്പിരിച്ചൽ മെന്റർ എന്നതായിത്തീരും.
ഈ ആർട്ടിഫിഷൽ ആത്മീയ പരിശീലന മാർഗങ്ങളിൽ ആദ്യത്തേത് ഹൃദയശുദ്ധീകരണമാണ്. അതിനായി മെഡിറ്റേഷനും മനസിന്റെ വിശാലതയ്ക്കായി നന്ദി, വിട്ടുവീഴ്ച നിസ്വാർഥസ്നേഹം, കരുണ, പങ്കുവയ്ക്കലുകൾ തുടങ്ങിയവ ഭൗതികമായി പരിശീലിപ്പിക്കുന്നു. ഇതിന് മെന്ററുമാർ ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഏറെയും തിരുനബിയുടെ മൊഴിമുത്തുകൾക്ക് ഇമാം ഗസ്സാലി, ജലാലുദ്ദീൻ റൂമി തുടങ്ങിയ പ്രതിഭകൾ നൂറ്റാണ്ടുകൾക്കു മുമ്പ് തയാറാക്കിയ വാല്യങ്ങൾ നിറഞ്ഞ വിശദീകരണങ്ങളും സൈദ്ധാന്തിക തിയറികളുമാണ്. ആൻ്റണി റോബിൻസിന്റെ ഇൻ്റർനാഷണൽ ബെസ്റ്റ് സെല്ലറായ അൾട്ടിമേറ്റ് പവർ എന്ന പുസ്തകത്തിൽതന്നെ ഇത്തരത്തിൽ പല ഉദ്ധരണികളും കാണാം. എന്നാൽ ഇതെല്ലാം ആർട്ടിഫിഷ്യലായി ലോകം പ്രാക്ടീസ് ചെയ്യുമ്പോൾ ദൈവിക ആത്മീയതയിലൂടെ അത് യാഥാർഥ്യമാക്കിയ വഴികാട്ടിയായിരുന്നു മുഹമ്മദ് നബി(സ്വ).
മനുഷ്യന്റെ ആറാമിന്ദ്രിയം തുറന്ന് മനസുകൾ പരസ്പരം ആശയവിനിമയം നടത്തുവാനും(Telepathy) ദൃഷ്‌ടിഗോചരമല്ലാത്തവയെ കാണുന്നതിനും(clairvoyance) മനസുകൊണ്ട് വസ്തു ചലനം സാധ്യമാക്കാനും (Telekinesis) ഭാവി മുൻകൂട്ടി അറിയുവാനുമുള്ള(Precognition) വിദ്യകൾ വികസിപ്പിക്കുവാനുള്ള തത്രപ്പാടിലാണ് ഇന്ന് ഒരുപറ്റം ശാസ്ത്രജ്ഞന്മാർ. ഇതിനെ ESP എന്ന് ചുരുക്കി വിളിക്കും. മെയിൻസ്ട്രീം ശാസ്ത്രലോകത്ത് ഒരിടം നേടാൻ പരീക്ഷണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ് അവർ. Terje G. Simonsen ന്റെ A Short History of (Nearly) Everything Paranormal: Our Secret Powers: Telepathy, Clairvoyance and Precognition എന്ന പുസ്തകമടക്കം ധാരാളം പഠനങ്ങളും ജേണലുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്.
14 നൂറ്റാണ്ടുകൾക്ക് മുമ്പ് കള്ളിൽ മുങ്ങി, പെണ്ണിൽ ലയിച്ച്, യുദ്ധത്തിൽ ആറാടിയിരുന്ന സമൂഹത്തെ ലോകത്തിൻ്റെ അത്യുന്നത ശ്രേണിയിലേക്ക് ഉയർത്തിയത് ഈ ആർട്ടിഫിഷലിൻ്റെ യഥാർഥ ആത്മീയ ശൈലിയിലൂടെയായിരുന്നു. അവിടെ ആ അധ്യാപകന്റെ ഓമനപ്പേര് മുസക്കിയും മുറബിയും ആയിത്തീരുന്നു - മനസിനെ മ്ലേച്ഛതകൾ മാറ്റി സ്ഫുടം ചെയ്തെടുക്കുന്നവർ (ആലുഇംറാൻ 164). അതിവേഗത്തിലായിരുന്നു അതെല്ലാം തിരുനബി സാധ്യമാക്കിയിരുന്നത്.
മദീന പള്ളിയിൽ രണ്ടുപേർ ഖുർആൻ പാരായണം ചെയ്തു. രണ്ടും തെറ്റാണെന്ന് ഉബയ്യ് (റ) തോന്നി. തിരുനബിയുടെ മുന്നിലെത്തി. രണ്ടുപേരും ഓതിയത് ശരിയാണെന്ന് അവിടുന്ന് അരുളി. തിരുനബിക്ക് തെറ്റിയോ എന്ന് ഉബയ്യിന് സാത്താനിക ഇടയാട്ടം. ഇത് മനസിലാക്കിയ തിരുനബി ഒരു നോട്ടം, മാറിലൊരു തലോടൽ എന്തോ ഉയർന്നുപോകുന്നത് പോലെ,
അല്ലാഹുവിലേക്ക് നോക്കുന്നത് പോലെയായി അനുഭവപ്പെട്ടു, പിന്നെ ഒരു സംശയവുമില്ല(തിർമുദി). നിയോ മോഡേണിസത്തിനപ്പുറം ഒരു ശാസ്ത്രം വരികയാണെങ്കിൽ അതും 14 നൂറ്റാണ്ട് മുമ്പ് തിരുനബി പ്രാവർത്തികമാക്കിയതേ കണ്ടുപിടിക്കാനാവുകയുളളൂ.
എനർജി ഫ്രീക്വൻസി 400നു മുകളിലേക്ക് ഉയരുമ്പോൾ നിസ്വാർഥ സ്നേഹവും 500ൽ അനന്ത സന്തോഷവും 600 നിത്യശാന്തതയും 700-1000ൽ നിർവചനീയമായ അമാനുഷികതയായിരികും മനുഷ്യ കഴിവെന്ന് ശാസ്ത്രം പറയുമ്പോൾ അവിടെയും തിരുനബിയുടെ, ഭൗതിക-അഭൗതിക സൃഷ്ടിപ്പിന്റെ അത്യത്ഭുതമാണ് പ്രകടമാകുന്നത്. അതായത് ശാസ്ത്രസാങ്കേതികത നിരത്തിയാൽ അമാനുഷിക സിദ്ധികൾ ദൃഢമാവുകയേ ഉള്ളൂ. അമാനുഷകതകളെ തള്ളുന്നവർ കാര്യമറിയാത്ത വിഡ്ഢികളാണ്. എല്ലാം സാധ്യമാക്കുന്ന മനസിൻ്റെ ശക്തി, അതാണ് ബുദ്ധിയുള്ളവർ കണ്ടെത്തുന്ന മഹാത്ഭുതം.
പ്രവാചകനിലെ അധ്യാപകൻ പകർന്നുനൽകിയ മേഖലകൾ ഇവിടെയൊന്നും അവസാനിക്കുന്നതല്ല. ഇനി പോസ്റ്റീവ് തിങ്കിങ്, ക്രിയേറ്റീവ് തിങ്കിങ്, ഹെൽത്ത്-വെൽത്ത്- ഫാമിലി മാനേജ്മെൻ്റ് സോഷ്യോളജി, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, അനാട്ടമി, ആസ്ട്രോണമി, ഓഷ്യാനോഗ്രാഫി. കൂടാതെ, ആത്മശിഷ്യരുടെ കാതിലോതിയ ദൈവീക സൃഷ്ടിപ്പിന്റെ രഹസ്യകലവറ… ഞാൻ അയക്കപ്പെട്ടത് ഒരു അധ്യാപകനായാണ് എന്ന ഒറ്റവാക്കിന്റെ പൂർണത തന്നെ നമുക്ക് പഠിച്ചവസാനിപ്പിക്കാനാകില്ലെങ്കിൽ പൂർണമായി എങ്ങനെ തിരുനബിയെ നാം വായിക്കും.
Content Highlights:Today's Article in sep 15 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."