മഹത്വം കസേരയ്ക്കാണ് അതിലിരിക്കുന്നവര്‍ക്കല്ല
എ സജീവന്‍
മന്ത്രി എ.കെ ശശീന്ദ്രനെതിരേ ഉയര്‍ന്ന ഫോണ്‍വിളി ആരോപണം ചീറ്റിപ്പോയെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
അതേസമയം, മന്ത്രിക്കെതിരായ പരാതിയില്‍ സര്‍ക്കാര്‍ ന്യായമായി ഇടപെട്ടില്ലെങ്കില്‍ നിയമത്തിന്റെ വഴിയേ പോകുമെന്നാണ് പരാതിക്കാരി ആവര്‍ത്തിച്ചു പറയുന്നത്. കേസുമായി മുന്നോട്ടു പോകുമെന്നര്‍ഥം.
അപ്പോള്‍ ഒരു ചോദ്യം പ്രസക്തം. രണ്ടാം ഫോണ്‍ വിളിയിലും ശശീന്ദ്രന്‍ കാലു തെറ്റി വീഴുമോ. ഒന്നാം പിണറായി സര്‍ക്കാരില്‍ ഫോണ്‍ വിളിയാണ് എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. ഇപ്പോഴിതാ ഫോണ്‍വിളിയുടെ തനിയാവര്‍ത്തനം സംഭവിച്ചിരിക്കുന്നു.
ഇതിലും വീഴുമോ മന്ത്രി. ഇതിലും വീഴേണ്ടതല്ലേ മന്ത്രി. ചോദ്യങ്ങള്‍ ഇങ്ങനെ രണ്ടു തരത്തിലും ഉയരുന്നുണ്ട്.
മന്ത്രി ശശീന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കളും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരും ചോദിക്കുന്ന ചോദ്യം നേരേ മറിച്ചാണ്.
'എ.കെ ശശീന്ദ്രന്‍ എന്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കണം. അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്. കുണ്ടറയിലെ തങ്ങളുടെ പാര്‍ട്ടിയില്‍ എന്തോ തര്‍ക്കമുണ്ടെന്നു വിവരം ലഭിച്ചു. ആ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കണമെന്നല്ലേ അദ്ദേഹം പറഞ്ഞുള്ളൂ. പാര്‍ട്ടിപ്രശ്‌നം പരിഹരിക്കേണ്ടത് എന്‍.സി.പിയിയുടെ സുപ്രധാന നേതാവ് കൂടിയായ മന്ത്രിയുടെ കടമയല്ലേ'. ശരിയാണ്, ആ ചോദ്യത്തില്‍ തീര്‍ച്ചയായും യുക്തിയുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനോട് മന്ത്രി പറഞ്ഞ കാര്യങ്ങള്‍ ശബ്ദരേഖയിലൂടെ നാട്ടിലെല്ലാവരും കേട്ടതാണ്. ആ സംസാരത്തില്‍ മന്ത്രി 'പീഡന'മെന്ന വാക്ക് ഉച്ചരിച്ചിട്ടില്ല. 'പീഡനക്കേസ് പിന്‍വലിക്കണ'മെന്നു നിര്‍ദേശിച്ചിട്ടില്ല. ആരോപണവിധേയനായ എന്‍.സി.പി നേതാവിനെ ന്യായീകരിച്ചിട്ടില്ല. അദ്ദേഹത്തിനെതിരേയുള്ള പരാതി പിന്‍വലിക്കണമെന്നു പറഞ്ഞിട്ടുമില്ല.
പിന്നെന്തിനു മന്ത്രി രാജിവയ്ക്കണം. യുക്തിസഹമല്ലേ ഈ ചോദ്യം.
തീര്‍ച്ചയായും യുക്തിസഹമാണെന്നു തോന്നും, മന്ത്രി പറഞ്ഞ വാക്കുകള്‍ മാത്രം മുന്നില്‍ നിരത്തി പരിശോധിക്കുമ്പോള്‍. പക്ഷേ, അതു മാത്രമല്ലല്ലോ പരിശോധിക്കാനുള്ളത്. മന്ത്രി മാത്രമല്ലല്ലോ ആ ശബ്ദരേഖയില്‍ സംസാരിച്ചത്. പരാതിക്കാരിയായ യുവതിയുടെ പിതാവിന്റെ വാക്കുകള്‍ കൂടി ആ ശബ്ദരേഖയിലുണ്ടല്ലോ. അതുകൂടി വിശദമായി പരിശോധിക്കേണ്ടത് നിഷ്പക്ഷമായ വിലയിരുത്തലിന് അത്യന്താപേക്ഷിതമാണ്.
ആദ്യമായി പരിഗണിക്കേണ്ടത് ആര് ആരെയാണ് ഫോണില്‍ വിളിച്ചതെന്നതാണ്. പരാതിക്കാരിയുടെ പിതാവാണ് മന്ത്രിയെ വിളിച്ചതെങ്കില്‍ വിഷയമറിയാതെ മന്ത്രി സംസാരിക്കുകയായിരുന്നുവെന്ന ന്യായത്തിനു തീര്‍ച്ചയായും സ്ഥാനമുണ്ട്. ഓര്‍ക്കാപ്പുറത്ത് ഒരാള്‍ വിളിച്ചു മറ്റൊരാള്‍ക്കെതിരേ പറയുമ്പോള്‍ രണ്ടുപേരോടും അടുപ്പമുള്ളയാള്‍ 'അതു നിങ്ങള്‍ നല്ലനിലയില്‍ പരിഹരിച്ചേയ്ക്ക് ' എന്നു പറയാന്‍ സാധ്യതയുണ്ട്.
ഈ പ്രശ്‌നത്തില്‍ പരാതിക്കാരിയുടെ പിതാവ് മന്ത്രിയെയല്ല, മന്ത്രി പിതാവിനെയാണ് വിളിച്ചതെന്നു ശബ്ദരേഖയില്‍ വ്യക്തം. 'അവിടെയൊരു പ്രശ്‌നമുണ്ടല്ലോ അതു നല്ലനിലയില്‍ തീര്‍ത്തേയ്ക്ക് ' എന്നു പറയുന്നതു മന്ത്രിയാണ്. വിഷയമറിയാതെ മന്ത്രി അതു പരിഹരിക്കാന്‍ മന്ത്രി അങ്ങോട്ടു വിളിച്ചു പറയില്ലല്ലോ. ഇനി മന്ത്രിക്ക് യഥാര്‍ഥപ്രശ്‌നം അറിയില്ലെന്നു വയ്ക്കുക. അതിനും സാധ്യതയുണ്ടല്ലോ. പക്ഷേ, ഇവിടെ ആ ന്യായവും പറയാന്‍ കഴിയില്ല. കാരണം, ശബ്ദരേഖയില്‍ മന്ത്രിക്കു ശരിയായ കാര്യം അറിയാമെന്നു വ്യക്തമാണ്. 'അതു നല്ല നിലയില്‍ തീര്‍ത്തേയ്ക്കൂ' എന്നു മന്ത്രി പറയുമ്പോള്‍ പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നത് ഇങ്ങനെയാണ്, 'ഹോട്ടല്‍ മുതലാളി പത്മാകരന്‍ എന്റെ മകളുടെ കൈയില്‍ കയറിപ്പിടിച്ച പ്രശ്‌നം പരിഹരിക്കണമെന്നാണോ പറയുന്നത്'. അതിനു മന്ത്രി പറയുന്ന മറുപടി, 'പ്രശ്‌നമൊക്കെ എനിക്കറിയാം. അതു നല്ലനിലയില്‍ തീര്‍ക്കണം' എന്നാണ്. എങ്ങനെ പരിഹരിക്കണമെന്നാണ് മന്ത്രി പറയുന്നതെന്നു ചോദിക്കുമ്പോള്‍ 'നിങ്ങള്‍ക്കറിയാമല്ലോ. നല്ലനിലയില്‍ തീര്‍ത്തേയ്ക്ക് 'എന്നാണു മന്ത്രിയുടെ മറുപടി.
പൊതുസ്ഥലത്തും വീടുകളിലുമുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. അത്തരമൊരു പരിതസ്ഥിതിയില്‍ സര്‍ക്കാരിന്റെ ഭാഗമായ ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടുള്ളതാണോ ഇത്തരം പ്രതികരണം. യുവതിയെ കടന്നു പിടിച്ച കാര്യം തനിക്കറിയില്ലായിരുന്നുവെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു ശ്രമിച്ചതെന്നും മന്ത്രി ആവര്‍ത്തിച്ചു പറയുന്നുണ്ട്. അങ്ങനെ പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ അതില്‍ ഇടപെട്ടു പരിഹരിക്കേണ്ടത് എന്‍.സി.പിയുടെ ഔദ്യോഗിക നേതൃത്വമല്ലേ. ശശീന്ദ്രന്‍ എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ട്രഷററോ അല്ല. മറ്റെന്തെങ്കിലും പാര്‍ട്ടി ഭാരവാഹിത്വവും അദ്ദേഹത്തിനില്ല. ശശീന്ദ്രന്റെ മണ്ഡലത്തിലോ ജില്ലയിലെ ഉള്ള പ്രശ്‌നവുമല്ല ഇത്.
പിന്നെന്തിനു ശശീന്ദ്രന്‍ കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള ഈ വിഷയത്തില്‍ ഇടപെട്ടു. ഈ ചോദ്യം, ശശീന്ദ്രനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ തന്നെയാണ് ആദ്യമായി ഉന്നയിച്ചത്. പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ സംസ്ഥാന പ്രസിഡന്റായ എന്നെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ചാക്കോ പ്രതികരിച്ചത്. ശരിയാണ്, കാര്യമായ പണിയില്ലാതെ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മന്ത്രി ചാടിപ്പുറപ്പെടേണ്ടതില്ലല്ലോ.
കുണ്ടറയിലുണ്ടായത് പീഡനപ്രശ്‌നമല്ലെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ തമ്മിലുള്ള വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നുമാണ് എന്‍.സി.പി നേതാക്കളില്‍ പലരും പറയുന്നത്. പരാതി ഉന്നയിച്ച യുവതിയുടെ പിതാവും മാതാവും എന്‍.സി.പിയുടെ പ്രാദേശിക നേതാക്കളാണ്. എന്നിട്ടും അവരുടെ മകള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. അതു തടയാതിരുന്നതിനാല്‍ ആ യുവതിയുടെ പിതാവിനെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നു നീക്കം ചെയ്യാന്‍ പത്മാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചുവെന്നും അതിലുള്ള പ്രതികാരമാണ് പീഡനാരോപണമെന്നാണ് പത്മാകരനെയും മന്ത്രിയെയും ന്യായീകരിക്കുന്നവര്‍ പറയുന്നത്.
പരാതിയില്‍ പറയുന്ന പോലെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ താന്‍ തന്റെ ഹോട്ടലിലേയ്ക്കു വിളിച്ചു വരുത്തിയിട്ടില്ലെന്നും പണത്തിനു വേണ്ടിയാണ് സ്ഥാനാര്‍ഥിയായതെങ്കില്‍ പണം താന്‍ തരാമെന്നു പറഞ്ഞു കൈയില്‍ കയറി പിടിച്ചിട്ടില്ലെന്നുമാണ് പത്മാകരന്‍ പറയുന്നത്. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നണ്ട്.അതു കണക്കിലെടുക്കേണ്ടതു തന്നെ. അദ്ദേഹം പറയുന്നതു ശരിയാണെങ്കില്‍ വ്യാജ ആരോപണമുന്നയിച്ചതിന് യുവതിക്കെതിരേ നിശ്ചയമായും കേസ് എടുക്കേണ്ടതും ശിക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നാല്‍, വ്യാജ ആരോപണ പരാതി നല്‍കേണ്ടത് പത്മാകരനല്ലേ. അത് അദ്ദേഹം ചെയ്തില്ല. അതിനു പകരം പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ അടുത്തു ശുപാര്‍ശയുമായി പോവുകയാണു ചെയ്തത്.
പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതെന്തെന്നു കേട്ടയുടന്‍ മന്ത്രി വീണ്ടുവിചാരമില്ലാതെ മുണ്ടും മുറുക്കിയുടുത്തു മധ്യസ്ഥശ്രമത്തിന് ഇറങ്ങിത്തിരിച്ചു.സാധാരണക്കാര്‍ അങ്ങനെയൊക്കെ ചാടിപ്പുറപ്പെട്ടെന്നിരിക്കും. സാധാരണ രാഷ്ട്രീയനേതാക്കളും അങ്ങനെ എടുത്തുചാടിയെന്നിരിക്കും. എന്നാല്‍, അതുപോലാവരുത് സംസ്ഥാനത്തിന്റെ ഭരണാധികാരത്തില്‍ ഇരിക്കുന്നയാളുടെ നടപടികള്‍. അധികാരക്കസേരയില്‍ ഇരിക്കുന്നയാളുടെ ഓരോ വാക്കും പ്രവൃത്തിയും നിയമാനുസൃതമായിരിക്കണം. ഇരയോടൊപ്പം നില്‍ക്കേണ്ടവരാണ് ഭരണക്കസേരയില്‍ ഇരിക്കുന്നവര്‍. തങ്ങളിരിക്കുന്ന അധികാരക്കേസേരയ്ക്ക് ഏറെ ബഹുമാന്യതയുണ്ടെന്ന യാഥാര്‍ഥ്യം അതില്‍ ഇരിക്കുന്നവരാണ് ആദ്യം തിരിച്ചറിയേണ്ടത്. ആ കസേരയില്‍ ഇരിക്കുന്നതു കൊണ്ടാണ് തങ്ങള്‍ക്ക് ജനങ്ങളുടെ ആദരവും ബഹുമാനവും കിട്ടുന്നതെന്നും അവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."