ഔഷധ നിർമാണത്തിൽ വിപ്ലവമാകുന്ന കണ്ടെത്തലിന് രസതന്ത്ര പുരസ്കാരം
സ്റ്റോക്ക്‌ഹോം • ഈ വര്‍ഷത്തെ രസതന്ത്ര, ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇരു വിഭാഗത്തിലും മൂന്നു പേര്‍ വീതം പുരസ്‌കാരം പങ്കിട്ടു.
രസതന്ത്രത്തില്‍ അമേരിക്കന്‍ ഗവേഷകരായ കരോലിന്‍ ആര്‍. ബെര്‍റ്റോസി, കെ. ബാരി ഷാര്‍പ്‌ലെസ് എന്നിവരും ഡെന്‍മാര്‍ക്കിലെ മോര്‍ട്ടല്‍ മെല്‍ഡലുമാണ് നൊബേല്‍ ജേതാക്കള്‍. ക്ലിക് കെമിസ്ട്രിയിലെയും ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലെയും സംഭാവനകള്‍ക്കാണ് പുരസ്കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു. സമ്മാനത്തുകയായ 7.5 കോടി ഇവര്‍ക്ക് വീതിച്ചുനല്‍കും. ഔഷധ നിര്‍മാണരംഗത്ത് വലിയ വിപ്ലവങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍. ബാരി ഷാര്‍പ്‌ലെസ് രണ്ടാം തവണയാണ് നൊബേല്‍ നേടുന്നത്.
ക്ലിക്ക് കെമിസ്ട്രിക്ക് അടിത്തറയിട്ടവരില്‍ പ്രധാനികളാണ് കാലിഫോര്‍ണിയയില്‍ സ്‌ക്രിപ്‌സ് റിസര്‍ച്ചിലെ ഷാര്‍പ്‌ലെസും കോപന്‍ഹേഗന്‍ സര്‍വകലാശാലയിലെ മെല്‍ഡലും. തന്മാത്ര നിര്‍മാണശിലകള്‍ അനായാസം ഒന്നായി കൂട്ടിച്ചേര്‍ക്കുന്നതാണ് ക്ലിക്ക് കെമിസ്ട്രി.
കണികാസിദ്ധാന്തവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഭൗതികശാസ്ത്ര നൊബേല്‍. എലൈന്‍ ആസ്‌പെക്റ്റ് (ഫ്രാന്‍സ്), ജോണ്‍ എഫ് ക്ലോസെര്‍ (യു.എസ്), ആന്റണ്‍ സെയ്‌ലിന്‍ഗെര്‍ (ഓസ്ട്രിയ) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഇവരുടെ പരീക്ഷണങ്ങള്‍ ക്വാണ്ടം ടെക്‌നോളജിയുടെ പുതിയ യുഗത്തിന് അടിത്തറയിട്ടുവെന്ന് പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."