ന്യൂനപക്ഷത്തെ സംരക്ഷിക്കാതെ രാജ്യത്തിനു നാഗരിക വളർച്ച നേടാനാവില്ല: പി. ചിദംബരം ഇ. അഹമ്മദ് സ്മരണിക പ്രകാശനം ചെയ്തു
കോഴിക്കോട് • ന്യൂനപക്ഷവിഭാഗങ്ങളെ സംരക്ഷിക്കാതെ രാജ്യത്തിനു നാഗരിക വളർച്ച നേടാനാവില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ചന്ദ്രിക പ്രസിദ്ധീകരിച്ച ഇ.അഹമ്മദ് സ്മരണിക കോഴിക്കോട്ട് ലീഗ് ഹൗസിൽ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും സ്വതന്ത്ര ഇന്ത്യ ഒരിക്കലുംഹിന്ദു രാജ്യമാകില്ലെന്നും മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തെ വർഗീയ സംഘർഷങ്ങളിൽ ഇ.അഹമ്മദ് ഉത്കണ്ഠാകുലനായിരുന്നു. ഇന്ന് ഗുജറാത്തിലും മധ്യപ്രദേശിലും ഹിന്ദു ഉത്സവങ്ങൾ കാണാനെത്തിയ മുസ്ലിം ചെറുപ്പക്കാരെ മർദിക്കുന്ന അവസ്ഥയുണ്ടായി. വർഗീയതയെ നാം ഒറ്റക്കെട്ടായി ചെറുക്കണം. രാജ്യത്തിന്റെ മതേതര സംവിധാനത്തെ എങ്ങനെ സംരക്ഷിക്കുമെന്നതായിരുന്നു ഇ.അഹമ്മദും ഞാനും തമ്മിലെ കൂടിക്കാഴ്ചകളിൽ കൂടുതലായും ചർച്ച ചെയ്തിരുന്നത്. ഒരേസമയം അടിയുറച്ച മതവിശ്വാസിയും പ്രതിബദ്ധതയുള്ള മതേതരവിശ്വാസിയും ഉറച്ച ദേശീയവാദിയുമായിരുന്നു ഇ.അഹമ്മദെന്നും ചിദംബരം പറഞ്ഞു. അബ്ദുസ്സമദ് സമദാനി എം.പി പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സ്മരണിക ഏറ്റുവാങ്ങി. സ്മരണിക എഡിറ്റർ സി.പി സെയ്തലവി പുസ്തകം പരിചയപ്പെടുത്തി.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം, എം.സി മായിൻഹാജി സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജന. സെക്രട്ടറി കെ.എം അബൂബക്കർ, ഇ.അഹമ്മദിന്റെ മകനും മസ്‌കത്ത് കെ.എം.സി.സി പ്രസിഡന്റുമായ റഈസ് അഹമ്മദ്, എം.കെ മുനീർ എം.എൽ.എ, മുൻ മന്ത്രി ഇബ്‌റാഹീം കുഞ്ഞ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."