ഹജ്ജിന് കാൽനടയായി ശിഹാബ് അതിർത്തിയിൽ; ട്രാൻസിസ്റ്റ് വിസയിൽ പാകിസ്താനിലേക്ക് വിസ നിഷേധിച്ചെന്ന വാർത്ത വ്യാജം
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം•കാൽ നടയായി ഹജ്ജ് കർമ്മത്തിന് തിരിച്ച മലപ്പുറം ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂർ ട്രാൻസിസ്റ്റ് വിസയിൽ പാകിസ്താൻ വഴി യാത്രക്ക് ഒരുങ്ങുന്നു.ഇന്ത്യയിൽ നിന്ന് പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് രാജ്യങ്ങളിലൂടെ നടന്നാണ് ശിഹാബ് അടുത്ത വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ സഊദി അറേബ്യയിലേക്ക് പുറപ്പെട്ടത്.
ഇതിനകം 126 ദിവസം കാൽ നടയായി 3,200 കിലോമീറ്റർ താണ്ടിയ ശിഹാബ് പഞ്ചാബിലെ വാഗാ അതിർത്തിയിലെത്തി. ഇതിനിടെ പാക്കിസ്താൻ ശിഹാബിന് യാത്രക്കുള്ള വിസ നിഷേധിച്ചെന്ന രീതിയിൽ പ്രചരിച്ചതോടെ ഇന്നലെ ശിഹാബ് തന്റെ യൂട്യൂബ് ചാനൽ വഴി രംഗത്തെത്തി. വാർത്ത വ്യാജമാണെന്ന് ശിഹാബ് പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് കടക്കണമെങ്കിൽ ട്രാൻസിസ്റ്റ് വിസയാണ് ലഭ്യമാക്കേണ്ടത്. നിലവിൽ ടൂറിസ്റ്റ് വിസയാണ് ലഭിച്ചിരുന്നത്.
ഈ വിസയിൽ പാകിസ്താനിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാനാവില്ല. ട്രാൻസിസ്റ്റ് വിസ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ശിഹാബ് പറഞ്ഞു. ട്രാൻസിസ്റ്റ് വിസക്കുള്ള നടപടികൾ മതിയായ രേഖകൾ നൽകി എംബസിയിൽ പൂർത്തിയാക്കി വരികയാണ്. ഇതുവരേ മാനസികമായും ശാരീരകമായും തനിക്ക് പ്രശ്‌നങ്ങളില്ലെന്നും ശിഹാബ് പറഞ്ഞു.
കഴിഞ്ഞ ജൂൺ രണ്ടിനാണ് മലപ്പുറത്തെ ചോറ്റൂരിലെ വീട്ടിൽ നിന്ന് ഹജ്ജ് കർമം ലക്ഷ്യമിട്ട് ശിഹാബ് നടന്നിറങ്ങിയത്. ഇറാൻ,ഇറാഖ് രാജ്യങ്ങൾ ആറ് മാസത്തെ വിസ കാലാവധി ഒരുവർഷമാക്കി അനുവദിച്ചിട്ടുണ്ട്. സഊദി സർക്കാറും ശിഹാബിന് വിസ കാലാവധി ഒരുവർഷമാക്കി നീട്ടി നൽകി. എണ്ണായിരത്തിലേറെ കിലോമീറ്റർ കാൽ നടയായാണ് ശിഹാബ് തന്റെ ഹജ്ജ് കർമ്മം എന്ന ലക്ഷ്യം നിറവേറ്റാൻ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."