കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സി.പി.എമ്മിന്റെ കൂടുതല്‍ നേതാക്കള്‍ കുരുക്കിലേക്ക്
പ്രധാന പ്രതി എ.സി മൊയ്തീന്റെ ബന്ധുവെന്ന് ആരോപണം
തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സി.പി.എമ്മിന്റെ കൂടുതല്‍ നേതാക്കള്‍ കുരുക്കിലേക്ക്. കോടികളുടെ തട്ടിപ്പിനു നേതൃത്വം നല്‍കിയ മാനേജര്‍ ബിജു കരീം മുന്‍ മന്ത്രി എ.സി മൊയ്തീന്റെ ബന്ധുവാണെന്നും എ. വിജയരാഘവന്റെ ഭാര്യയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ബിന്ദു ഇരിങ്ങാലക്കുടയില്‍ മത്സരിച്ചപ്പോള്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളാണ് പണമൊഴുക്കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രധാന പ്രതികളായ ബിജുവിന്റെയും ജില്‍സിന്റെയും ഭാര്യമാരുടെ പേരിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് 2019ല്‍ ഉദ്ഘാടനം ചെയ്തത് എ.സി മൊയ്തീനാണ്.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രിയുടെ തൊട്ടരികില്‍ ബിജു കരീം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നു.
ജില്‍സിന്റെ ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്നു ലക്ഷങ്ങള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണു ജോ. രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
ജില്‍സിന്റെ പിതാവ് കുമാരനും ഭാര്യ ശ്രീലതയും ചേര്‍ന്ന് 50 ലക്ഷം രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റായി എടുത്തിട്ടുണ്ട്. ഇതില്‍ ചിലതു തിരിച്ചടച്ചിട്ടുണ്ട്. ജില്‍സിനു റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നുവെന്ന് ശ്രീലത ജോ. രജിസ്ട്രാര്‍ക്കു മൊഴിനല്‍കി. ശ്രീലത, ബിജുവിന്റെ ഭാര്യ ജിത, സഹോദരീ ഭര്‍ത്താവ് റഹീം എന്നിവര്‍ ചേര്‍ന്നു ഹോള്‍സെയില്‍ പലചരക്കുകടയും നടത്തുന്നുണ്ട്. ബിജു, ജില്‍സ്, ബിജോയ് എന്നിവരുടെ കൂട്ടുടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്കു ബാങ്കിന്റെ പണം വഴിമാറ്റിയിട്ടുണ്ടെന്നാണു ഭരണസമിതിയംഗത്തിന്റെ മൊഴി. ബിസിനസുകള്‍ക്കു പണം കണ്ടെത്താന്‍ ബാങ്കിലെ പണം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ജോ. രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.
ബാങ്ക് നേരിട്ടുനടത്തിയ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ചുമതല തുടക്കംമുതല്‍ 2019 ഒക്‌ടോബര്‍ ഒന്നുവരെ അക്കൗണ്ടന്റായ ജില്‍സിനായിരുന്നു. ഇയാളെ ചുമതലയില്‍നിന്നു നീക്കിയശേഷം നടത്തിയ കണക്കെടുപ്പില്‍ ഒന്നരക്കോടിയുടെ ക്രമക്കേടു കണ്ടെത്തി. കണക്കുകളിലുള്ളത്ര അരി ഗോഡൗണില്‍ ഉണ്ടായിരുന്നില്ല.
ഇവിടേക്ക് പലചരക്കു സാധനങ്ങള്‍ എടുത്തിരുന്നത് ജില്‍സിന്റെ ഭാര്യ ശ്രീലത, ബിജുവിന്റെ ഭാര്യ ജിത, ജിതയുടെ സഹോദരന്‍ റഹീം എന്നിവരുടെ കൂട്ടുടമസ്ഥതയിലുള്ള ബെനഫിറ്റ് പ്രീമിയം പാക്കിങ് എന്ന സ്ഥാപനത്തില്‍ നിന്നാണ്.
റഹീമുമായി ബന്ധമുള്ള സ്ഥാപനത്തില്‍നിന്നും സാധനങ്ങള്‍ ഇറക്കിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നു.
കാണാതായ അരിയടക്കമുള്ള പലചരക്കു സാധനങ്ങള്‍ ഭാര്യമാരുടെ പേരിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയിട്ടുണ്ടെന്നാണ് ആരോപണം. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മൂന്നു സൂപ്പര്‍മാര്‍ക്കറ്റുകളുടെയും സ്റ്റോക്കില്‍ വന്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് ജോ. രജിസ്ട്രാര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച എം.സി അജിത്തിനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്.
തട്ടിപ്പിനെക്കുറിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍കൂടിയായ അജിത്തിനാണ് 2019ല്‍ പരാതി നല്‍കിയതെന്നുംസി.പി.എം അനുഭാവിയായ അജിത്ത് തട്ടിപ്പ് മൂടിവയ്ക്കാന്‍ കൂട്ടുനിന്നെന്നുമാണ് ആരോപണം. അജിത്തിന്റെ നിയമനം തെളിവുനശിപ്പിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാന നേതാക്കള്‍ക്കെതിരേ ആരോപണം ശക്തമായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി.
പാര്‍ട്ടിയുടെ നിര്‍ണായക തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."