ഐ.എസ്.എൽ ഉദ്ഘാടന മത്സരം നാളെ ; മഞ്ഞക്കടലാവാൻ കൊച്ചി
ജലീൽ അരൂക്കുറ്റി കൊച്ചി • രണ്ട് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊച്ചിയിൽ കാൽപന്തുകളിയുടെ ആരവം ഉയരുന്നു. ഗോവൻ തീരത്ത് നിന്ന് ഐ.എസ്.എൽ പന്ത് അറബിക്കടലിൻ്റെ തീരത്തേക്ക് എത്തുമ്പോൾ വീണ്ടും ഫുട്ബോൾ പ്രേമികൾക്ക് വിശിഷ്യാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിൻ്റെ കൊടിമുടിയിലാണ്. നാളെ 7.30ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ സ്വന്തം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുന്നതോടെ അഞ്ച് മാസം നീളുന്ന ഐ.എസ്.എൽ ഒമ്പതാം മാമാങ്കത്തിന് തുടക്കമാകും. ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റുകൾ മുഴുവൻ നേരത്തെ വിറ്റുതീർന്നത് മത്സരത്തെ കൂടുതൽ ആകർഷകമാക്കും. 35,000 വരുന്ന കാണികളെ ഉൾക്കൊള്ളാനുള്ള ഒരുക്കങ്ങൾ എല്ലാം കലൂർ സ്റ്റേഡിയത്തിൽ പൂർത്തിയായി. ആദ്യ മത്സരത്തിനൊരുങ്ങി ഈസ്റ്റ് ബംഗാൾ താരങ്ങളും കൊച്ചിയിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഈ സീസണിലെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമുകളും ഇന്ന് പരിശീലനത്തിന് ഇറങ്ങും. മലയാളികളുടെ ആവേശമായ മഞ്ഞപ്പട ഇത്തവണ അടിമുടി മാറ്റം വരുത്തിയാണ് കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ ഇറങ്ങുന്നത്.
വിന്‍സി ബരേറ്റോ, അല്‍വാരോ വാസ്‌കസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍, കെ. പ്രശാന്ത്, അബ്ദുൽ ഹക്കു, ശ്രീക്കുട്ടന്‍, ശുഭ ഘോഷ്, അനില്‍ ഗാവോങ്കര്‍, നൗറെം മഹേഷ് സിങ്, ദനേചന്ദ്ര മീട്ടേയ്, സെയ്ത്യാസെന്‍ സിങ്, ആല്‍ബിനോ ഗോമസ് എന്നിവര്‍ ടീം വിട്ടപ്പോൾ അപ്പോസ്‌തോലോസ് ജിയാനോ, ദിമിട്രിയോസ് ഡയമന്റകോസ്, വിക്ടര്‍ മോംഗില്‍, ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ഡൽ, ഇവാന്‍ കലിയുസ്‌നി, ബിദ്യാഷാഗര്‍ സിങ് എന്നിവരെ പുതുതായി ടീമിലെത്തിച്ചാണ് അങ്കത്തിനിറങ്ങുന്നത്. ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ ഈ സീസണില്‍ കൂടുതല്‍ ആവേശത്തോടെയാണ് ടീം ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ 34 പോയിന്റ് നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. കലാശക്കളിയില്‍ ഹൈദരാബാദിനോട് തോറ്റ് കിരീടം നഷ്ടമായി. ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, പ്രീസീസണ്‍ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിച്ച് ഇത്തവണ ഐ.എസ്.എല്‍ കിരീടം ഉയര്‍ത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."