ജി20: കെട്ടുകാഴ്ചകൾ അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്
കെ.എ.സലിം
ജി20ക്കൊപ്പം ഡൽഹിയിലെ കെട്ടുകാഴ്ചകളും അവസാനിച്ചു. ലോകനേതാക്കൾ ഡൽഹിയിൽനിന്ന് മടങ്ങി. ഇനിയെങ്കിലും ഡൽഹിക്കാർക്ക് അൽപം ശ്വസിക്കാം. സുരക്ഷയുടെ പേരിൽ ഡൽഹിയിലെ മൂന്നരക്കോടിയിലധികം ജനങ്ങളെ വീടുകളിൽ ബന്ദിയാക്കിയുള്ള മൂന്നുദിവസത്തെ കെട്ടുകാഴ്ചകളാണ് അരങ്ങേറിയത്. ഉച്ചകോടിക്കുവേണ്ടി ഇടിച്ചുനിരത്തിയ ചേരികൾക്ക് കണക്കില്ല. നഗരത്തിലെ ഭവനരഹിതർ ജാലവിദ്യപോലെ തെരുവുകളിൽനിന്നും പാലങ്ങൾക്കടിയിൽനിന്നും അപ്രത്യക്ഷരായി.
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പതാക അഭിമാനത്തോടെ പാറാൻ നാലുനാൾ ഡൽഹി നിവാസികൾ അൽപം ത്യാഗം സഹിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രാജ്യാഭിമാനത്തിനുവേണ്ടി സ്വന്തം വീടുകൾ സ്വയം തകർത്ത് പോയവരല്ല അവരാരും. നോട്ടിസുപോലും ലഭിക്കാതെ ബലമായി നീക്കം ചെയ്യപ്പെട്ടവരാണ്. രാജ്യസ്‌നേഹത്തിൽ രാജ്യത്തിന്റെപ്രധാനമന്ത്രിയെക്കാൾ ഒട്ടും കുറഞ്ഞവരല്ല അവരാരും. എന്നാൽ, തെരുവിൽ അലയുന്നതിന്റെ രാജ്യസ്‌നേഹത്തെക്കുറിച്ച് അവരോട് പറയാൻ ശ്രമിക്കരുത്.
ലോകത്തിന് ഇത്രമാത്രം സുപ്രധാനമാണോ ജി20. ലോകനേതാക്കളെ ആഗോള സമ്പദ് വ്യവസ്ഥയുടെ ഏകോപനമെന്ന മഹത്തായ ലക്ഷ്യത്തിൽ ഒന്നിച്ചുനിർത്തുന്നുവെന്നതാണ് ജി20യുടെ ലക്ഷ്യമായി പറയുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഈ ലക്ഷ്യത്തിൽ ജി20 എന്തു പുരോഗതി കൈവരിച്ചുവെന്ന് പരിശോധിക്കേണ്ടതാണ്. 1999ൽ സ്ഥാപിതമായതു മുതൽ ജി20 ഉച്ചകോടികൾ പാസാക്കിയ പ്രമേയങ്ങൾ ഇപ്പോഴും 'കടലാസുകളിൽ' ബാക്കിയുണ്ട്. ഉദാഹരണമായി 2021ൽ റോമിൽ നടന്ന ഉച്ചകോടിയിൽ ജി20 നേതാക്കൾ 'അർഥവത്തായതും ഫലപ്രദവുമായ പ്രവർത്തനങ്ങളിലൂടെ' ആഗോളതാപനം പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. കൽക്കരി വൈദ്യുതി നിലയങ്ങളുടെ ധനസഹായം അവസാനിപ്പിക്കുന്നതിനുള്ള പ്രതിജ്ഞയുമെടുത്തു.
എന്നാൽ ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച് 2022ൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം ലോകത്ത് ഏറ്റവും ഉയരത്തിലെത്തി. ഈ വർഷം കൽക്കരി മേഖലയിലെ നിക്ഷേപം 10 ശതമാനം കൂടി 150 ബില്യനായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്ന കണക്ക്. അപ്പോൾ ജി20യിലെ പ്രമേയത്തിനും പ്രതിജ്ഞയ്ക്കും എന്തു സംഭവിച്ചു.
1990കളുടെ അവസാനത്തിൽ കുത്തനെയുള്ള കറൻസി മൂല്യത്തകർച്ചയ്ക്കുശേഷം ധനമന്ത്രിമാരുടെ യോഗത്തോടെയാണ് ജി20 ആരംഭിച്ചത്.
ഒരു ദശാബ്ദത്തിനുശേഷം, ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ലോക നേതാക്കളുടെ വാർഷികയോഗം ചേർന്നു. പാശ്ചാത്യ നേതൃത്വത്തിലുള്ള ഏഴു രാജ്യങ്ങളുടെ ഗ്രൂപ്പിനെക്കാളും കൂടുതൽ വഴക്കമുള്ളതും ഉൾക്കൊള്ളുന്നതുമായ ഫോറമായി ചിലർ കണ്ടതിനെത്തുടർന്നാണ് ജി20ക്ക് കൂടുതൽ പ്രോത്സാഹനം കിട്ടിയത്. സ്ഥാപിതവും ഉയർന്നുവരുന്നതുമായ ശക്തികളെ ഇതിന്റെ ഭാഗമാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ സംരക്ഷിക്കുമെന്നായിരുന്നു മറ്റു രാജ്യങ്ങളുടെ വിശ്വാസം. ആദ്യകാലത്ത് അതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. 2008ലും 2009ലും നാലു ട്രില്യൻ ഡോളർ മൂല്യമുള്ള നടപടികൾ സ്വീകരിക്കുകയും വിശ്വാസം പുനർനിർമിക്കുന്നതിന് ബാങ്ക് പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
കാലാവസ്ഥയെക്കുറിച്ചുള്ള പാരീസ് ഉടമ്പടിയിൽ തങ്ങളുടെ രാജ്യങ്ങൾ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമയും ചൈനീസ് നേതാവ് ഷി ജിൻപിങും പ്രഖ്യാപിച്ചപ്പോൾ നേതാക്കളെ ഒരുമിപ്പിക്കാനുള്ള ശക്തിയും 2016ൽ ചൈനയിൽ നടന്ന ഉച്ചകോടി കാണിച്ചു. 2021ൽ ജി20 നികുതി ഓവർഹോളിനെ പിന്തുണച്ചു, അതിൽ ഓരോ രാജ്യത്തിനും കുറഞ്ഞത് 15 ശതമാനമെങ്കിലും ആഗോള നികുതി ഉൾപ്പെടുന്നു. ആമസോൺ പോലുള്ള വലിയ ആഗോള ബിസിനസുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രാജ്യങ്ങളിൽ ഓഫിസുകൾ ഇല്ലെങ്കിലും നികുതി അടയ്ക്കേണ്ടതില്ലാത്ത പുതിയ നിയമങ്ങളും ഇത് പിന്തുണച്ചു.
സർക്കാരിന്റെ വരുമാനത്തിൽ ശതകോടികൾ കൂട്ടിച്ചേർക്കുമെന്നും കോർപറേഷനുകൾക്ക് പ്രേരകശക്തിയായി നികുതി സങ്കേതങ്ങൾ കുറയ്ക്കുമെന്നും പദ്ധതി വാഗ്ദാനം ചെയ്തു. പക്ഷേ, മറ്റു പല ജി20 പ്രഖ്യാപനങ്ങൾ പോലെ അതും എങ്ങുമെത്താതെ അവസാനിച്ചു.
ജി20 അംഗത്വം നൽകുന്നത് മുതൽ പിഴവുകളിലേക്കാണ് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്ന മറ്റൊന്ന്. പാശ്ചാത്യ പ്രമുഖരുടെയും സെൻട്രൽ ബാങ്കിന്റെയും താൽപര്യം കണക്കിലെടുത്താണ് ജി20 അംഗത്വം നൽകിയതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാനഡ ജി20യുടെ ഭാഗമായപ്പോൾ പോർച്ചുഗൽ കാരണമില്ലാതെ പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്ക് അംഗത്വം നൽകിയപ്പോൾ നൈജീരിയയെയും ഈജിപ്തിനെയും പരിഗണിച്ചില്ല. അർജന്റീന ലോകത്തെ 20 വലിയ സാമ്പത്തിക വ്യവസ്ഥയിൽപ്പെട്ട രാജ്യമോ വളർന്നുവരുന്ന സാമ്പത്തിക വ്യവസ്ഥയോ അല്ല. എന്നിട്ടും അതിന് ജി20 അംഗത്വം ലഭിച്ചത് അതിന്റെ ധനകാര്യമന്ത്രിയായിരുന്ന ഡൊമിംഗോ കവല്ലോ 1999 മുതൽ 2001വരെ യു.എസ് ട്രഷറി സെക്രട്ടറിയായിരുന്ന ലാറി സമ്മേഴ്സിന്റെ ഹാർവാർഡ് റൂംമേറ്റായിരുന്നത് കൊണ്ടാണ്.
കാലാവസ്ഥാവ്യതിയാനം, സാമ്പത്തിക വികസനം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കടബാധ്യതകൾ എന്നിവയും ഉക്രൈനിലെ റഷ്യയുടെ യുദ്ധത്തെ തുടർന്നുള്ള പണപ്പെരുപ്പവുമായിരുന്നു ഡൽഹി സമ്മേളനത്തിന്റെ അജൻഡകൾ.
ഈ ലക്ഷ്യങ്ങളിലേക്ക് രാജ്യങ്ങൾ എത്രത്തോളം അടുത്തെത്തുമെന്ന് ഇനിയും കാത്തിരുന്ന് കാണണം. ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് തിരിച്ചുവരാം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രഗതി മൈതാൻ വരെയുള്ള സ്ട്രച്ചിൽ ഇപ്പോൾ കോളനികൾ ബാക്കിയില്ല. കഴിഞ്ഞ മെയ് മുതൽ എല്ലാം ഇടിച്ചുനിരത്തിയിരിക്കുന്നു. അവിടെയെല്ലാം പുൽത്തകിടികളും പൂക്കളും പിടിപ്പിച്ചിരിക്കുന്നു.
എല്ലാം അനധികൃത കോളനികളാണെന്നാണ് സർക്കാർ ന്യായം. കോളനികൾ അനധികൃതമായിരിക്കാം. എന്നാൽ, അതിൽ ജീവിച്ചിരുന്ന ജനങ്ങൾ അനധികൃതമായി ഈ രാജ്യത്ത് പാർക്കുന്നവരല്ല. മറ്റെല്ലാവരെയും പോലെ ഈ രാജ്യത്തെ പൗരൻമാരാണ്. വർഷങ്ങളായി അവർ അവിടെ താമസിക്കുന്നവരുമാണ്. സർക്കാറിന്റെ പാർപ്പിട, പുനരധിവാസ പദ്ധതികളുടെ പരാജയ ഇരകളാണവർ. അവർക്കും തെരുവിലലയാതെ ജീവിക്കാനുള്ള അവകാശമുണ്ട്.
മോദി സർക്കാർ ഒളിച്ചുകടത്തിയ രാജ്യത്തിന്റെ ഹിന്ദുത്വവത്കരണമാണ് ഈ ഉച്ചകോടിയുടെ മറവിൽ ചർച്ച ചെയ്യപ്പെടാതെ പോയത്. ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുപയോഗിച്ചത് മാത്രമായിരുന്നില്ല അത്. മോടിപിടിപ്പിക്കലിന്റെ പേരിൽ ഫൗണ്ടയ്‌നുകളും ശിൽപങ്ങളുമായി നഗരത്തിൽ ഹിന്ദുത്വത്തിന്റെ ചിഹ്നങ്ങൾ നിറഞ്ഞിട്ടുണ്ട്.
ഉച്ചകോടി നടന്ന പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലും ഇത് പ്രകടമാണ്. ഇത് രാജ്യത്തിന്റെയോ അതിന്റെ സംസ്‌കാരത്തിന്റെയോ ചിഹ്നങ്ങളല്ല. അധികാരത്തിന്റെ മറവിൽ കെട്ടിയേൽപ്പിക്കപ്പെടുന്നതാണ്. ഈ കെട്ടുകാഴ്ചകൾ അവസാനിക്കുമ്പോൾ ബാക്കിയാവുന്നത് ഇതെല്ലാമാണ്.
Content Highlights: Today's Article in sep 16 2023 g20 summit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."