'ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് നടക്കും' സിദ്ദുവിന്റെ പ്രസ്താവനക്കെതിരെ രോഷമിരമ്പുന്നു; കരിങ്കൊടിയുമായി കര്‍ഷകര്‍
ഛണ്ഡീഗഡ്: ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് നടക്കുമെന്ന പ്രസ്താവനക്കു പിന്നാലെ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ പഞ്ചാബില്‍ പ്രതിഷേധം ഇരമ്പുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിദ്ദുവിനം കരിങ്കൊടി കാട്ടിയാണ് കര്‍ഷകര്‍ വരവേറ്റത്.
കര്‍ഷകര്‍ തന്നെ കാണാന്‍ വരണമെന്നും താന്‍ അവരെ പോയി കാണില്ലെന്നുമാണ് സിദ്ദു ഉദ്ദേശിച്ചതെന്നാണ് എതിരാളികള്‍ ആരോപിച്ചിക്കുന്നത്. പ്രസ്താവനക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നിരുന്നു. താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ കര്‍ഷകര്‍ തന്നെ കാണാനായി വരണമെന്ന നിബന്ധനയാണ് സിദ്ദു മുന്നോട്ടു വെക്കുന്നതെന്ന് ആം ആദ്മി കര്‍ഷക വിഭാഗം അധ്യക്ഷനും എം.എല്‍.എയുമായ കുല്‍ത്താര്‍ സിങ് പറഞ്ഞു. കര്‍ഷകരോട് സിദ്ദു ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നായിരുന്നു സിദ്ദുവിന്റെ പ്രതിഷേധം. തനിക്ക് കര്‍ഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ ഹൃദയംകൊണ്ടും ആത്മാവ് കൊണ്ടും പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി നാളത്തെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിശ്ചയിച്ചിട്ടുണ്ട്.
പാരമ്പര്യമില്ലാത്ത കോണ്‍ഗ്രസുകാരനാണ് എന്നതായിരുന്നു സിദ്ദുവിനെതിരേ എതിരാളികള്‍ ഉയര്‍ത്തിയ വലിയ വിമര്‍ശനം. നേരത്തേ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിദ്ദു അവിടെ നിന്നാണ് കോണ്‍ഗ്രസില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."