ഗുഡ് ബൈ സെൻട്രൽ ഹാൾ
എം.പി ഡെറിക്ക് ഒബ്രിയൻ
പ്രിയ സെൻട്രൽ ഹാൾ, നിന്നോട് വിടപറയാനുള്ള നേരം ആസന്നമായിരിക്കുന്നു. ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും ഇണക്കമുള്ള, അവിസ്മരണീയമായ നിനക്കായ് ഒരിടം എന്നിലെന്നും അവശേഷിക്കും.
പ്രൗഢാഭമായ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭക്കും രാജ്യസഭക്കുമിടയിലായി നീ ജനിച്ചത് 1927ലായിരുന്നു. രണ്ട് പതിറ്റാണ്ടോളം ലൈബ്രറിയായിരുന്ന നിന്നെ പിന്നീടവർ 1946ൽ ഭരണഘടനാ നിർമാണസഭാ ഹാളാക്കി മാറ്റി. നിന്നോളം പരിപാവനമാക്കപ്പെട്ട മറ്റൊരു അകത്തളം ഈ രാജ്യത്തില്ലെന്ന് എനിക്കുറപ്പ്. ഇരുസഭകളുടേയും സംയുക്ത സമ്മേനങ്ങൾക്ക്, പൊതു തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രപതിയുടെ അഭിസംബോധനകൾക്ക്, സമ്മേളനങ്ങളുടെ പ്രാരംഭ ചടങ്ങുകൾക്ക് നീ ആതിഥ്യമരുളി.
പ്രിയ സെൻട്രൽ ഹാൾ, പാർലമെൻ്റ് സമ്മേളനകാലത്ത് ലോക്സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 245 അംഗങ്ങളും നിറഞ്ഞത് നിന്നിലായിരുന്നു. അതതു കാലങ്ങളിലെ സഭാംഗങ്ങളുടെ പങ്കാളികളും മാതാപിതാക്കളും മക്കളും പലപ്പോഴായും നിന്നെ സന്ദർശിച്ചു. പൂർവ സഭാംഗങ്ങളുടെ സന്ദർശനങ്ങളെ നീ എപ്പോഴും സ്വാഗതം ചെയ്തു. ചിലപ്പോഴൊക്കെ ഏതെങ്കിലും മുഖ്യമന്ത്രിമാരും ചെറു അഭിവാദ്യങ്ങളോടെ നിന്നിലേക്കണഞ്ഞു. സഭാംഗത്വത്തിനും ഇടപെടലിനും ചിന്താഗതികൾ പങ്കുവയ്ക്കുന്നതിനും ചിലപ്പോഴൊക്കെ ചില പ്രതിസന്ധികൾ മറികടക്കുന്നതിനും നിന്നോളം മികച്ച മറ്റൊരു പങ്കാളിയില്ല തന്നെ. അഭിപ്രായ ഭിന്നതകൾ
മറികടക്കുന്നതിനും രേഖയിൽ പെടുത്താത്ത സംഭാഷണങ്ങൾക്കും പല വീക്ഷണങ്ങൾ പങ്കുവയ്ക്കാനും നീ സഹായിച്ചിട്ടുണ്ട്. അയ്യോ.. നീ സാക്ഷ്യം വഹിച്ച ഗോസിപ്പുകളെ കുറിച്ച് ഞാൻ പറയാൻ മറന്നുവെന്ന് കരുതേണ്ട. ഇന്ന് ഓർമകളായി മാറിയ ഈ സംഭാഷണങ്ങൾക്ക് എല്ലാം മൂകസാക്ഷികളായുള്ളത് കാലത്തിൻ്റെ പഴക്കമുറ്റിയ ഫാനുകൾ മാത്രം.
അതെ.. എൻ്റെ പ്രിയപ്പെട്ട സെൻട്രൽ ഹാളിനുള്ള സങ്കീർത്തനമെന്നോണം ഈ കുറിപ്പിരിക്കട്ടെ.
മിനുസപ്പെടുത്തിയ മരത്തടികളാൽ സജ്ജീകരിച്ച നിൻ്റെ വിശാലമായ അകത്തളം എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായിരുന്നു. നിനക്കാണെങ്കിലോ എന്നും നിന്റേതു മാത്രമായ സമയ സങ്കൽപ്പങ്ങളും. രാവിലെ 10ന് വരുമ്പോൾ നീ സൂക്ഷിച്ചിരിക്കുന്ന ക്ലോക്ക് പറയും നേരം പുലരുന്നേയുള്ളൂവെന്ന്. ചായക്ക് വേണ്ടി കറങ്ങിത്തിരിഞ്ഞ് രാവിലെ 10.30ന് എത്തിയാലും കേൾക്കേണ്ടി വരിക നേരത്തെ എണീറ്റല്ലോ എന്നാവും. എങ്കിലും അതാത് ദിവസത്തെ സമ്മേളനങ്ങൾ തുടങ്ങുന്നതിനു മുമ്പ് എന്നും രാവിലെ നിന്നിലേക്കെത്തുന്ന ചില എം.പിമാർ ഉണ്ട്. ഒരു മണിക്കൂർ നേരത്തേക്കോ മറ്റോ ലോക്സഭയും രാജ്യസഭയും ഒരുമിച്ച് സമ്മേളിക്കുമ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട അകത്തളം നിറഞ്ഞു കവിഞ്ഞിരിക്കും. എല്ലാ അംഗങ്ങൾക്കും ഒരിക്കൽ കൂടി ഒരുമിച്ചു കണ്ടുമുട്ടാനും രാഷ്ട്രീയ വാർത്തകളും സ്വകാര്യവാർത്തകളും
പങ്കുവയ്ക്കാനും പേരക്കുട്ടികൾ ജനിച്ചതിന്റെ മധുരം കൈമാറാനും വിവാഹ ക്ഷണക്കത്തുകൾ നൽകാനും അനുശോചനങ്ങൾ അറിയിക്കാനും പുതിയ ഫോൺ നമ്പറുകളും മേൽവിലാസങ്ങളും പുതുക്കി എഴുതാനും ഇതിലും അനുയോജ്യമായ അവസരം മറ്റേതാണ്.
സെൻട്രൽ ഹാൾ, ഞാൻ നിന്നെ കുറിച്ച് മറ്റൊരു കാര്യം പറയട്ടെ, നീ എപ്പോഴും എന്നെ ഓർമിപ്പിക്കുന്നത് കോളജിലെ ആ വലിയ കാന്റീൻ ആണ്. എല്ലാ മുഖംമൂടികളും അഴിച്ചുവച്ച് ചിന്തകൾ തുറന്നിടുന്നൊരിടം. ആരെവിടെ നിന്നെന്നോർക്കാതെ കാലങ്ങളോളം നീണ്ടുനിൽക്കുന്ന ബന്ധങ്ങൾ നൽകുന്ന മാന്ത്രികതയുള്ളൊരിടം. പാർലമെന്റ് സമ്മേളനങ്ങളില്ലാത്തപ്പോൾ നിനക്കൊരു പക്ഷേ മടുപ്പു തോന്നിയിട്ടുണ്ടാകണം. സംഭാഷണങ്ങളില്ല,കാപ്പികളില്ല, കലമ്പലുകളില്ല… ഇവിടെ നടക്കുന്ന എല്ലാ ചർച്ചകളും പ്രവർത്തനങ്ങളും വർഷത്തിൽ പരമാവധി 70-75 ദിവസത്തോളമല്ലേയുള്ളൂ. കഷ്ടം…
നിനക്കു മുമ്പിൽ നടക്കുന്ന എല്ലാ സംവാദങ്ങളേയും സല്ലാപങ്ങളേയും ചൂഴ്ന്നു നിൽക്കുന്ന എഴുതപ്പെടാത്തൊരു നിയമമുണ്ട്, അതെ, സ്വകാര്യസംഭാഷണങ്ങളെയൊന്നും പരസ്യമാക്കരുതെന്ന തത്ത്വം. വേഗാസിൽ എന്ത് സംഭവിക്കുന്നുവോ അത് വേഗാസിൽ തന്നെ ഒതുങ്ങുന്നുവെന്നു പറയുന്ന പോൽ സെൻട്രൽ ഹാളിൽ എന്തു സംഭവിച്ചുവോ അതെല്ലാം സെൻട്രൽ ഹാളിൽ തന്നെ ഒതുങ്ങി.
ഒരുപക്ഷേ ഈ ഇടത്തിൽ നിനക്കേറ്റവും പ്രിയപ്പെട്ടവരുണ്ടായിരിക്കണം. അരുൺ ജെയ്റ്റ്ലി അതിലൊരാളായിരിക്കുമെന്ന് ഉറപ്പ്. അദ്ദേഹം പാർലമെന്റിന്റേയും സെൻട്രൽ ഹാളിന്റേയും നെടുംതൂൺ തന്നെയായിരുന്നു. 2017ലെ ജി.എസ്.ടി പരിഷ്കരണത്തിന്റെ അർധരാത്രി പ്രഖ്യാപനത്തിന്റെ മുഖ്യസൂത്രധാരൻ അദ്ദേഹമായിരുന്നല്ലോ. നിന്റെ കോണുകളിൽ പതിവായി എത്രയെത്ര അനൗദ്യോഗിക യോഗങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചിരിക്കുന്നു.
ഇനിയതെല്ലാം കേട്ടുകേൾവികൾ മാത്രം. പ്രത്യയശാസ്ത്ര ഭിന്നതകൾക്കപ്പുറം അംഗങ്ങളും അമൂല്യമായ പത്രപ്രവർത്തക പാസുള്ള മുതിർന്ന പത്രപ്രവർത്തകരും (കഴിഞ്ഞ കുറച്ചു നാളുകളായി പത്രപ്രവർത്തകർക്ക് സെൻട്രൽ ഹാളിനകത്ത് വിലക്കാണല്ലോ) അഭിഭാഷകനിൽ നിന്ന് രാഷ്ട്രീയക്കാരനായ ജെയ്റ്റ്ലിയുടെ വാക്പ്രയോഗങ്ങൾ സസൂക്ഷ്മം ശ്രവിക്കുമായിരുന്നു. ബില്ലുകളിലെ നിയമക്കുരുക്കുകളെ ലളിതമായവതരിപ്പിക്കുന്നതിൽ തുടങ്ങി നല്ല കശ്മിരി ഷാളുകൾ എവിടെ ലഭിക്കുമെന്ന സൂത്രങ്ങൾ വരെ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. മിസ്റ്റർ ജെ, അതെ മിസ്റ്റർ ജെ ഒരു സംഭവം തന്നെ. ഞാൻ പാർലമെന്റിൽ സേവനമർപ്പിച്ച രണ്ട് ഘട്ടങ്ങളിലും ആരായിരുന്നു പാർലമെന്റിനെ മൂർത്തതയിലെത്തിച്ചതെന്നു ചോദിച്ചാൽ സംശയലേശമെന്യേ പറയും അരുൺ ജെയ്റ്റ്ലി എന്ന്.
പ്രകൃതം കൊണ്ടും പ്രകൃതി കൊണ്ടും പാർലമെന്റിനെ മയക്കിയ മറ്റൊരാൾ അഹ്മദ് ഭായ് ആയിരുന്നു. അഹ്മദ് പട്ടേൽ അല്ലെങ്കിൽ വെറും എ.പി. കോൺഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിനു പാർലമെന്റിനു പുറത്ത് ഫോൺ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും അതിനകത്ത് ആളുകളെ എങ്ങനെ സുഹൃത്തുക്കളാക്കാം എന്നും വ്യക്തമായറിയാമായിരുന്നു. പ്രസംഗത്തിൽ കേമനല്ലെങ്കിലും മികച്ചൊരു സൂത്രധാരനായിരുന്നു എ.പി. സ്ഥാനം കൊണ്ട് താഴെയെങ്കിലും രാഷ്ട്രീയ കൗശലത്താൽ എപ്പോഴും നമ്മുടെ കൈയകലത്തിലുണ്ടായിരുന്നൊരാൾ. 2004 മുതൽ 2014 വരെ എല്ലാത്തിനും മുൻപന്തിയിൽ. 2014 മുതൽ പ്രതിപക്ഷത്തായിരുന്നിട്ടു പോലും ആശയങ്ങൾക്കപ്പുറം വിനിമയങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നൊരാൾ. അതിനി ചായയും പലഹാരങ്ങളുമായി സെൻട്രൽ ഹാളിലായിക്കോട്ടെ, അല്ലെങ്കിൽ മദർ തെരേസ ക്രെസന്റിലെ 23ാം ബംഗ്ലാവിലായിക്കോട്ടെ നേതൃത്വം അദ്ദേഹമായിരുന്നു. എനിക്കുറപ്പാണ് മിസ്റ്റർ ജെ.യും എ.പിയും നിന്നിലൊരു വിടവ് സൃഷ്ടിക്കും.. തീർച്ച.
മധ്യവയസിന്റെ രോഗമാണ് ഗൃഹാതുരത്വമെന്ന് ചിലർ പറയും. എങ്കിലും പ്രിയ സെൻട്രൽ ഹാൾ, നിന്റെ മര ഡെസ്കുകളിൽ നിന്ന് എത്രയോ ഓർമകളെനിക്കിനിയും ശേഖരിക്കാനുണ്ട്. പാർലമെന്റിലെ ഏറ്റവും മനോഹരമായ സമയങ്ങൾ നിനക്കൊപ്പമായിരുന്നെന്ന് ഉറപ്പ്. അതൊരു പക്ഷേ ചായയോ പലഹാരമോ ഉള്ളതുകൊണ്ടല്ല, പകരം നീ നീട്ടിയ സഭാംഗത്വത്താലും ചങ്ങാത്തത്താലും മാന്യതയാലും തന്നെയായിരുന്നു.
ഈ തെരുവിനപ്പുറമുള്ള പുതിയ മേൽവിലാസത്തിലേക്ക് ഞാൻ നീങ്ങുമ്പോൾ ഞാനൊന്നു ചോദിക്കട്ടെ, സമയമത്രക്ക് മാറിമറിഞ്ഞോ.. ? എന്നും ഉത്തരം നൽകാറുള്ള നീ തന്നെ പറയൂ… ജീവിതത്തിലെ ആനന്ദ നിമിഷങ്ങൾ അവസാനിച്ചുവെന്നാണോ.. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾക്കിടയിലെ മത്സരം തികഞ്ഞ ശത്രുതയായി പരിണമിച്ചോ? സഹവർത്തിത്വത്തിന്റെ പാഠങ്ങളെ പാർലമെന്റിനും വീണ്ടും പഠിപ്പിക്കേണ്ട സമയം ആസന്നമായിട്ടുണ്ടോ ? പാർലമെന്റിനകത്തു വേണ്ട മാന്യതയെ കുറിച്ച് ഭരണകക്ഷിയിലെ ഉന്നത നേതാക്കൾക്കറിയുമോ? പാർലമെന്റിനു പുറത്തുള്ള മാന്യതയെ കുറിച്ചോ? ആനന്ദത്തിന്റെ ഇടങ്ങളിലിരിക്കുന്ന അരുൺ ജെയ്റ്റ്ലിയോടും അഹ്മദ് പട്ടേലിനോടും സുഷമാ സ്വരാജിനോടും ഇപ്പോഴത്തെ നേതാക്കൾക്കായി അവരുടെ രാഷ്ട്രീയ സൂത്രങ്ങൾ വിശദീകരിച്ചുകൊണ്ട് വാട്സാപ്പിലൊരു ഗ്രൂപ്പ് മെസേജ് അയക്കാൻ നീ പറയുമോ?
എന്തിനാണ് ഉത്തരമേതുമില്ലാതെ എന്നെ നോക്കുന്നത്.. മുഖം തിരിക്കണ്ട. നീയാണ് മറുപടി നൽകേണ്ടത്.
Content Highlights:Today's Article in sep 17 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."