തെലങ്കാനയില്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക്, മുന്‍മന്ത്രിയും ബി.ആര്‍.എസ് വിട്ടു; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്
ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസില്‍നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ആര്‍.എസ് നേതാവുമായ തുമ്മല നാഗേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലെത്തിയത്. മുന്‍ എം.എല്‍.എമാരായ വെമുല വീരേശ്വം, യെന്നം ശ്രീനിവാസ് റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ബി.ജെ.പി സംസ്ഥാനനേതാക്കളുമായി ഉടക്കിയതിനത്തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ജിട്ട ബാലകൃഷ്ണ റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കരിംനഗറില്‍ നിന്നുള്ള മുന്‍ ലെജിലിസ്ലേറ്റിവ് കൗണ്‍സില്‍ (എം.എല്‍.സി) അംഗം സന്തോഷ് കുമാറും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി ഇന്നലെ തെലങ്കാനയിലെ ഹൈദരാബാദില്‍ തുടങ്ങിയതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്ന നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്.
തുമ്മല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് കരുതുന്നത്. ഇന്ന് വൈകീട്ടോടെ പ്രവര്‍ത്തക സമിതിയുടെ സമാപനത്തോടനുബന്ധിച്ച് പാര്‍ട്ടി കൂറ്റന്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. ഈ യോഗത്തില്‍ വച്ച് തുമ്മലയെക്കൂടാതെ കൂടുതല്‍ നേതാക്കള്‍ അംഗത്വമെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേതാക്കളുടെ വരവ് തെരഞ്ഞെടുപ്പില്‍ ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ 50 നേതാക്കളെങ്കിലും ബി.ആര്‍.എസില്‍നിന്നും മറ്റുമായി കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും കാറുമാറിയവരില്‍ ഉള്‍പ്പെടും.
നേരത്തെ ബി.ആര്‍.എസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലെത്തിയപ്പോഴും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു അംഗത്വം നല്‍കിയത്. മുന്‍ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം.എല്‍.എമാരായ പന്യം വെങ്കിടേശ്വരലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡ്ഡി തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
നവംബറിലോ ഡിസംബറിലോ ആകും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനം ഏതുവിധേനയും പിടിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ ലക്ഷ്യംമുന്നില്‍ക്കണ്ടാണ് തെലങ്കാനയില്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുകൂട്ടിയത്. ഇതിന് വേണ്ടി മാസങ്ങളായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് ക്യാംപ് ചെയ്തുവരികയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായ കെ.ചന്ദ്രശേഖര്‍ റാവു, നിലവില്‍ 'ഇന്‍ഡ്യ' മുന്നണിയോടൊപ്പമില്ല. മുന്നണി യോഗത്തിലേക്ക് ബി.ആര്‍.എസിനെ ക്ഷണിച്ചിരുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."