സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജസ്റ്റിസ് ദീപക് ഗുപ്ത 'യു.എ.പി.എ ദുരുപയോഗം മൂലം നിരപരാധികള്‍ ജയിലിലാകുന്നു'
ന്യൂഡല്‍ഹി: നമ്മളെല്ലാം മനുഷ്യരല്ലാതായിപ്പോയോയെന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമി ജയിലില്‍ മരിച്ചത് പരാമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത.
യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് നിരപരാധികള്‍ ജയിലിലാകാന്‍ കാരണമാകുന്നതായും ഈ നിയമങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു. പാര്‍കിന്‍സണ്‍സ് രോഗിയായിരുന്ന 84 കാരനായ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചത് മനുഷ്യത്വം നമുക്ക് നഷ്ടമായ നടപടിയായിരുന്നു. മേല്‍ക്കോടതികളുടെ അധികാരം ഇത്തരക്കാര്‍ക്ക് ജാമ്യം നല്‍കാന്‍ ഉപയോഗിക്കണം.
സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും നാടുവിടാതിരിക്കാനുമാണ് പ്രതികളെ തടവിലാക്കുന്നത്. മറ്റുള്ളവര്‍ക്ക് ജാമ്യം നല്‍കണം. ആസിഫ് ഇഖ്ബാല്‍, നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി നടപടി വാഴ്ത്തപ്പെടണം.
സി.എ.എ പ്രതിഷേധത്തിനിടെ റോഡ് തടഞ്ഞതും സമരം നടത്തിയതുമൊന്നും യു.എ.പി.എ ചുമത്താന്‍ കാരണമല്ല. ദുരുപയോഗം തടയുന്ന വിധത്തിലാണ് ഭീകരതയ്‌ക്കെതിരായ നിയമങ്ങള്‍ തയാറാക്കേണ്ടത്.
ആളുകള്‍ വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി കഴിയുന്നതില്‍ ആശങ്കയുണ്ട്. ഒരു കേസില്‍ മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞത് 9 വര്‍ഷമാണ്. സൂറത്തിലെ ഒരു കേസില്‍ 122 പേര്‍ ജയില്‍മോചിതരായത് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ്. നടാഷ നര്‍വാളിന് ജാമ്യം കിട്ടിയെങ്കിലും അവര്‍ തടവിലിരിക്കേ പിതാവ് മരിച്ചു. സിദ്ദീഖ് കാപ്പന്‍ ജയിലിലിരിക്കേ മാതാവ് മരിച്ചു. സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ചികിത്സ ഉറപ്പാക്കാന്‍ ബോംബെ ഹൈക്കോടതി കഴിയുന്നതെല്ലാം ചെയ്തുവെന്നതില്‍ സംശയമില്ലെന്നും ജ. ഗുപ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."