മതംമാറിയ ദലിതര്‍ക്ക് എസ്.സി പദവി; കേന്ദ്രം കമ്മീഷനെ നിയോഗിച്ചു
ന്യൂഡല്‍ഹി: മതംമാറിയ ദലിതര്‍ക്ക് പട്ടികജാതി (എസ്.സി) പദവി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. സിഖ്, ബുദ്ധ മതങ്ങള്‍ ഒഴികെയുള്ള ഏതെങ്കിലും മതങ്ങളിലേക്ക് മാറിയ ദലിതര്‍ക്ക് പട്ടികജാതിക്കാര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ നല്‍കാമോയെന്ന് കമ്മീഷന് പരിശോധിക്കും.
മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് കമ്മീഷന് തലവന്‍. യു.ജി.സി അംഗം പ്രൊഫ. സുഷ്മ യാദവ്, റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫിസര്‍ രവീന്ദര്‍കുമാര്‍ ജെയിന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമാണ് പട്ടികജാതി പദവി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ നിയമം ചോദ്യംചെയ്ത നിരവധി ഹരജികളില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.
മറ്റു മതങ്ങളിലേക്ക് മാറിയാലും സാമൂഹികമായ പിന്നോക്കാവസ്ഥ തുടരുന്നതിനാല്‍ പരിവര്‍ത്തിത ദലിതുകളെ ജനിച്ച മതത്തിന്റെ ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നിരവധി സ്വതന്ത്ര കമ്മീഷന് റിപോര്‍ട്ടുകള്‍ ഇതിന് ഉപോല്‍ബലകമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."