അസം- മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം, വെടിവയ്പ് ആറ് അസം പൊലിസുകാര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി/ഐസ്വാള്‍: അസം- മിസോറം അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ ആറു അസം പൊലിസുകാര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്ക്.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തിതര്‍ക്കം സംഘര്‍ഷത്തിലും തുടര്‍ന്ന് വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു. അസമിലെ ചാച്ചാര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവയ്ക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞദിവസം ഷില്ലോങ്ങില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അതിര്ത്തിപ്രശ്നങ്ങള് പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്.
സംഭവത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ പ്രതികരണവുമായി രംഗത്തെത്തി. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് അമിത്ഷായെ ടാഗ് ചെയ്ത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു.
മിസോറമിലേക്ക് വരികയായിരുന്ന നിരപരാധികളായ ദമ്പതികളെ ചാച്ചാറില്‍ വച്ച് ഒരുസംഘം കൈയേറ്റം ചെയ്തതായും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സംഘര്‍ഷത്തിന്റെ വിഡിയോയും മിസോറം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. തങ്ങളുടെ പൊലിസ് പിന്മാറുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നാണ് കോലാസിബ് എസ്.പി പറയുന്നതെന്നും എങ്ങനെയാണ് ഇങ്ങനെ സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നും മിസോറം മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ദയും ട്വീറ്റ് ചെയ്തു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുമുഖ്യമന്ത്രിമാരും സംസാരിച്ചതായി പിന്നാലെ ഹിമന്ദ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മിസോറമിലെ ഐസ്വാള്‍, കോല്സിബ്, മാമിത് ജില്ലകളിലായി അസമുമായി 164.6 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."