ഫൗജാസിങ്ങിന്റെ വിശേഷങ്ങള്‍
ഫൗജാസിങ്ങിന്റെ വിശേഷങ്ങള്‍
തിങ്കള്‍ ദിശ
എം.വി സക്കറിയ
നല്ലൊരു മനുഷ്യനായിരുന്നു. ഹാ കഷ്ടം, പക്ഷെ, ഇങ്ങനെയായിപ്പോയി ഇപ്പോള്‍ 24 മണിക്കൂറും കള്ളു കുടിച്ചു വെളിവില്ലാതെ നടക്കുന്നു. മകന്റെ അപകടമരണത്തിനു ശേഷമാണ് ഇങ്ങനെയൊക്കെയായിത്തീര്‍ന്നത്. മനുഷ്യന് സഹിക്കാനാവാത്ത ദുഃഖാനുഭവങ്ങളുണ്ടായാല്‍ അങ്ങനെയൊക്കെ സംഭവിക്കുമായിരിക്കും' . ഉറ്റവരുടെ മരണമോ ബിസിനസിലെ പരാജയമോ പ്രണയനൈരാശ്യമോ ഒക്കെ കാരണം മനുഷ്യര്‍ ഇങ്ങനെ നശിച്ചു പോകുന്നതിന്റെ കഥകള്‍ നമുക്ക് ചുറ്റും പലതുണ്ടല്ലോ. ഫൗജാസിങ് എന്ന വ്യക്തിയ്ക്കുമുണ്ടായി ചില സങ്കടാനുഭവങ്ങള്‍. അഞ്ചാമത്തെ മകനായ കുല്‍ദീപ് ഒരപകടത്തില്‍ മരിക്കുന്നതിന് ആ പിതാവ് ദൃക്‌സാക്ഷിയായി. സമീപ വര്‍ഷങ്ങളില്‍ ഫൗജാസിങ്ങിന്റെ മൂത്ത മകളും ഭാര്യയും മരണമടഞ്ഞിരുന്നു. ആ സങ്കടങ്ങളൊക്കെ മറക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗമാണ് നമ്മുടെ ചിന്താവിഷയം. ഓട്ടം! ദീര്‍ഘദൂര ഓട്ടം!!
1990 കളില്‍ ഫൗജാസിങ് താമസം ഇംഗ്ലണ്ടിലേക്ക് മാറ്റിയിരുന്നു. മറ്റൊരു മകനോടൊപ്പമായിരുന്നു താമസം. അന്ന് അദ്ദേഹത്തിന് പ്രായം എത്രയെന്നോ? 84 വയസ്സ്! അക്കാലത്താണ് അദ്ദേഹം പഴയ ഹോബി പൊടിതട്ടിയെടുത്തത്. യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ അദ്ദേഹം ഓടുമായിരുന്നു. പക്ഷേ 35 വയസ്സു കഴിഞ്ഞ് തീരെ നിര്‍ത്തി. ചെറുപ്പകാലത്തെ ഓട്ടത്തിനു പിന്നിലുമുണ്ട് മറ്റൊരു കൗതുകം. ജന്മനാ ഫൗജാസിങ്ങിന്റെ കാലുകള്‍ ബലഹീനമായിരുന്നു അഞ്ചുവയസ്സുവരെ ശരിയായി നടക്കാന്‍ കഴിയുമായിരുന്നില്ല. കാലുകള്‍ തീരെ മെലിഞ്ഞതും ശക്തികുറഞ്ഞതും ആയിരുന്ന ഫൗജയെ കൂട്ടുകാര്‍ രോഗി എന്ന ഓമനപ്പേരില്‍ വിളിക്കുമായിരുന്നു. ക്രമേണ ചലനശേഷി മെച്ചപ്പെട്ടപ്പോഴാവട്ടെ നടത്തത്തേക്കാള്‍ അവനെളുപ്പം ഓട്ടമായിരുന്നു എന്നത് മറ്റൊരു കൗതുകം!!
എണ്‍പത്തൊന്‍പത്താമത്തെ വയസിലാണ് പൂര്‍ണ്ണ ഗൗരവത്തോടെ അദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളില്‍ ശ്രദ്ധവെച്ചത്. രണ്ടായിരാമാണ്ടില്‍, പുതിയ സഹസ്രാബ്ദത്തില്‍ ഫൗജാസിങ് ലണ്ടന്‍ മാരത്തോണില്‍ പങ്കെടുത്തു. 20 കിലോമീറ്റര്‍ അനായാസം ഓടിയ സിംഗ് കരുതിയത് മൊത്തം 26 കിലോമീറ്റര്‍ മാത്രമേ മൊത്തം ഓടേണ്ടതുള്ളൂ എന്നായിരുന്നു. പക്ഷേ സത്യത്തില്‍ മാരത്തോണ്‍ 26 മൈല്‍സ് ആണ്. അതായത് 42 കിലോമീറ്റര്‍. അബദ്ധം തിരിച്ചറിഞ്ഞ സിംഗ് പരിശീലനം കൂടുതല്‍ ഉഷാറാക്കി. തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ ആറു മണിക്കൂറും 54 മിനിറ്റും എടുത്ത് ഫൗജാസിങ് മാരത്തോണ്‍ പൂര്‍ത്തിയാക്കി. 90 വയസ്സ് കഴിഞ്ഞ മറ്റാരെക്കാളും 58 മിനിറ്റ് വേഗത്തിലായിരുന്നു ഈ നേട്ടം. അതായത് ലോക റെക്കോര്‍ഡ്. ലോകപ്രസിദ്ധരായ അഡിഡാസ് തങ്ങളുടെ പരസ്യപ്രചാരണത്തിന് 2004 ല്‍ സിംഗിനെ തിരഞ്ഞെടുത്തു. കൂടെയുണ്ടായിരുന്നവര്‍ ആരൊക്കെ എന്ന് കേട്ടാല്‍ ഞെട്ടും!! മഹാരഥന്മാരായ രണ്ടുപേര്‍!! സാക്ഷാല്‍ ഡേവിഡ് ബെക്കാമും മുഹമ്മദ് അലിയും!!
നൂറു വയസ്സായപ്പോഴുള്ള മറ്റൊരു നേട്ടം നമ്മെ അതിശയിപ്പിക്കും. കാനഡയില്‍ ടൊറന്റോയില്‍ നടന്ന സ്‌പെഷ്യല്‍ മാസ്റ്റേഴ്‌സ് അസോസിയേഷന്‍ മത്സരത്തില്‍, ശതാബ്ദി പിന്നിട്ടവരുടെ വിഭാഗത്തില്‍ ഒറ്റ ദിവസം കൊണ്ട് എട്ട് റെക്കോര്‍ഡുകളാണ് ഫൗജാസിങ് തിരുത്തിക്കുറിച്ചത്. 2012 ല്‍ ഒളിമ്പിക് ദീപശിഖയേന്താനും സിംഗിന് ഭാഗ്യമുണ്ടായി. അതായത് 101 ആമത്തെ വയസ്സില്‍!! ഒരു മീറ്ററും 72 സെന്റീമീറ്ററുമാണ് സിംഗിന്റെ ഉയരം. ഭാരമാവട്ടെ, 52 കിലോഗ്രാം മാത്രം. പുകവലിയില്ല. മദ്യപാനമില്ല. ഭക്ഷണം വെജിറ്റേറിയന്‍. അതും തികച്ചും ലളിതമായ രീതിയില്‍മാത്രം. വറുത്തതും പൊരിച്ചതുമൊന്നും ഇല്ലേയില്ല.
ധാരാളം വെള്ളം കുടിക്കും. നേരത്തെ ഉറങ്ങും. നെഗറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരാന്‍ അനുവദിക്കുകയേ ഇല്ലെന്ന് വ്യക്തമാക്കുന്നു ഫൗജാസിങ്. തലപ്പാവ് കെട്ടിയ കൊടുങ്കാറ്റ് എന്നാണ് സിങ്ങിനെ ബ്രിട്ടനില്‍ വിശേഷിപ്പിക്കുക. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എന്തൊക്കെയാണ് വിജയരഹസ്യങ്ങള്‍? 'സംഘര്‍ഷങ്ങളില്‍നിന്നൊഴിഞ്ഞ് ആരോഗ്യകരമായി ജീവിക്കുക. കൈവന്ന എല്ലാറ്റിനും നന്ദിയുള്ളവനായിരിക്കുക നെഗറ്റീവ് ആയ വ്യക്തികളില്‍ നിന്ന് അകന്നു നില്‍ക്കുക. പുഞ്ചിരിക്കുക. ഓടിക്കൊണ്ടേയിരിക്കുക' ഫൗജാസിങ്ങിന്റെ കാഴ്ചപ്പാടുകളും ഭക്ഷണരീതിയും പരിശ്രമശീലവും ഓട്ടവുമൊന്നും അതേപോലെ പിന്തുടരാന്‍ നമുക്ക് പറ്റില്ലായിരിക്കാം. എന്നാലും അവയിലെ ചില അംശങ്ങളൊക്കെ നമ്മെ സ്വാധീനിക്കുകയാണെങ്കിലോ?. നെഗറ്റീവ് കാഴ്ചപ്പാട് തിരുത്താന്‍ സഹായിക്കുകയാണെങ്കിലോ? ദുരനുഭവങ്ങളെ തടയാന്‍ മനുഷ്യര്‍ക്ക് സാധിച്ചില്ലെന്നുവരാം. എന്നാല്‍ അവയോട് എങ്ങിനെ പ്രതികരിക്കണമെന്ന് നിശ്ചയിക്കാന്‍ നമുക്ക് സാദ്ധ്യമാവേണ്ടതല്ലേ. പുതിയ കാര്യങ്ങള്‍ പഠിക്കണമെന്നും പരിശീലിക്കണമെന്നുമൊക്കെ തീരുമാനിക്കേണ്ടതും അവ തുടര്‍ന്നുകൊണ്ടുപോവേണ്ടതും നാം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."