ഇവാൻ പുലിയാണ് കേട്ടാ...
ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം, ഇവാൻ കലിയൂഷ്നിക്ക് ഇരട്ടഗോൾ
ഈസ്റ്റ് ബംഗാളിനെ
3 – 1ന് തകർത്തു
സ്വന്തം ലേഖകൻ
കൊച്ചി • മഞ്ഞക്കടൽ ഇരമ്പിയത് വെറുതെയായില്ല. വല നിറയെ ഗോളും മനം നിറഞ്ഞ ആഹ്ലാദവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിജയത്തോടെ ഐ.എസ്.എൽ ഒമ്പതാം പതിപ്പിന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു. പതിനായിരങ്ങൾ തീർത്ത ആവേശ പെരുമ്പറയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. പകരക്കാരനായി ഇറങ്ങിയ ഇവാൻ കലിയൂഷ്നിയുടെ പ്രകടനമാണ് ഗ്യാലറിയെ ആവേശത്തിലാക്കിയത്.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം 72ാം മിനുട്ടിൽ അഡ്രിയാൻ ലൂണ സമനില പൂട്ടഴിച്ചു. 82,89 മിനുട്ടുകളിൽ ഉക്രൈൻ താരം ഇവാൻ കലിയൂഷ്നിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചത്. ബ്രസീലിയൻ താരം അലക്സ് ലിമയാണ് ബംഗാൾ ടീമിന്റെ ആശ്വാസഗോൾ നേടിയത്. 16ന് കൊച്ചിയിൽ എ.ടി.കെ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മുന്നേറ്റത്തിൽ രണ്ട് വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങിയത് – ഈ സീസണിൽ ടീമിന്റെ ഭാഗമായ ദിമിത്രിയോസ് ഡയമന്റകോസും അപോസ്‌തൊലോസ് ജിയാനുവും. മധ്യനിരയിൽ അഡ്രിയാൻ ലൂണയ്ക്കായിരുന്നു ചുമതല. പ്യൂട്ടിയയും സഹൽ അബ്ദുസ്സമദും ജീക്‌സൺ സിങ്ങും ഒപ്പംചേർന്നു. പ്രതിരോധ ഹൃദയത്തിൽ ഹോർമിപാമും മാർകോ ലെസ്‌കോവിച്ചും. ജെസെൽ കർണെയ്‌റോയും ഹർമൻജിത് ഖബ്രയും പ്രതിരോധ വശങ്ങളിൽ.
പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യം കൊടുത്ത് 4-3-3 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമനോവിച്ച് ടീമിനെ മൈതാനത്ത് വിന്യസിച്ചത്. ഈസ്റ്റ് ബംഗാളും സമാന ശൈലി പിന്തുടർന്നു.
സ്റ്റേഡിയം ഇളകിമറിഞ്ഞ മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സാണ് ഉദ്ഘാടന മത്സരത്തിന് തുടക്കം കുറിച്ചത്. മൂന്നാം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ മികച്ച മുന്നേറ്റം നടത്തിയെങ്കിലും അത് കോർണറിൽ കലാശിച്ചു. അഞ്ചാം മിനുട്ടിൽ ലൂണ ഒരുക്കിയ അവസരത്തിന് ലെസ്‌കോവിച്ച് തലവച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തുടർന്നും നിരവധി തവണ എതിർബോക്സിലേക്ക് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഈസ്റ്റ് ബംഗാൾ ഒരുക്കിയ കത്രികപ്പൂട്ട് ഭേദിച്ച് ഗോളടിക്കാൻ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ആദ്യപകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ബ്ലാസ്റ്റേഴ്സിനെയാണ് രണ്ടാം പകുതിയിൽ കണ്ടത്. തുടക്കം മുതൽ എതിർ ഗോൾമുഖത്തേക്ക് തുടർച്ചയായി പന്തെത്തിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ ഗോളിയുടെ മിന്നുന്ന പ്രകടനവും കരുത്തുറ്റ പ്രതിരോധവും ഗോളടിക്കുന്നതിൽനിന്ന് മഞ്ഞപ്പടയെ തടഞ്ഞുനിർത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കങ്ങൾ കണ്ടു. 50ാം മിനുട്ടിൽ ബോക്സിനകത്ത്നിന്ന് ജിയാനു തൊടുത്ത വോളി കമൽജിത്ത് പറന്നകറ്റി. ഈസ്റ്റ് ബംഗാളിന്റെ കളി പരുക്കനായി. ലാൽ ചാങ്നുംഗയും അങ്കിത് മുഖർജിയും തുടരെ മഞ്ഞക്കാർഡ് കണ്ടു.
മറുവശത്ത് ബ്ലാസ്റ്റേഴ്സ് സഹലിന് പകരം രാഹുലിനെ ഇറക്കി. 72ാം മിനുട്ടിൽ ഗ്യാലറി കാത്തിരുന്ന ആദ്യ ഗോളെത്തി. മൈതാന പകുതിയിൽ നിന്ന് ഖബ്രയുടെ മനോഹരമായ ക്രോസ് വലയുടെ ഇടത് ഭാഗത്തേക്ക് പറന്നിറങ്ങി പന്ത് വലയിലെത്തിച്ചു. ഐ.എസ്.എൽ സീസണിലെ ആദ്യ ഗോൾ അകാലത്തിൽ വേർപിരിഞ്ഞ തന്റെ കുഞ്ഞിന് സമർപ്പിച്ച ലൂണ വികാരഭരിതനായി. ഗാലറിയുടെ ആവേശം അടങ്ങുമുമ്പേ ജിയാനുവിന് പകരക്കാരനായി എത്തിയ ഇവാൻ കലിയൂഷ്നി ബ്ലാസ്റ്റേഴ്സിന്റെ ഗോളെണ്ണം രണ്ടാക്കി. ബിദ്യാ സാഗറിൽ നിന്ന് പന്ത് സ്വീകരിച്ച കലിയൂഷ്നി ഉജ്വലമായി ബോക്സിലേക്ക് കുതിച്ചു.
പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിന് തൊട്ടുമുന്നിൽ കയറി തൊടുത്ത ഷോട്ടിൽ കമൽജിത്തിന് മറുപടിയുണ്ടായില്ല.
88ാം മിനുട്ടിൽ അലക്സ് ലിമയിലൂടെ ബംഗാൾ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് കുറച്ചെങ്കിലും കലിയൂഷ്നിയുടെ കുതിപ്പ് തടയാൻ അവർക്കായില്ല. 89ാം മിനുട്ടിലെ കോർണർ കിക്കിനൊടുവിൽ ബോക്സിന് പുറത്ത് നിന്ന് കലിയൂഷ്നി തൊടുത്ത ഷോട്ടിൽ കമൽജിത്ത് ഒരിക്കൽ കൂടി നിസഹായനായി. ഉക്രൈൻ താരത്തിന്റെ രണ്ടാം ഗോളിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യം ജയം സ്വന്തംപേരിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."