മുട്ടില്‍ അന്വേഷണഗതി ശരിയല്ല
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സര്‍ക്കാര്‍ മരംമുറി കേസിലെ പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടിവരുമെന്ന് ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ട് 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ പ്രതികളുടെ അറസ്റ്റ് ഉണ്ടായില്ലെന്ന് വാക്കാല്‍ ആരാഞ്ഞു.
കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്നു കോടതി വ്യക്തമാക്കി. അറസ്റ്റ് ഉണ്ടാകാത്തത് അന്വേഷണം ശരിയായ ദിശയിലല്ലെന്നതിന് തെളിവാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിലപിടിപ്പുള്ള മരങ്ങള്‍ മോഷണംപോയിട്ടും പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കോടതി വിമര്‍ശിച്ചു. മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശങ്ങളുണ്ടായത്. പ്രതികളുടെ അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി അറിയിക്കണം.
കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്തുകൊണ്ടാണ് യഥാര്‍ഥ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്താത്തതെന്നും കോടതി ചോദിച്ചു. കൊവിഡ് സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാതിരുന്നത് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. ഇതൊരിക്കലും ന്യായമായ കാരണമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുട്ടിലില്‍നിന്നും വയനാട്ടിലെ മറ്റു പ്രദേശങ്ങളില്‍നിന്നും മുറിച്ചുകടത്തിയ മരങ്ങള്‍ നട്ടത് കര്‍ഷകരല്ല. അതുകൊണ്ടുതന്നെ അതു മുറിക്കാന്‍ ആര്‍ക്കും അവകാശമില്ല. സര്‍ക്കാര്‍ ഭൂമിയിലെ മരം കടത്തിയത് മോഷണമാണെന്നതില്‍ സംശയമില്ല.
പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു.
പട്ടയഭൂമിയില്‍നിന്നു മരംമുറിക്കാന്‍ അനുമതിതേടി മൂന്നാറിലെ അതിജീവന പോരാട്ടവേദി നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹരജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."