ജപ്പാനെ ലക്ഷ്യമിട്ട് വീണ്ടും ഉത്തരകൊറിയന്‍ മിസൈലുകള്‍
പ്യോങ്യാങ്: ജപ്പാനുനേരെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ഇന്നു രാവിലെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് ഏഴാം തവണയാണ് ഉ.കൊറിയ ബാലിസ്റ്റിക് പരീക്ഷണം നടത്തുന്നത്. ഒരാഴ്ച മുന്‍പ് ജപ്പാനിനുമുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതനിടെയാണ് പുതിയ സംഭവം.
ജപ്പാന്‍ പ്രതിരോധ മന്ത്രാലയമാണ് പുതിയ മിസൈല്‍ പരീക്ഷണവാര്‍ത്ത പുറത്തുവിട്ടത്. പുലര്‍ച്ചെ 1.47നായിരുന്നു ആദ്യത്തെ മിസൈല്‍ വര്‍ഷിച്ചത്. ആറു മിനിറ്റിനുശേഷം രണ്ടാമത്തെ മിസൈലും എത്തി. ഏകദേശം 100 കി.മീറ്റര്‍ ഉയരത്തില്‍ 350 കി.മീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷം ജപ്പാനോടു ചേര്‍ന്നുള്ള കടലില്‍ പതിക്കുകയായിരുന്നു.
യു.എന്‍ ഉപരോധങ്ങള്‍ മറികടന്നാണ് ഉ.കൊറിയ മിസൈല്‍, ആണവ പരീക്ഷണം തുടരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടവേളയ്ക്കുശേഷം രാജ്യം മിസൈല്‍ പരീക്ഷണം ആരംഭിച്ചത്. ജപ്പാനു മുകളിലൂടെയാണ് അന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഉ.കൊറിയ ജപ്പാനുനേരെ മിസൈല്‍ വിക്ഷേപിക്കുന്നത്. ഇന്ന് ഉ.കൊറിയ വിക്ഷേപിച്ച മിസൈലുകളിലൊന്ന് പടക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്നാണ് ജപ്പാന്‍ സീനിയര്‍ വൈസ് പ്രതിരോധ മന്ത്രി തോഷിറോ ഇനോ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."