ഒളിംപിക്‌സ് വനിതകള്‍ ചൂണ്ടിയ സത്യങ്ങള്‍
സ്വിദ്ദീഖ് നദ്‌വി ചേരൂര്‍
പ്രതിയോഗികള്‍ ഇസ്‌ലാമിനെതിരേ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ സ്ത്രീകളെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് മുഖ്യസ്ഥാനത്ത് നില്‍ക്കുന്നു. 'സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത മതം. അവരെ പ്രത്യേക വേഷവിധാനത്തില്‍ തളച്ചിടുന്ന പ്രത്യയശാസ്ത്രം'. അതുകൊണ്ടുതന്നെ വര്‍ത്തമാന കാലത്തെ ലിംഗസമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലോകത്ത് ഇസ്‌ലാം പോലുള്ള തത്ത്വശാസ്ത്രങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് അത്തരക്കാര്‍ ആണയിടുന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്നും അതിനാല്‍ സ്ത്രീക്ക് മാത്രമായി വേഷങ്ങളിലോ സഞ്ചാരസ്വാതന്ത്ര്യങ്ങളിലോ പ്രത്യേക ചട്ടങ്ങളോ ചിട്ടകളോ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് വനിതാവിമോചകരുടെ നിലപാട്. സ്ത്രീയുടെ കാര്യത്തില്‍ കേവലം അവകാശവാദങ്ങള്‍ക്കും ഉപരിവിപ്ലവപരമായ സമത്വവാദങ്ങള്‍ക്കും അപ്പുറത്ത് യാഥാര്‍ഥ്യബോധത്തിലധിഷ്ഠിതമായ, പ്രകൃതിപരമായ പരിമിതികളും പ്രത്യേകതകളും ഉള്‍ക്കൊണ്ട കാഴ്ചപ്പാടാണ് വേണ്ടതെന്ന് മതരംഗത്തുള്ളവര്‍ പറയുമ്പോള്‍, അവരെ അവഹേളിക്കാന്‍ മുന്നിലുണ്ടായിരുന്നവരില്‍ ഇപ്പോള്‍ പ്രകടമാകുന്ന തിരിച്ചറിവും അതിനനുസൃതമായ പുതിയ നീക്കങ്ങളും കൗതുകരമാണ്. മാത്രമല്ല, തങ്ങളെ യഥേഷ്ടം പുറത്തിറങ്ങാനും മറച്ചു പിടിക്കേണ്ട ഭാഗങ്ങള്‍ പരമാവധി പുറത്ത് കാണിക്കാനും പിന്തുണയും പ്രോത്സാഹനവും നല്‍കി പിന്നില്‍ കൂടിയവരുടെ ഉള്ളിലിരുപ്പ് സ്ത്രീകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് കൂടി പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു. തങ്ങളെ പ്രദര്‍ശനവസ്തുവാക്കിയും വില്‍പ്പനച്ചരക്കാക്കിയും കാര്യം നേടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും അവര്‍ കാണിക്കുന്ന ആര്‍ജവം ആശാവഹമാണെന്ന് പറയാതെ നിര്‍വാഹമില്ല. മാത്രമല്ല, മാന്യമായ വസ്ത്രധാരണ തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിതബോധവും നല്‍കുന്നുവെന്ന് കൂടി പുതിയ കാലത്തെ യൂറോപ്പിലെ പെണ്‍കുട്ടികള്‍, അതും ഒളിംപിക്‌സ് പോലുള്ള കുത്തഴിഞ്ഞ അഴിഞ്ഞാട്ടത്തിന്റെ കേളീരംഗങ്ങളായി ഗണിക്കപ്പെടുന്ന മേഖലയില്‍ വിരാജിക്കുന്നവര്‍ വിലയിരുത്തുമ്പോള്‍ എവിടെയോ മാറ്റത്തിന്റെ മണിനാദം മുഴങ്ങുകയാണോ എന്ന ജിജ്ഞാസ ഉയരുന്നതില്‍ അത്ഭുതമില്ല.
ടോക്ക്യോ ഒളിംപിക്‌സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശ്രദ്ധേയമായതിനാല്‍ അതിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. 'താരങ്ങളുടെ മെയ് വഴക്കമല്ല, മേനിയഴക് കൂടിയാണ് ഒളിംപിക് ജിംനാസ്റ്റിക്‌സിന്റെ നാളിതുവരെയുളള പ്രധാന ആകര്‍ഷണം. അഭ്യാസങ്ങള്‍ക്ക് പകരം അംഗലാവണ്യം വില്‍പനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയില്‍ ഒളിംപിക്‌സ് വേദിയിലുമെത്തി. അങ്ങനെയിപ്പോള്‍ തങ്ങളുടെ ശരീരം വില്‍പനച്ചരക്കാക്കേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജര്‍മന്‍ താരങ്ങള്‍ ടോക്ക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്നത്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പരമ്പരാഗത വേഷമായ തോള് മുതല്‍ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാര്‍ഡിന് പകരം കണങ്കാല്‍ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗളീന്‍ ഷാഫര്‍ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങള്‍ മത്സരിച്ചത്. സാധാരണയായി മതപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമായിരുന്നു ജിംനാസ്റ്റുകള്‍ കാല്‍മറയ്ക്കുന്ന വേഷം ധരിച്ച് മത്സരിച്ചിരുന്നത് '.
ഈ മനംമാറ്റം ഒളിംപിക്‌സില്‍ മാത്രം ഒതുങ്ങുന്നതോ ഇപ്പോള്‍ മാത്രം പ്രകടമായതോ അല്ലെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രകൃതിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി അടിച്ചേല്‍പ്പിച്ച ലിംഗസമത്വത്തിന്റെ വിനകള്‍ വിനാശകരമായി പാശ്ചാത്യന്‍ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് എല്ലാ മേഖലയിലേക്കും സ്ത്രീകളെ തള്ളിക്കയറ്റിയവര്‍ ആ മേഖലകളില്‍ അവര്‍ സുരക്ഷിതരും സംതൃപ്തരും ആണെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ അവിടങ്ങളിലെല്ലാം ചില പഴഞ്ചന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്നവര്‍ പരീക്ഷിച്ചു നോക്കുകയാണ്. അതിന്റെ മറ്റൊരു ഉദാഹരണമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലുണ്ടായ നടപടികള്‍. അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണില്‍ 1997- 2001 കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്ന വില്യം കോഹന്‍ അധികൃതര്‍ക്ക് നല്‍കിയ ചില നിര്‍ദേശങ്ങള്‍ പരിഷ്‌കൃത ലോകത്തെ വിമോചന പോരാളികളുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. പട്ടാളക്കാരുടെ ഭാഗത്ത് നിന്ന് അടിക്കടി ഉയര്‍ന്നുവന്ന ബലാത്സംഗം, സ്ത്രീപീഡന പരാതികളിലും ആക്ഷേപങ്ങളിലും പൊറുതിമുട്ടിയെന്നോണമാണ് അവര്‍ ഇത്തരം നടപടികള്‍ക്ക് മുതിര്‍ന്നത്. പട്ടാളത്തിലുള്ള സ്ത്രീപുരുഷ ഉദ്യോഗസ്ഥര്‍ക്ക് വെവ്വേറെ താമസിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ പണിയണം. ഇത്തരം കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നിലവിലുള്ള താമസസ്ഥലങ്ങളില്‍ ഇരുവിഭാഗങ്ങളും നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ ഭിത്തികള്‍ പണിയണം!
അതുപോലെ അമേരിക്കന്‍ നാവികസേനയ്ക്ക് നല്‍കിയ കടുത്ത നിര്‍ദേശങ്ങളില്‍ പുരുഷ ഓഫിസര്‍മാര്‍ വനിതാ ഉദ്യോഗസ്ഥരുമായി അടച്ച മുറികള്‍ക്കകത്തോ മറ്റു ഒഴിഞ്ഞ സ്ഥലങ്ങളിലോ നേരില്‍ സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നു. ഓരോവിഭാഗവും അവരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനും പ്രതിരോധമന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അംഗങ്ങള്‍ക്ക് സുരക്ഷിതത്വബോധം നല്‍കാനും ഉദ്ദേശിച്ചാണ് ഈ നിര്‍ദേശങ്ങളെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
ഇതൊക്കെ തന്നെയാണല്ലോ മതവാദികളും വിശിഷ്യാ മുസ്‌ലിംകളും ലോകത്തോട് പറഞ്ഞു കൊണ്ടിരുന്നത്. സ്ത്രീയും പുരുഷനും തമ്മില്‍ പ്രകൃത്യാ തന്നെ ചില വിരുദ്ധഘടകങ്ങളുണ്ട്. അതിനാല്‍ അവര്‍ പരസ്പരം അടുത്തിടപഴകുന്നതിനും ഒന്നിച്ച് കഴിയുന്നതിനും അവസരം ഒരുക്കുമ്പോള്‍ ധാര്‍മികവും സദാചാരപരവുമായ ചില സീമകള്‍ നിശ്ചയിക്കപ്പെടണം. ഇല്ലെങ്കില്‍ അരുതായ്മകള്‍ സംഭവിക്കാം. അതുവഴി വ്യക്തിവിശുദ്ധിയും കുടുംബഭദ്രതയും തകരും. അതിനാണ് വേഷത്തിലും സാമീപ്യത്തിലുമെല്ലാം ചില മുന്‍കരുതല്‍ നടപടികള്‍ ഇസ്‌ലാം നിര്‍ദേശിച്ചത്. അവ ദഹിക്കാതെ സ്വച്ഛഗമനത്തിന് മുറവിളി കൂട്ടിയവരാണിപ്പോള്‍ സ്വയം ചില നിയന്ത്രണങ്ങളും അതിര്‍വരമ്പുകളുമായി മുന്നോട്ട് വരുന്നത്.
സ്ത്രീകളുടെ ധര്‍മവും മേന്മയും വ്യതിരിക്തതയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും ഉണര്‍ത്തിയ കാര്യങ്ങളെ ആറാം നൂറ്റാണ്ടിന്റെ അറുപഴഞ്ചന്‍ ആശയങ്ങളായി ചിത്രീകരിച്ചു അപഹസിക്കാന്‍ ശ്രമിച്ചവര്‍ തന്നെ പ്രത്യാഘാതങ്ങള്‍ വന്നു വാതില്‍ക്കല്‍ മുട്ടിയപ്പോള്‍ അവയില്‍ പലതും സ്വാംശീകരിക്കാന്‍ വെമ്പുന്നത് കാലത്തിന്റെ കാവ്യനീതിയായി കണക്കാക്കാം. പ്രകൃതി നിയമങ്ങളെ നിഷേധിച്ചും നിരാകരിച്ചും ആര്‍ക്കും അധികകാലം മുന്നോട്ട് പോകാനാവില്ലെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അപഥ സഞ്ചാരം നിര്‍ത്തിവച്ചു പലര്‍ക്കും തിരിച്ചുനടക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."