ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നവംബർ മുതൽ നികുതി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • എല്ലാ വാഹനങ്ങളിലും ജി.പി.എസ് നിർബന്ധമാക്കാൻ തീരുമാനം. വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. എ.ആർ.ഐ അംഗീകാരമുള്ള നിർമാതാക്കളുടെ ജി.പി.എസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിനെ യോഗം ചുമതലപ്പെടുത്തി.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഫ്രീ മൂവ്‌മെന്റ് അനുവദിച്ച ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശം റദ്ദാക്കി തമിഴ്‌നാട് മാതൃകയിൽ കേരളത്തിലും വാഹനനികുതി ഈടാക്കാൻ തീരുമാനിച്ചു. നവംബർ ഒന്നു മുതൽ ഈ വാഹനങ്ങൾക്ക് നികുതി ഈടാക്കും. അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ നവംബർ ഒന്നു മുതൽ കേരളത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റണം. വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാഹനങ്ങളെ കർശനമായി പരിശോധിക്കും. ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് കർശന പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലെ ട്രെയിനിങ്ങിന് ശേഷം മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് ലൈസൻസ് റദ്ദാക്കപ്പെടുന്നവരും കോഴ്‌സ് പൂർത്തിയാക്കണം.
അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം ഒരുക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി. ഡ്രൈവർമാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിങ് ചരിത്രം പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്നത് പരിശോധിക്കും. വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രാ മാർഗനിർദേശവും കർശനമാക്കും. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് മോട്ടോർ വാഹനവകുപ്പിനെ അറിയിക്കണമെന്ന നിർദേശം സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ബാധമാക്കി പുതിയ സർക്കുലർ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവർമാരുടെയും വിവരങ്ങൾ പരിശോധിച്ച ശേഷമാവും അനുമതി. നിരന്തര നിയമലംഘനം നടത്തുന്നതോ ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണെങ്കിലും ഒട്ടേറെതവണ കേസുകളിൽപ്പെട്ട ഡ്രൈവർമാരാണെങ്കിലും യാത്ര വിലക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടന്നുവരുന്ന പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർ.ടി.ഒയെ അറിയിക്കണമെന്ന നിർദേശം പാലിക്കാത്ത സ്‌കൂൾ, കോളജ് അധികൃതർക്കെതിരേ നടപടി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."