വിഴിഞ്ഞം: അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ചു നിർമാണം തടസപ്പെട്ടതിൽ സർക്കാർ പ്രതിരോധത്തിൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെട്ടതിൽ പ്രതിരോധത്തിലായ സർക്കാർ പ്രശ്നപരിഹാരത്തിന് വഴികൾ തേടുന്നു. ലത്തീൻ അതിരൂപതയുടെ ഉപരോധ സമരം കാരണം നിർമാണം തടസപ്പെട്ടതുമൂലം 100 കോടിയുടെ നഷ്ടമുണ്ടായെന്നും അത് സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തുനൽകിയിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ചു. അദാനി പോർട്‌സ് സി.ഇ.ഒ രാജേഷ് ഝായുമായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫിസിലാണ് ചർച്ച. ആദ്യമായാണ് സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെ 78.70 കോടിയും ഇതിന്റെ പലിശയായി 19 കോടിയും ഉപയോഗിക്കാതെ നശിച്ച ഉപകരണങ്ങൾക്ക് 57 കോടിയും നഷ്ടമുണ്ടായെന്നും ഇതു സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടാണ് തുറമുഖ വകുപ്പിന് അദാനി പോർട്‌സ് കത്തുനൽകിയിരിക്കുന്നത്. ലത്തീൻ അതിരൂപതയുടെ സമരം മൂലമാണു നിർമാണം തടസപ്പെട്ടതെന്നും നഷ്ടം അവരിൽനിന്ന് നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡും (വിസിൽ) സർക്കാരിനെ അറിയിച്ചു. രാഷ്ട്രീയപാർട്ടികളുടെ സമരം മൂലം പൊതുമുതലിന് നഷ്ടം സംഭവിച്ചാൽ അതു പാർട്ടികളിൽ നിന്ന് ഈടാക്കാൻ കോടതി വിധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിൽ സർക്കാരിനെ സമീപിച്ചത്.
അതേസമയം, സമരത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതാകും പ്രധാന ചർച്ചയാകുക. കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ലത്തീൻ അതിരൂപതയുമായുളള തർക്കത്തിൽ ഇടപെടേണ്ടയെന്നുമാണ് തന്റെ ഉദ്യോഗസ്ഥർക്ക് ഗൗതം അദാനിയുടെ നിർദേശം. സമരക്കാരെ പിണക്കാതെ കോടതി വഴിയും ചർച്ചയിലൂടെയുമുള്ള സമവായ സാധ്യതയാകും സർക്കാർ തേടുക.
അതിനിടെ, തുറമുഖ നിർമാണത്തിലുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽനിന്ന് ഈടാക്കണമെന്ന വിസിലിന്റെ കത്തിനെതിരേ ലത്തീൻ അതിരൂപത വികാരി ജനറാൾ ഫാ. യൂജിൻ പെരേര രംഗത്തെത്തി. വിസിൽ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവർത്തിക്കുന്നു. പദ്ധതിമൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടായ കോടികളുടെ നഷ്ടം ആര് നികത്തും? അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."