ലോക കുതിരയോട്ട മല്‍സരത്തില്‍ ഇന്ത്യക്ക് അഭിമാനമായ നിദാ അന്‍ജുമിനെ ആദരിച്ചു
ദുബൈ: ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് ഇക്വസ്ട്രിയന്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ 120 കി.മീറ്റര്‍ കുതിരയോട്ട മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രവാസി വിദ്യാര്‍ത്ഥിനി നിദാ അന്‍ജും ചേലാട്ടിന് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വര്‍ണാഭ ചടങ്ങില്‍ സ്‌നേഹാദരം നല്‍കി ആദരിച്ചു. ദുബൈ മലപ്പുറം ജില്ലാ കെഎംസിസിയും തിരൂര്‍ മണ്ഡലം വനിതാ വിംഗും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഡിഎം ആസ്റ്റര്‍ ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. മനക്കരുത്തും കഠിന പ്രയത്‌നവും ഇഛാശക്തിയും കൈമുതലാക്കിയാല്‍ സ്ത്രീ സമൂഹത്തിന് സാധ്യമാവാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ഫ്രാന്‍സില്‍ ഇന്ത്യക്കായി നിദാ അന്‍ജും ദീര്‍ഘ ദൂര കുതിരയോട്ട മത്സരത്തിലൂടെ കൈവരിച്ച നേട്ടമെന്ന് ഡോ. ആസാദ് മൂപ്പന്‍ തന്റെ ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഈയിനത്തില്‍ പങ്കെടുക്കാാന്‍ അവസരം ലഭിക്കുന്ന ആദ്യ വനിത മലപ്പുറത്തുകാരിയായതില്‍ നമുക്കേറെ അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. കുട്ടിക്കാലം മുതല്‍ കുതിര സവാരിയോട് താല്‍പര്യം കാണിച്ചിരുന്ന നിദാ അന്‍ജും 13-ാം വയസ്സിലാണ് ഹോഴ്‌സ് റേസിംഗ് പരിശീലനത്തിലേക്ക് തിരിയുന്നത്. പരിശീലനം പൂര്‍ത്തിയാക്കി 17-ാം വയസ് മുതല്‍ യുഎഇയിലും വിദേശ രാജ്യങ്ങളിലും പങ്കെടുത്ത എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പുകളുടെ ആത്മവിശ്വാസത്തിലാണ് 2023 സെപ്തംബര്‍ 2ന് ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് ഇക്വസ്ട്രിയന്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ഇന്ത്യന്‍ വനിതയായി മത്സര രംഗത്തിറങ്ങി. കാടും മേടും മലമടക്കുകളും വയലേലകളും ജലാശയങ്ങളും താണ്ടി 120 കി.മീ മറികടന്ന് വിജയകരമായി ഫിനിഷ് ചെയ്യുമ്പോള്‍ ഈ മത്സരയിനത്തില്‍ പുതിയ ചരിത്രം രചിക്കുകയായിരുന്നു നിദാ അന്‍ജുമെന്ന ഇരുപതിയൊന്നുകാരി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഉപാധ്യക്ഷനും മിഡില്‍ ഈസ്റ്റില്‍ വ്യപിച്ചു കിടയ്ക്കുന്ന ബിസിനസ് ശ്യംഖലയായ റീജന്‍സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ മലപ്പുറം ജില്ലയിലെ തിരൂര്‍ കല്‍പകഞ്ചേരി സ്വദേശി ഡോ. അന്‍വര്‍ അമീന്റെ പുത്രിയാണ് നിദ.
നിദാ അന്‍ജുമിനുള്ള മെമെന്റോകള്‍ ആസാദ് മൂപ്പന്‍ (മലപ്പുറം ജില്ലാ കെഎംസിസി), എഫ്എംസി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.പി ഹുസൈന്‍ (തിരൂര്‍ മണ്ഡലം കെഎംസിസി), ഡോ. ഫൗസിയ ഷെര്‍ഷാദ് (ദുബൈ കെഎംസിസി വനിതാ വിംഗ്), സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ (ദുബൈ കെഎംസിസി), സേഫ്റ്റി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ബഷീര്‍ പടിയത്ത് (കല്‍പകഞ്ചേരി പഞ്ചായത്ത് കെഎംസിസി) എന്നിവര്‍ വിതരണം ചെയ്തു. സി.കെ മജീദ്, ഷംസുന്നിസാ ഷംസുദ്ദീന്‍, അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവര്‍ പൊന്നാട അണിയിച്ചു. സുബൈര്‍ കുറ്റൂര്‍ നിദാ അന്‍ജുമിനെ സദസ്സിന് പരിചയപ്പെടുത്തി. എഎകെ ഗ്രൂപ് എംഡി മുസ്തഫ അല്‍ഖത്താല്‍, ഷാജി ഹനീഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. കെഎംസിസിസി നേതാക്കളായ മുസ്തഫ തിരൂര്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ആര്‍.ശുക്കൂര്‍, കെ.പി.എ സലാം, ഇസ്മായില്‍ അരൂക്കുറ്റി, എ.സി ഇസ്മായില്‍, പി.വി നാസര്‍, വനിതാ വിംഗ് നേതാക്കളായ സഫിയ മൊയ്തീന്‍, റീന സലീം എന്നിവര്‍ അനുമോദന സന്ദേശങ്ങള്‍ അറിയിച്ചു. സിദ്ദീഖ് കാലൊടി സ്വാഗതവും നൗഷാദ് പറവണ്ണ നന്ദിയും പറഞ്ഞു. ജില്ലാ കെഎംസിസി നേതാക്കളായ ഒ.ടി സലാം, കരീം കാലടി, എ.പി നൗഫല്‍, മുജീബ് കോട്ടക്കല്‍, സക്കീര്‍ പാലത്തിങ്ങല്‍, ഫഖ്‌റുദ്ദീന്‍ മാറാക്കര, ശിഹാബ് ഇരിവേറ്റി, അബ്ദുല്‍ സലാം പരി, ജൗഹര്‍ മൊറയൂര്‍, അമീന്‍ കരുവാരക്കുണ്ട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."