തമിഴ്‌നാട്ടിലെ മഴയില്‍ താളം തെറ്റുന്നത് മലയാളിയുടെ ബജറ്റ്; കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു
കൊണ്ടോട്ടി: തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുമ്പോള്‍ താളം തെറ്റുന്നത് തമിഴന്മാരുടെ ജീവിതമല്ല. അയല്‍വാസിയായ മലയാളിയുടെ ബജറ്റാണ്. കാരണം വിലക്കയറ്റം തന്നെ. മഴ പെയ്യുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതിയെ ബാധിക്കുന്നു. ക്ഷാമം നേരിടുന്നു. കേരളത്തില്‍ പച്ചക്കറിക്ക് വില കുത്തനെ കൂടുന്നു.
മിക്ക ജില്ലകളിലും പച്ചക്കറികള്‍ക്ക് വിലക്കയറ്റവും ക്ഷാമവും രൂക്ഷമാണ്. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ വന്‍ വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
കര്‍ണാടകയില്‍ നിന്നും പച്ചക്കറി വരുന്നുണ്ട്. എന്നിട്ടും ഓണക്കാലത്ത് ഉയര്‍ന്ന വില താഴുന്നില്ലെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. പലതിനും ഓണക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയോ അതിലധികമോ ആണ് വില.
കിലോഗ്രാമിന് 50 രൂപ വിലയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ 70ലധികമാണ്. ബീന്‍സിന് 50ല്‍ നിന്ന് 70ലേക്ക് ഉയര്‍ന്നു. മുരിങ്ങക്കായ്ക്ക് 60 രൂപയായിരുന്നു ഓണക്കാലത്ത് വിലയെങ്കില്‍ ഇപ്പോള്‍ കിലോക്ക് ഇരട്ടിയിലധികമായി വര്‍ധിച്ചു. വഴുതനക്ക് 25 രൂപയില്‍ നിന്ന് 50 രൂപയായും അമരക്ക് 40ല്‍ നിന്ന് 50 രൂപയായും വര്‍ധിച്ചു. കോളിഫ്‌ളവറിനും കൈപ്പയ്ക്കും കാബേജിനും 20 രൂപയാണ് കൂടിയത്. വലിയ ഉള്ളിയുടെ വില 25 ല്‍ല്‍ നിന്ന് 35 രൂപയായും 40 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 80 രൂപയായും തക്കാളി കിലോഗ്രാമിന് 20 ല്‍ നിന്ന് 45 ആയും ചില്ലറ വിപണിയില്‍ വര്‍ധിച്ചു. 20 രൂപയായിരുന്ന മത്തന്റെ വില 35 ആയും ചിരങ്ങ 20ല്‍ നിന്ന് 40 ആയും കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."