കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത ചൊവ്വാഴ്ച; ഖാര്‍ഗെയും തരൂരും അവസാന ഘട്ട പ്രചാരണത്തിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ അവസാന ഘട്ട പ്രചാരണത്തിലേക്ക് കടന്നു. അപ്രഖ്യാപിത ഔദ്യോഗിക സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ശശി തരൂര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടിക്കകത്തെ പരിഷ്‌കരണ വിഭാഗമായ -ജി23യെ കൂടെനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പ്രചാരണം അവസാനഘട്ടിലേക്ക് നീങ്ങുമ്പോള്‍ പിന്തുണയ്ക്കുന്നുവരുടെ എണ്ണം വര്‍ധിച്ചത് ശശി തരൂരിന് നല്‍കുന്ന ആശ്വാസം ചെറുതല്ല.
പരസ്യമായി തരൂരിനെ പിന്തുണയ്ക്കുന്നവര്‍ വളരെ കുറവാണെങ്കിലും രഹസ്യ വോട്ടിങില്‍ എത്രമാത്രം അടിയൊഴുക്കുണ്ടാവുമെന്ന് കണ്ടറിയണം. ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ രംഗത്തുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ മികച്ച മാര്‍ജിനില്‍ തിളക്കമാര്‍ന്ന വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. തോറ്റാലും തരൂര്‍ പിടിക്കുന്ന വോട്ടുകളുടെ എണ്ണത്തിന് വളരെ പ്രധാന്യമുണ്ട്.
നിലവിലുള്ള സംഘടനാപ്രവര്‍ത്തന രീതികളില്‍ നിന്നുള്ള പരിഷ്‌കരണമാണ് തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. പുതിയ കാലത്ത് സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ശക്തമായ ബദല്‍ ആശയപ്രചാരണങ്ങള്‍ വേണമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രാന്തരീയ വ്യക്തിപ്രഭാവവും കാഴ്ചപ്പാടുകളും തന്നെയാണ് ശശി തരൂരിന്റെ മുതല്‍ക്കൂട്ട്. നിലവിലെ രീതിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് തരൂരിന്റെ അഭ്യര്‍ത്ഥന. ഇതിന് എത്രത്തോളം സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് പ്രവചിക്കുക അസാധ്യം. യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നേതൃത്വത്തിനുണ്ടായ കാലവിളംബമാണ് തരൂരിന് അനുകൂലമായ മറ്റൊന്ന്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ശേഷമാണ് മല്‍സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.
ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരിചയ സമ്പത്ത് തന്നെയാണ് ഏറ്റവും വലിയ മുതല്‍ക്കൂട്ട്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഖാര്‍ഗെ നിലവില്‍ 2020 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു. എന്നാല്‍ 80കാരനായ ഖാര്‍ഗെയുടെ പ്രായക്കൂടുതല്‍ തന്നെയാണ് അദ്ദേഹത്തിന്റെ പരിമിതിയായി എതിര്‍ക്യാംപ് ഉയര്‍ത്തുന്നത്. യുവാക്കളെയും നിലവിലെ നേതൃത്വത്തില്‍ അസംതൃപ്തിയുള്ളവരെയുമാണ് തരൂര്‍ പ്രധാനമായും ഉന്നമിടുന്നത്. തനിക്കും ഖാര്‍ഗെക്കും ഗാന്ധി കുടുംബത്തിന്റെ ആശിര്‍വാദമുണ്ടെന്നും ഇരുവരോടും പക്ഷപാതമില്ലെന്നും തരൂര്‍ പറയുന്നുണ്ട്.
22 വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് ദയനീയമായി പരാജയപ്പെട്ട ശേഷം ആദ്യമായാണ് വോട്ടിങിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ജിതിന്‍ പ്രസാദയല്ല, ശശി തരൂരെന്നും അന്നത്തെ കോണ്‍ഗ്രസല്ല ഇതെന്നും ഗാന്ധി കുടുംബം മല്‍സരരംഗത്തില്ലെന്നുമെല്ലാം ഖാര്‍ഗെ പക്ഷത്തിന് ബോധ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പരമാവധി സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി ക്യാംപ് ചെയ്താണ് ഖാര്‍ഗെ വോട്ട് തേടുന്നത്. ഏറ്റവുമധികം എതിര്‍പ്പുള്ള കേരളത്തില്‍ നിന്ന് തന്നെ എട്ടു പേര്‍ തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഗുജറാത്തില്‍ നിന്നാണ് ഖാര്‍ഗെ പ്രചാരണം ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ 10 സംസ്ഥാനങ്ങളിലെത്താനാണ് ഖാര്‍ഗെയുടെ ശ്രമം. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലാണ് തരൂര്‍ പ്രചാരണം പൂര്‍ത്തിയാക്കിയത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മാറിനിന്നതോടെ 25 വര്‍ഷങ്ങള്‍ക്കു ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുകയാണ്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രാഹുലിന്റെ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടിലേക്ക് അദ്ദേഹമെത്തിയത്. 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയയില്‍ നിന്ന് 2017ലാണ് രാഹുല്‍ അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തിരിച്ചടി നേരിട്ടപ്പോള്‍ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് സോണിയ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റെടുത്തു. സീതാറാം കേസരിയായിരുന്നു ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള അവസാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന പ്രധാന വെല്ലുവിളിയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് ഫലം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."