ബോംബ് വർഷം തുടർന്ന് റഷ്യ ; ഊർജ സംഭരണശാലകളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം
മോസ്‌കോ • ഉക്രൈനിൽ ബോംബുവർഷം തുടർന്ന് റഷ്യ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച 84 ബോംബുകൾ വർഷിച്ചതിനു പിന്നാലെയാണ് ഇന്നലെയും ക്രൂരത തുടർന്നത്. ഉക്രൈനിലെ ഊർജ സംഭരണശാലകൾക്കും സൈനിക കേന്ദ്രങ്ങൾക്കുമെതിരേ റഷ്യ ആക്രമണം കേന്ദ്രീകരിച്ചു. ആക്രമണങ്ങളെല്ലാം ലക്ഷ്യം കണ്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
ഇക്കാര്യം ഉക്രൈൻ സ്ഥിരീകരിച്ചു. ലിവീവ് മേഖലയിലെ രണ്ടു ഊർജ സംഭരണശാലകളിൽ മൂന്നു സ്‌ഫോടനങ്ങൾ നടന്നതായി ഗവർണർ മാക്‌സിം കൊസിറ്റ്‌സ്‌കിയും മേയർ ആൻഡ്രി സദോവിയും വ്യക്തമാക്കി. ലിവീവിലെ പകുതി പ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു.
റഷ്യക്കും ക്രൈമിയക്കും ഇടയിലെ കടൽപ്പാലം കഴിഞ്ഞ ദിവസം സ്‌ഫോടനത്തിൽ തകർന്നതോടെയാണ് റഷ്യ ഉക്രൈനെതിരേ ബോംബുവർഷം കടുപ്പിച്ചത്.
തിങ്കളാഴ്ചത്തെ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടതായും 100ൽപരം പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്. കടൽപ്പാലം തകർന്നതിനു പിന്നാലെ കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."